ബെർലിൻ: സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മരം മുറിക്കുന്ന മോട്ടോർവാൾ എടുത്തു കളിച്ച യുവാക്കളിലൊരാളുടെ കൈ ഭാഗികമായി അറ്റു. ജർമനിയിലെ നോർത്ത് റൈനിലാണു സംഭവം.

18നും 22നും ഇടയിൽ പ്രായമുള്ള രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും വീടിനുള്ളിൽ പുലർച്ചെവരെ നീളുന്ന ക്രിസ്മസ് ആഘോഷത്തിലായിരുന്നു. ഒരാൾ സോഫയിൽക്കിടന്നുറങ്ങിപ്പോയി. ഇതിനിടെ മുമ്പ് ഇന്റർനെറ്റിൽ വൈറലായ ഒരു വീഡിയോ ദൃശ്യം ഓർത്തെടുത്ത ഒരു സുഹൃത്ത് മരം മുറിക്കുന്ന മോട്ടോർവാൾ(ചെയിൻസോ) ഉപയോഗിച്ച് കൂട്ടുകാരനെ ഒന്നു പറ്റിക്കാൻ തീരുമാനിച്ചു.

അമേരിക്കയിലെ ടെക്‌സാസിൽ ഒരാൾ വാനിൽ ഉറങ്ങിക്കിടക്കുന്ന തന്റെ സുഹൃത്തിനെ ചെയിൻസോ കഴുത്തിൽവച്ചു പേടിപ്പിക്കുന്നതും ഇതുകണ്ടു ചിരിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇതുപോലെ തന്റെ കൂട്ടുകാരനെയും ഒന്നു പറ്റിക്കാനായിരുന്നു ജർമൻകാരന്റെയും ഉദ്ദേശ്യം. പക്ഷേ കളി കാര്യമായിപ്പോയി.

മോട്ടോർ വാൾ എടുത്തുകൊണ്ടുവന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന കൂട്ടുകാരനു സമീപം നിന്ന് പ്രവർപ്പിക്കാൻ തുടങ്ങി. മോട്ടോർ വാളിന്റെ ശബ്ദം കേട്ട് ഉറങ്ങിക്കിടന്നിരുന്നയാൾ ഞെട്ടിയെഴുന്നേൽക്കുകയും കൈകൊണ്ട് വാൾ മാറ്റാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് പരിക്കേറ്റത്.

ഭാഗികമായി കൈമുറിഞ്ഞ ഇയാളെ ഉടനടി ആശുപത്രിയിലെത്തിച്ച് അടിയന്തര സർജറിക്കു വിധേയനാക്കി. സംഭവത്തിൽ ഞെട്ടിത്തരിച്ചുപോയ മറ്റു കൂട്ടുകാർക്ക് കൗൺസലിങ് നല്കിവരുകയാണ്. മനപ്പൂർവമുള്ള ആക്രമണമല്ലെങ്കിലും സംഭവത്തിൽ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.