ഹരിപ്പാട്: മതസൗഹാർദ്ദമായിരുന്നു ഹരിപ്പാട് മഹാദേവികാടിന്റെ കരുത്ത്. ക്ഷേത്രങ്ങളിലേയും പള്ളികളിലേയും ഉത്സവങ്ങൾ മതവിശ്വാസത്തിനപ്പുറം ജനകൂട്ടായ്മയായി മാറി. എല്ലാം എല്ലാവരുടേയും ആഘോഷമായി. ഈ പതിവിനാണ് ക്രിസ്മസ് നാളുകളിൽ മാറ്റമുണ്ടായത്. സാമൂഹിക വിരുദ്ധരുടെ നീക്കത്തെ കരുതലോടെ കാണണമെന്ന് നാട്ടുകാരും തിരിച്ചറിയുന്നു. കാർത്തികപ്പള്ളി ഓർത്തഡോക്‌സ് പള്ളിയിലെ ഘോഷയാത്രയെ ഒരു വിഭാഗം എതിർത്തത് ഇനി അനുവദിക്കാതിരിക്കാനുള്ള മുൻകരുതലുകൾ മഹാദേവികാടുകാർ ഒരുക്കും.

വലിയകുളങ്ങര ക്ഷേത്രം. തിരുവിതാംകൂർ ദേവസം ബോർഡിന്റെ മേജർ ക്ഷേത്രമാണ്. ഇവിടെ നിന്നും കുറച്ചകലെയാണ് കാർത്തികപ്പള്ളി ഓർത്തഡോക്‌സ് പള്ളി. ക്രിസ്മസിനോട് അനുബന്ധിച്ചാണ് പള്ളിയിലെ ആഘോഷം. ഓരോവർഷവും മൂന്ന് ദിക്കിലേക്ക് ഘോഷയാത്ര പോകും. പള്ളിക്കാരുടെ മാത്രമല്ല ക്ഷേത്ര വിശ്വാസികളും ആഘോഷത്തെ വരവേൽക്കുകയാണ് പതിവ്. ഇത്തവണ വലിയ കുളങ്ങര ക്ഷേത്ര വഴിയേ ആയിരുന്നു പള്ളിയുടെ റാസ എഴുന്നള്ളിപ്പ്. മൂന്ന് വർഷം മുമ്പത്തെ റാസ എഴുന്നള്ളിപ്പിനിടെയും ചെറിയ പ്രശ്‌നങ്ങളുണ്ടായി. അതുകൊണ്ട് തന്നെ കൂടുതൽ കരുതലൊരുക്കി സംഘർഷത്തിന് സാധ്യത ഇല്ലാതാക്കാനായിരുന്നു ശ്രമം.

പള്ളിയിലെ എഴുന്നള്ളിപ്പിന് ക്ഷേത്രം വക സ്വീകരണം ഒരുക്കും. അമ്പലത്തിലെ വിളക്കുകൾ ആയിരുന്നു കാലാകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ തവണ ആർഎസ്എസിന്റെ നേതൃത്വത്തിൽ ചില എതിർപ്പുകൾ ഉയർന്നതായാണ് ആക്ഷേപം. അമ്പലത്തിലെ വിളക്കുകൾ പള്ളി ആവശ്യത്തിന് നൽകുന്നതിനെ ചോദ്യം ചെയ്തു. ഇതോടെ നാട്ടുകാർ ചില തീരുമാനമെടുത്തു. അമ്പലത്തിലെ വിളക്കുകൾ ഉപയോഗിക്കാതെ പള്ളി ഘോഷയാത്രയ്ക്ക് സ്വീകരണം നൽകാനായിരുന്നു തീരുമാനം. സമീപ പ്രദേശത്തെ വീടുകളിൽ നിന്ന് പരമാവധി വിളക്കുകൾ സംഘടിപ്പിച്ചു. പതിവ് തെറ്റാതെ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ റാസ ഘോഷയാത്രയെ വരവേറ്റു.

ക്ഷേത്രോപദേശക സമിതിയിലെ ചില ഭാരവാഹികളും നേതൃത്വം നൽകി. സ്വീകരണത്തിന് പള്ളിയിലെ അച്ഛൻ ക്ഷേത്ര ഭാരവാഹികളോട് നന്ദിയും പറഞ്ഞു. ഉപദേശക സമിതി സെക്രട്ടറിക്ക് കൈയു കൊടുത്തു. അങ്ങനെ മതസൗഹാർദ്ദത്തിന്റെ സ്ഥിരം കാഴ്ച വീണ്ടും ക്ഷേത്രത്തിന് മുന്നിൽ ആവർത്തിച്ചു. ഈ ഘോഷയാത്ര പോയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ക്ഷേത്ര ഉപദേശക സമിതിക്ക് പള്ളിയിലെ അച്ഛൻ ഉയർത്തിക്കാട്ടിയത് ആർഎസ്എസുകാർക്ക് പിടിച്ചില്ല. ഉപദേശക സമിതി സ്വീകരണം നൽകിയില്ലെന്ന തർക്കം ചടങ്ങിൽ പങ്കെടുത്ത ഭാരവാഹിയുമായി ഉയർത്തി.

