പത്തനംതിട്ട: ക്ഷേത്രം പൊളിച്ചടുക്കി പുതുക്കിപ്പണിയുമ്പോൾ, ചെമ്പുപാളി മറിച്ചു വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച കേസിൽ ബിജെപി സംസ്ഥാനകമ്മിറ്റിയംഗം അടക്കം നാലുപേർക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അടൂർ തൃച്ചേന്ദമംഗലം ക്ഷേത്രത്തിന്റെ നാലമ്പല പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചെമ്പുപാളി മറിച്ചുവിറ്റ് ലക്ഷങ്ങളുടെ അഴിമതി നടത്തിയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയാണ് പൊലീസ് നാലുപേർക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. വിശ്വാസവഞ്ചന, തട്ടിപ്പ്, തെളിവുനശിപ്പിക്കൽ, സംഘംചേരൽ എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്. ബിജെപി മുൻജില്ലാ പ്രസിഡന്റും നിലവിൽ സംസ്ഥാന കമ്മിറ്റിയംഗവും ക്ഷേത്രം പ്രസിഡന്റുമായ ടിആർ അജിത് കുമാർ, സെക്രട്ടറി എവി അനു, മുൻ സെക്രട്ടറി മുകേഷ് ഗോപിനാഥ്, മുൻ ട്രഷറർ മാധവനുണ്ണിത്താൻ എന്നിവരാണ് കേസിലെ പ്രതികൾ.

ക്ഷേത്ര പുനരുദ്ധാരണത്തിനായി 2009-12 കാലയളവിൽ തിരുപ്പൂരിൽ നിന്നും 9626 കി.ഗ്രാം ചെമ്പുപാളികളാണ് ഭരണസമിതി വാങ്ങിസൂക്ഷിച്ചത്. ഇതിൽ 6500 കി.ഗ്രാം ചെമ്പുപാളികൾ ഉപയോഗിച്ച് നാലമ്പലനിർമ്മാണം പൂർത്തിയാക്കി. ബാക്കിവന്ന 3126 കി.ഗ്രാം ചെമ്പുപാളികളിൽനിന്നും നിയമം ലംഘിച്ച് 1329 കി.ഗ്രാം പാളികൾ ക്ഷേത്രം പണിക്കാരനായ മാന്നാർ സ്വദേശി അനന്തനാചാരിക്ക് കൂലിക്ക് പകരമായി നൽകി. ബാക്കിവന്ന 1797 കി.ഗ്രാം ചെമ്പുപാളികൾ 2012-13 കാലത്തെ ഭരണസമിതി ഭാരവാഹികൾ ക്ഷേത്രത്തിൽ നിന്നും കടത്തിയതായാണ് ആരോപണം.

പൊലീസ് കുറ്റപത്രം സമർപ്പിച്ചതോടെ ഭക്തജനസംഘം കഴിഞ്ഞ മൂന്നുവർഷമായി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മൂന്നുവർഷകാലത്തിനുള്ളിൽ അഞ്ച് എസ്‌പിമാർ, രണ്ട് ഡിവൈ.എസ്‌പിമാർ, മൂന്ന് സിഐമാർ എന്നിവർ കേസ് സംബന്ധിച്ച് അന്വേഷണം നടത്തി. ഇവരുടെയെല്ലാം കണ്ടെത്തലുകൾ ശരിയായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കേസ് സംബന്ധിച്ച് നൂറിൽപരം ക്ഷേത്രരേഖകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ നാൽപ്പത്താറ് രേഖകളാണ് കോടതി തെളിവായി സ്വീകരിച്ചത്.

ഭക്തജനസംഘത്തിന്റെ പരാതി വ്യാജമാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് കേസിലെ ചില പ്രതികൾ ഇപ്പോഴും ഭരണത്തിൽ തുടരുന്നുണ്ട്. അതിനാൽ ഇവർ രാജിവച്ച് ഭക്തജനങ്ങളോട് മാപ്പുപറയണമെന്ന് ഭക്തജനസംഘം ആവശ്യപ്പെട്ടു. വൻ തട്ടിപ്പ് നടത്തിയെന്ന് ബോധ്യമായ സ്ഥിതിക്ക് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറാകണം. അറസ്റ്റ് ഒഴിവാക്കുന്നതിനായി പ്രതികൾ ക്ഷേത്രത്തിൽത്തന്നെ തുടരുകയാണ്. കുറ്റപത്രത്തിന്റെ കോപ്പികൾ ക്ഷേത്രവുമായി ബന്ധപ്പെട്ട പത്തു കരകളിലേയും ഹൈന്ദവസമിതികൾക്ക് നൽകും. അധികൃതരുടെ ഭാഗത്തുനിന്നും ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടി സ്വകരിക്കുമെന്ന് ഭക്തജനസംഘം ഭാരവാഹികളായ ഹരികുമാർ വാഴപ്പള്ളി, വിജയകുമാർ മലമേക്കര എന്നിവർ മുന്നറിയിപ്പുനൽകി.