- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുവിന്റെ ഭ്രൂണവുമായി പട്ടിയെത്തി; അറവ് ശാലയിൽ ഗർഭിണിയായ പശുവിനെ കൊന്നുവോ? ഗോവധ നിരോധന ചർച്ചകൾക്ക് പുതിയ മാനം നൽകി വെഞ്ഞാറമൂടിലെ വിവാദവും
തിരുവനന്തപുരം: ഗോവധ നിരോധനത്തിനായി ചർച്ചകൾ സജീവമാകുമ്പോൾ ഗർഭിണിയായ പശുവിനെ കൊല്ലുന്നുവെന്ന സംശയം സംഘർഷത്തിന് ഇട നൽകി. തിരുവനന്തപുരത്ത് വെഞ്ഞാറമൂടിലാണ് സംഭവം. പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് പട്ടി കടിച്ചു കൊണ്ടുവന്ന പശുവിന്റെ ഭ്രൂണ രൂപമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മത്സ്യ ചന്തയിലുള്ളവരുടെ ശ്രദ്ധയിലാണ് ഭ്രൂണവുമായെത്തിയ പ
തിരുവനന്തപുരം: ഗോവധ നിരോധനത്തിനായി ചർച്ചകൾ സജീവമാകുമ്പോൾ ഗർഭിണിയായ പശുവിനെ കൊല്ലുന്നുവെന്ന സംശയം സംഘർഷത്തിന് ഇട നൽകി. തിരുവനന്തപുരത്ത് വെഞ്ഞാറമൂടിലാണ് സംഭവം. പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് പട്ടി കടിച്ചു കൊണ്ടുവന്ന പശുവിന്റെ ഭ്രൂണ രൂപമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മത്സ്യ ചന്തയിലുള്ളവരുടെ ശ്രദ്ധയിലാണ് ഭ്രൂണവുമായെത്തിയ പട്ടി ശ്രദ്ധയിൽപ്പെട്ടത്. ഇവർ പട്ടിയെ ഓടിച്ച ശേഷം നടത്തിയ പരിശോധനയിൽ പശുവിന്റേതാണ് ഭ്രൂണമെന്ന് മനസ്സിലായി. ഇതോടെ വിവാദങ്ങൾക്കും തുടക്കമായി.
ബസ് സ്റ്റാൻഡിൽ നിന്ന് നൂറ് മീറ്റർ അകലെയാണ് അറവ് ശാല. ഇവിടെ ഗർഭമുള്ള പശുവിനെ കൊന്നതാകാമെന്ന നിഗമനത്തിലാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഇറച്ചിക്കച്ചവടക്കാരുടെ ഈ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധവും ശക്തമായി. എന്നാൽ എവിടെ നിന്നാണ് പശുവിന്റെ ഭ്രൂണത്തെ പട്ടി കടിച്ചു കൊണ്ടുവന്നതെന്ന് സ്ഥിരീകരിക്കാൻ ആർക്കുമായില്ല. അറവ് കേന്ദ്രത്തിൽ ഭ്രൂണം കുഴിച്ചു മൂടാൻ മറന്നതാണ് പ്രശ്‌ന കാരണമെന്ന് വാദമുയർന്നു. ഗർഭിണിയായ പശുവിനെ കൊന്ന അറവ് ശാല പൂട്ടിക്കണമെന്ന വാദം പോലും ഉയർന്നു. നാട്ടുകാർ സംഘടിച്ചതറിഞ്ഞ് പൊലീസും സ്ഥലത്ത് എത്തി. പഞ്ചായത്ത് അധികൃതരും പരിശോധന നടത്തി.
ബസ് സ്റ്റാൻഡിൽ കണ്ടത് പശുവിന്റെ ഭ്രൂണം തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്തു. എന്നാൽ അറവ് ശാലയിൽ നിന്ന് വന്നതാണിതെന്ന് സ്ഥിരീകരിക്കാൻ കഴിയാത്തതിനാൽ ആർക്കെതിരേയും നടപടിയെടുക്കാനാവില്ലെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. സ്ഥല മഹസറും മറ്റും രേഖപ്പെടുത്തി സംഭവത്തെ പറ്റി അന്വേഷിക്കാമെന്ന് പൊലീസും അറിയിച്ചു. ഇതിന് ശേഷമാണ് ഭ്രൂണത്തെ മാറ്റാൻ പ്രതിഷേധക്കാർ സമ്മതിച്ചത്. അറവ് ശാലയുടെ പ്രവർത്തനത്തെ നിരീക്ഷിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഏതായാലും പ്രതിഷേധം വലിയ സംഘർഷത്തിലേക്ക് എത്താതിരിക്കാൻ പൊലീസിന്റെ ഇടപെടലിലൂടെ സാധിച്ചു.
രാജ്യവ്യാപകമായി ഗോവധ നിരോധനമെന്ന ചർച്ച കേന്ദ്ര സർക്കാർ തന്നെ മുൻകൈയെടുത്ത് നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെഞ്ഞാറമൂട്ടിൽ വിവാദമെത്തുന്നത്. ഗോവധ നിരോധനത്തിന് സംസ്ഥാനങ്ങളോടു പുതിയ നിയമം നിർമ്മിക്കാനോ നിലവിലുള്ളവ പരിഷ്‌കരിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. ഗോവധത്തിനു ദേശീയതല നിയമം വേണമെന്ന ആവശ്യം നിലനിൽക്കെ ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ നിലപാടറിയുകകൂടിയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം.
ഭരണഘടനയുടെ 48ാം അനുച്ഛേദം അനുസരിച്ച് കാർഷിക മേഖലയേയും മൃഗസംരക്ഷണ മേഖലയേയും ആധുനിക ശാസ്ത്രീയ സംവിധാന പ്രകാരം പുനഃസംഘടിപ്പിക്കാനും പരിഷ്‌കരിക്കാനും പ്രത്യേകിച്ച് മൃഗങ്ങളുടെ വംശസംരക്ഷണത്തിനും വേണ്ടതു ചെയ്യാനും, പശു, പശുക്കുട്ടി ഉപയോഗയോഗ്യമായ മറ്റ് കാലികൾ എന്നിവയെ കശാപ്പു ചെയ്യുന്നതു നിരോധിക്കാനും സർക്കാരിന് അവകാശമുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇത്തരം ചർച്ചകൾക്കിടെയാണ് വെഞ്ഞാറമൂട്ടിലെ അസാധാരണ സംഭവം.