ഇതോടെ സംഘർഷമായി. ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകാൻ ഒന്നിച്ച എല്ലാവർക്കും മർദ്ദനമേറ്റു. കെഎസ് യു ജില്ലാ സെക്രട്ടറി റോഷന് ഗുരുതരമായി പരിക്കേറ്റു. ക്ഷേത്ര ഉപദേശക സമിതിയുടെ ഭാരവാഹി സുരേഷിനും മർദ്ദനമേറ്റു. ഇതിനെതിരെ എല്ലാവരും ഒന്നിച്ചു. ഹരിപ്പാട് ഹർത്താലും നടന്നു. പതിമൂന്ന് പ്രതികളിൽ മൂന്ന് പേർ കേസിൽ റിമാൻഡിലുമായി. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലെടുക്കുമെന്നാണ് മഹാദേവികാടിന്റെ പൊതുവികാരം. പള്ളിയിലേയും അമ്പലത്തിലേയും ഉൽസവങ്ങളും ആഘോഷങ്ങളും നാടിന്റെ മുഴുവനാക്കി മാറ്റുമെന്ന് ജാതി-മതവ്യത്യാസമില്ലാതെ ഏവരും തീരുമാനിച്ചു കഴിഞ്ഞു.

യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ മാത്യുകുഴൽനാടനാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. ക്രൈസ്തവർ ഹൃദയത്തിലേറ്റിയ എത്രയെത്ര ഗാനങ്ങളാണു വയലാറും ശ്രീകുമാരൻ തമ്പിയും ചേർന്ന് എഴുതി ചിട്ടപ്പെടുത്തിയത്..!! ആ നല്ലകാലം അസ്തമിക്കുകയാണോ..?? കാലത്തുണർന്ന് 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന് പ്രാർത്ഥിച്ച സകലചരാചരങ്ങൾക്കും നല്ലതു വരട്ടെയെന്ന് ആഗ്രഹിച്ച മതസൗഹാർദ്ദത്തിന്റെ മണ്ണിൽ പരസ്പരസ്‌നേഹത്തിനു മേൽ അവസാന ആണിയും അടിക്കുകയാണു ഒരു കൂട്ടരെന്ന് മാത്യു കുഴൽനാടൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

കാലങ്ങളായി തുടരുന്ന വിശ്വാസങ്ങളുടെ പേരിൽ ഇന്ന് വലിയകുളങ്ങര അമ്പലത്തിനു മുന്നിൽ റാസക്കൊപ്പം വന്നവർ വിളക്ക് തെളിയിച്ചതിനു ഒരുകൂട്ടം ആർഎസ്എസ് ക്കാർ അവരെ വളഞ്ഞിട്ട് മർദ്ദിക്കുകയുണ്ടായി. മതം ഒരു വാർത്തയല്ലാതിരുന്ന രാജ്യത്ത് ഭരണത്തിലിരിക്കുന്ന ദേശീയ പാർട്ടിയുടെ അധ്യക്ഷന്റെ തന്നെ ആശ്രിവാദത്തോടെ വ്യാപക മതം മാറ്റത്തിനു വേദിയൊരുക്കുമ്പോൾ ഈ രാജ്യം എങ്ങോട്ടാണു നീങ്ങുന്നതെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. പണ്ട് ശ്രീ.വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച നാട് ഇന്ന് അക്ഷരാർദ്ധത്തിൽ അതു തന്നെയായി മാറുകയാണോ..!!മനസിൽ സ്‌നേഹവും സൗഹൃദവും മരിച്ചിട്ടില്ലാത്ത ചെറുപ്പക്കാരെങ്കിലും ചിന്തിക്കട്ടെയെന്ന് കുഴൽനാടൻ പറയുന്നു.

ഭാവിയിൽ വലിയ കുളങ്ങര ക്ഷേത്രത്തിന് മുന്നിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുമെന്നാണ് കുഴൽനാടനും സുഹൃത്തുക്കളും വ്യക്തമാക്കുന്നത്.