തലശ്ശേരി: മരണത്തെ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ നിന്നും മനസാന്നിധ്യം കൊണ്ട് തിരികേ ജീവിതത്തിലേക്ക് കൈപിടിച്ചു കയറിയവരുടെ കഥകൾ നിരവധി നമ്മൾ കേട്ടിട്ടുണ്ട്. അത്തരമൊരു അത്ഭുതകഥയാണ് ഷൗക്കീനയ്ക്കും പറയാനുള്ളത്. എട്ട് മാസം മുമ്പ് കൂകിപ്പായുന്നെ ട്രെയിനിന്റെ രൂപത്തിലാണ് ഷൗക്കീനയെ തേടി അപകടം പാഞ്ഞടുത്തത്. മരിച്ചുവെന്ന് കരുതിയിടത്തു നിന്നും ജീവിതത്തിലേക്ക് തിരികെ കയറിപ്പോൾ ദൈവതുല്യരായി നന്ദി പറയേണ്ടത് ആരോടൊക്കെയാണെന്ന് ഷൗക്കീനയ്ക്ക് ഇപ്പോഴും അറിയില്ല. അവർ ഡോക്ടർമാരുടെയുടെയും നഴ്‌സുമാരുടെയും രൂപത്തിലാണ് ഈ തലശ്ശേരി സ്വദേശിനിയുടെ മുന്നിലെത്തിയത്. നീണ്ട എട്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ഈ മുപ്പതുകാരിക്ക് ഇത് എല്ലാ അർത്ഥത്തിലും രണ്ടാം ജന്മമാണ്.

എട്ടുമാസം മുമ്പ് ട്രെയിൻ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്ക്പറ്റി (ഡിഫ്യൂസ് ആക്‌സോണൽ ഇഞ്ചുറി മൂലം) അബോധാവസ്ഥയിൽ ആയതാണ് ഷൗക്കിന. ഭാര്യയുടെ ജീവിതം തിരികെ കിട്ടാൻ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ തീരുമാനിച്ചു ഭർത്താവ്. വൻകിട ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ രണ്ട് മാസത്തോളം കഴിഞ്ഞു അവർ. ചികിത്സാചെലവ് താങ്ങാൻ സാധിക്കാത്ത വിധം വലുതായിരുന്നിട്ടും കടംവാങ്ങിയും മറ്റും എല്ലാ സഹായവും ചെയ്തു കുടുംബം. രണ്ട് മാസം മരണത്തോട് മല്ലിട്ട ശേഷം ഇനി വെന്റിലേറ്ററില്ലാതെ ജീവിതമില്ലെന്ന് പറഞ്ഞ് ബാംഗ്ലൂരിലെ ഡോക്ടർമാരും ഒടുവിൽ കൈയൊഴിഞ്ഞു.

ഡോക്ടർമാരുടെ വാക്കുകളിൽ നിരാശനായ ഭർത്താവ് ഒടുവിൽ ഷൗക്കീനയെ നാട്ടിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു പിന്നീട് ഷൗക്കീന കഴിഞ്ഞത്. ഇവിടെ എത്തുമ്പോൾ സ്വന്തമായി ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ഷൗക്കീന കഴിഞ്ഞദിവസം മടങ്ങിയതാകട്ടെ എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ടായിരുന്നു.

ഏത് നിമിഷവും മരണം പ്രതീക്ഷിച്ചാണം കുടുംബം ഷൗക്കീനയെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ദൈവകാരുണ്യത്തിനൊപ്പം ആശുപത്രിയിലെ ഡോക്ടർമാരുടെ കൈപ്പുണ്യം കൂടിയായപ്പോൾ ഷൗക്കീന ജീവിതത്തിലേക്ക് തിരികേ കയറി. തലശ്ശേരി സഹകരണ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം തലവൻ പ്രസിദ്ധ ഡോക്ടർ സി.വി.രമേഷിന്റെ വിധക്ത ചികിത്സയിലൂടെയും, നഴ്‌സിങ് സ്റ്റാഫിന്റെയും , ഫിസിയോതെറാപ്പി ഡിപ്പാർട്ട് മെന്റിന്റെയും ആത്മർതമായ പരിചരണം മൂലം ക്രമേണ ഷൗക്കിനയുടെ ആരോഗ്യസ്ഥിതിയിൽ വൻ പുരോഗതിയാണ് ഉണ്ടായത്. രോഗാവസ്ഥയിൽ ഉണ്ടായ പുരോഗതിയെ തുടർന്ന് ഷൗക്കിനയെ വെന്റിലേറ്ററിൽ നിന്നും മാറ്റാനും സാധിച്ചു .ഇപ്പോൾ ഷൗക്കിനക്ക് സംസാരിക്കാനും സാധിക്കും. തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങൾ എല്ലാം അറിയുന്നുമുണ്ട്.

മരണമുഖത്തു നിന്നും രണ്ടാം ജന്മത്തിൽ ചെയ്തു തീർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് ഷൗക്കീനയ്ക്കും അറിയാം. അതുകൊണ്ട് ശുഭപ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസത്തിന്റെ നിറുകയിലാണ് അവർ. കൈവിട്ട് പോയ ജീവിതെ തരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഷൗക്കീനയും കുടുംബവും. തലശ്ശേരി സഹകരണ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ഷൗക്കിനക്ക് ആശുപത്രിയുടെ ഭരണസമിതി യാത്രയയപ്പ് യാത്രയയപ്പ് നൽകുകയും ചെയ്തു. ഷൗക്കീനയുടെ ചികിത്സാചിലവുകളിലും വൻഇളവാണ് ആശുപത്രി നൽകിയത്.

തലശ്ശേരി സഹകരണ ആശുപത്രിയിൽ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് അഡ്വ.എ.എൻ.ഷംസീർ ആശുപത്രിയുടെ ഉപഹാരം ഷൗക്കീനക്ക് നല്കി. ഷൗക്കിനയെ ചികിത്സിച്ച ഡോ.രമേഷ് സി വി, നഴ്‌സിങ് സ്റ്റാഫ് ,ഫിസിയോതെറാപ്പി ഡിപ്പാർട്ട് മെന്റ് എന്നിവർക്കും ഉപഹാരങ്ങൾ നൽകി. വൻകിട ആശുപത്രി കൈയൊഴിഞ്ഞ രോഗിയെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു ഉയർത്താൻ സാധിച്ചത് തലശ്ശേരി സഹകരണ ആശുപത്രിക്കും നേട്ടമായി.