- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കിടക്കകൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റ കേസ്: വാർ റൂമിൽ തിരച്ചിലിനെത്തിയ എംഎൽഎയുടെ പിഎയ്ക്ക് കരിഞ്ചന്തക്കാരുമായി ബന്ധമെന്ന് പൊലീസ്; വിവാദത്തിൽ ബിജെപി എംപി. തേജസ്വി സൂര്യ കൂടുതൽ കുരുക്കിൽ
ബെംഗളുരു: സ്വകാര്യ ആശുപത്രിയിലെ കോവിഡ് കിടക്കകൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റ കേസിൽ കർണാടകയിലെ ബിജെപി. എംപി. തേജസ്വി സൂര്യ കൂടുതൽ കുരുക്കിൽ. തേജസ്വിയോടൊപ്പം വാർ റൂമിലെത്തി തിരച്ചിൽ നടത്തിയ എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന് കിടക്കകൾ മറിച്ചുവിൽക്കുന്ന ലോബിയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.
ആരോപണ വിധേയനായ പേഴ്സണൽ അസിസ്റ്റന്റ് കോവിഡ് രോഗബാധിതനായി ചികിത്സയിലാണ്. രോഗ മുക്തനായതിന് ശേഷം ഇയാളെ ചോദ്യം ചെയ്യും. നേരത്തെ വാർ റൂമിലെത്തി തേജസ്വിയും സംഘവും വിളിച്ചു പറഞ്ഞ 16 മുസ്ലിം ഉദ്യോഗസ്ഥരും ക്രമക്കേട് നടത്തിയെന്ന് ഇതുവരെ തെളിവില്ല.
കിടക്കകൾ മറിച്ചുവിൽക്കുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയത് തേജസ്വി സൂര്യയും മറ്റ് രണ്ട് ബിജെപി.എംഎൽഎമാരുമായിരുന്നു. തുടർന്ന് ബെംഗളൂരുവിലെ കോവിഡ് വാർ റൂമിലെത്തി ഫയലുകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു.
തേജസ്വി സൂര്യയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കേസ് അന്വേഷിക്കുന്ന ബെംഗളുരു പൊലീസ് ഇതുവരെ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കർണാടക സർക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു ബിജെപി എംപി തേജസ്വി സൂര്യയുടെ വെളിപ്പെടുത്തൽ.
കരിഞ്ചന്തയിലെ കോവിഡ് കിടക്കകൾ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മറിച്ചു വിൽക്കുന്ന അഴിമതി ബെംഗളൂരു എംപി തേജസ്വി സൂര്യയും രണ്ട് ബിജെപി എംഎൽഎമാരുമാണ് കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നത്. ആശുപത്രികൾ രോഗികളെകൊണ്ട് നിറഞ്ഞിരിക്കെ സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയ അഴിമതി പുറത്തുകൊണ്ടുവന്നതിന് കോൺഗ്രസ് നേതാക്കളടക്കം ഇവരെ അഭിനന്ദിച്ചിരുന്നു.
തൊട്ടടുത്ത ദിവസം കോവിഡ് വാർറൂമിലെത്തി ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന മുസ്ലിം ഉദ്യോഗസ്ഥരുടെ പേരുകൾ മാത്രം വിളിച്ചുപറഞ്ഞ് കാര്യങ്ങളന്വേഷിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.
ഇതോടെ അഴിമതി മത വിദ്വേഷം പടർത്താനായാണ് ബിജെപി നേതാക്കൾ ഉപയോഗിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. തേജസ്വി സൂര്യയുടെ വിദ്വേഷ പ്രചാരണത്തിന് അടിയന്തരമായി വാക്‌സീൻ വേണമെന്ന് വിമർശിച്ചു. എന്നാൽ പ്രത്യേക മതവിഭാഗത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് തേജസ്വി സൂര്യയുടെ വിശദീകരണം.