പത്തനംതിട്ട: ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായിരുന്നു ടെനി ജോപ്പൻ ആറു കൊല്ലം മുമ്പുവരെ. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരി. പൊലീസിലെ കാര്യങ്ങൾ പോലും നോക്കിയിരുന്നത് ടെനി ജോപ്പനായിരുന്നു. ഇതിനിടെയാണ് സോളാർ കേസിൽ ടെനിയും വന്നു പെടുന്നത്. ചാനലുകാരുടേയും പത്രക്കാരുടേയും അടുത്ത സുഹൃത്തിനെ അവർ തന്നെ വേട്ടയാടി. ഇതോടെ ജോപ്പന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പണി പോയി. കേസിൽ പെട്ടു. അഴിക്കുള്ളിലുമായി. അപ്പോഴൊന്നും ജോപ്പൻ ഒന്നും ആരോടും പരിഭവം പറഞ്ഞില്ല. ആറു വർഷത്തിന് ശേഷം മൗനം വെടിയുകയാണ് ജോപ്പൻ. സോഷ്യൽ മീഡിയയിലൂടെ ജോപ്പൻ ഉർത്തുന്ന ചോദ്യം ചർച്ചയാവുകയാണ്.

ങൃ. വേണു ബാലകൃഷ്ണനും വിനു വി ജോണും ജീവിച്ചിരിപ്പുണ്ടോ ഈ നാട്ടിൽ....സോളാർ കേസ് എന്തായി ഒന്നു പറയണേ മെമൃൗാാമൃല ....6വർഷമായി അനുഭവിക്കുന്നു .....ഞാനും എന്റെ കുടുംബവും.......എടാ നാറികളെ നിങ്ങൾക്കും ഉണ്ടാട കുടുംബം........-ഇത്രയും മാത്രമാണ് ഫെയ്‌സ് ബുക്കിൽ ഇന്ന് ജോപ്പൻ കുറിച്ചിരിക്കുന്നത്. തന്റെ ജീവിതം മാധ്യമങ്ങൾ ചേർന്ന് തകർത്തുവെന്ന് ജോപ്പൻ പറയാതെ പറയുകയാണ്. ചാരക്കേസിലെ നമ്പി നാരായണന് അനുകൂലമായ വിധി ചർച്ചയാകുമ്പോഴാണ് സോളാറിലെ മാധ്യമ ഇടപെടലുകളെ പ്രതിസ്ഥാനത്ത് നിർത്തി ജോപ്പൻ എത്തുന്നത്. സോളാറിൽ ഉയർന്ന കേട്ട കോൺഗ്രസിലെ ഒരു നേതാവിനെ ഒന്നും സംഭവിച്ചില്ല. എന്നാൽ സരിതാ നായർക്കും ശാലു മേനോനും ബിജു രാധാകൃഷ്ണനും ഒപ്പം അഴിക്കുള്ളിൽ കിടന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ ജീവനക്കാരനാണ് ജോപ്പൻ.

കേസിൽ സസ്‌പെൻഷൻ നേരിട്ട ജിക്കു മോനു പോലും കേസും പൊല്ലാപ്പുമുണ്ടായില്ല. മുഖ്യന്ത്രി ഗൺമാനായിരുന്ന സലിംരാജും അഴിക്കുള്ളിലായി. സലിംരാജിനും ജോലി തിരിച്ചു കിട്ടിയെന്നാണ് സൂചന. എന്നാൽ സോളാർ കേസിൽ ആകെ പെട്ടുപോയത് ജോപ്പൻ മാത്രമായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്നു ജോപ്പൻ. ഉമ്മൻ ചാണ്ടിയുമായുള്ള വ്യക്തിബന്ധം കാരണം നിരവധി സൗഹൃദങ്ങളും ജോപ്പന് ചുറ്റും കൂടി. ഇതിനിടെയാണ് വിവാദം ഉണ്ടാകുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ കേസ് നീണ്ടപ്പോൾ ജോപ്പന് എല്ലാം നഷ്ടമായി. കേസിൽ അകത്തായ ജോപ്പൻ ജാമ്യത്തിലിറങ്ങിയ ശേഷം അജ്ഞാത വാസത്തിലേക്കും പോയി. പല ബിസിനസ്സുകൾ നടത്തി മുന്നോട്ട് നീങ്ങി. ഈ അടുത്ത കാലത്ത് ആത്മീയതയുടെ കരുത്തിൽ മനഃശാന്തി നേടി വീണ്ടും സജീവമായി. സോഷ്യൽ മീഡിയയിൽ സജീവമായി പോസ്റ്റുകൾ ഇട്ടു. കുടുംബത്തോടൊപ്പം യാത്രയും നടത്തി.

ഇതിനിടെയാണ് മാധ്യമ പ്രവർത്തകരെ കടന്നാക്രമിച്ച് ജോപ്പന്റെ പോസ്റ്റ് എത്തുന്നത്. ഇതിന് ലൈക്കുമായി മാധ്യമ പ്രവർത്തകർ പോലും എത്തുന്നുണ്ട്. സോളാർ കേസ് പ്രതി സരിത എസ് നായരെ അറിയാമെന്ന് മുഖ്യമന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം ടെനി ജോപ്പൻ. സരിതയെ ആദ്യം കാണുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണെന്ന് ജോപ്പൻ സോളാർ കമീഷനിൽ നേരത്തെ മൊഴി നൽകിയികുന്നു. 2011 മുതൽ സരിതയെ അറിയാം.സരിതയും ശ്രീധരൻ നായരും മുഖ്യമന്ത്രിയെ നേരിൽ കണ്ടതായി തനിക്കറിയില്ല. തന്റെ ഫോണിലാണ് മന്ത്രിമാരും എംഎ‍ൽഎമാരും മാധ്യമപ്രവർത്തകരും മുഖ്യമന്ത്രിയെ വിളിച്ചിരുന്നത്. ഫോൺകോളുകൾ ആദ്യം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നില്ല. പരാതികൾ ഉയർന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഫോണുകൾ കൈമാറിയതെന്നും ജോപ്പൻ മൊഴി നൽകി.

താനും സരിതയും തമ്മിലുള്ള ബന്ധം മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നു. സരിതയും താനും സംസാരിച്ചത് കുടുംബ കാര്യങ്ങളാണ്. സോളാർ ഇടപാടിൽ തനിക്ക് അഞ്ച് പൈസപോലും കിട്ടിയിട്ടില്ല. ബിജു രാധാകൃഷ്ണനെ ആദ്യം കാണുന്നത് ജയിലിൽ വച്ചാണ്. ബിജു സോളാർ കമീഷന് മുന്നിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും ടെനി ജോപ്പൻ മൊഴി നൽകിയിരുന്നു. കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ഒന്നും പറാത്ത വ്യക്തി കൂടിയാണ് ജോപ്പൻ. കേസിൽ പെട്ടപ്പോഴും വിശ്വസ്തത ജോപ്പൻ തുടർന്നുവെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗമായിരുന്നു ജോപ്പൻ. സോളർ കേസിനെ തുടർന്ന് പേഴ്സണൽ സ്റ്റാഫിൽ നിന്ന് നീക്കി. സോളാർ നിക്ഷേപത്തിൽ പണം നഷ്ടപ്പെട്ട വ്യവസായി ശ്രീധരൻ നായരുടെ പരാതിയിൽ കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയുമായി.

സോളർ തട്ടിപ്പ് കേസിൽ സരിതയ്ക്കും ബിജുവിനൊപ്പമാണ് ജോപ്പൻ പ്രവർത്തിച്ചതെന്ന് ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്ന സമയത്ത് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അ്‌പ്പോഴും ആരേയും ജോപ്പൻ കുറ്റപ്പെടുത്തിയില്ല. മുഖ്യമന്ത്രിയായിരിക്കെ വിദേശ പര്യടനത്തിന് ഉമ്മൻ ചാണ്ടി പോയപ്പോഴായിരുന്നു കേരളാ പൊലീസ് അപ്രതീക്ഷിത നീക്കവുമായി ജോപ്പനെ അറസ്റ്റ് ചെയ്യുന്നത്. ഇത് ഏറെ വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു.