കണ്ണൂർ: ഇതരസംസ്ഥാന തൊഴിലാളികളിൽ മതതീവ്രവാദം കുത്തിവെക്കാൻ കേരളത്തിൽ പോപ്പുലർ ഫ്രണ്ടുൾപ്പെടെയുള്ള തീവ്ര സലഫി പ്രസ്ഥാനങ്ങൾ ശ്രമിച്ചു വരുന്നതായി രഹസ്യന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. അന്യസംസ്ഥാന തൊഴിലാളികളെന്ന പേരിൽ ബംഗ്ലാദേശിൽ നിന്നും എത്തിയവരെയാണ് തീവ്ര മതവാദികൾ ആദ്യമായി മതബോധനമുണ്ടാക്കാൻ ശ്രമിക്കുന്നത്.

ബംഗ്ലാദേശിൽ നിന്നും അതിർത്തി കടന്ന് ഇന്ത്യയിലെത്തിയവർ ഇപ്പോൾ കൂട്ടമായും തനിച്ചും കേരളത്തിലെ വിവിധ ജില്ലകളിൽ തൊഴിലുകൾ ചെയ്തു വരികയാണ്. ബംഗാളികളെന്നു പറഞ്ഞാണ് അവർ ഇവിടെ ജോലി നോക്കുന്നത്. നിർമ്മാണ മേഖലയിലും ഹോട്ടൽ തൊഴിലാളികളായും പോലും ഇവർ ജോലി നോക്കി വരുന്നുണ്ട്. ബംഗാളിലെ സിപിഐ.(എം.) ഭരണകാലത്ത് ബംഗ്ലാദേശികളുടെ വൻതോതിലുള്ള കൂടിയേറ്റം നടന്നിരുന്നു. ഇവർക്കെല്ലാം വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കപ്പെടുകയും പിന്നീട് ബംഗാളികളായി അറിയപ്പെടുകയും ചെയ്തു. ഇങ്ങനെ വന്നവരാണ് ഇപ്പോൾ കൂട്ടമായി കേരളത്തിൽ ജോലി ചെയ്യുന്നവരിലേറേയും.

ബംഗ്ലാദേശിലെ സാഹചര്യം തന്നെയായിരുന്നു ഇവർ ബംഗാളിലെത്തിയപ്പോഴും ഉണ്ടായിരുന്നത്. അവിടത്തെ കൂലിക്ക് സമാനമായിരുന്നു ബംഗാളിൽ ലഭിച്ചിരുന്നത്. അങ്ങനെയാണ് കേരളമെന്ന സ്വപ്നഭൂമിയിലേക്ക് ബംഗാളികളോടും അസം, ബീഹാർ എന്നീ സംസ്ഥാനങ്ങളിലുള്ളവരോടൊപ്പം ഇവരും കേരളത്തിലെത്തിയത്. അടിസ്ഥാനപരമായി പട്ടിണി മാറ്റുക എന്ന ലക്ഷ്യം മാത്രമേ ഇവർക്കുണ്ടായിരുന്നുള്ളൂ. മത വിശ്വാസികളെങ്കിലും ഇവരാരും തീവ്രമതാശയക്കാരുമായിരുന്നില്ല. എന്നാൽ ഇവരിൽ മത തീവ്രത ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രവുമായി തീവ്ര സലഫി പ്രസ്ഥാനങ്ങളും പോപ്പുലർ ഫ്രണ്ടും രംഗത്തിറങ്ങിയിട്ടുള്ളതായാണ് രഹസ്യന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം.

ബാഗ്ദാദിലുൾപ്പെടെ ഇസ്ലാമിക് സ്റ്റേറ്റ്സിന് ശക്തമായ തിരിച്ചടി വന്ന സാഹചര്യത്തിൽ ഐസീസിനെ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വേരുറപ്പിച്ചു നിർത്താനുള്ള ശ്രമം നടക്കുന്നതായും സൂചനകളുണ്ട്. അടുത്ത കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്സിൽ പോയി തിരിച്ചു വരുന്നവരെക്കുറിച്ചു അന്വേഷണം ശക്തമായിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയായ സുബ്ഹാനി ഇന്ത്യയിലേക്ക് തിരിച്ചുവന്നപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ നടപടികളെക്കുറിച്ച് അന്വേഷണ ഏജൻസിയോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. അവിടെ അയാൾ അനുഭവിച്ച കാര്യങ്ങൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും സിറിയയിൽ അവഗണിക്കപ്പെടുന്നതായും യൂറോപ്യന്മാരും സിറിയക്കാരുമായ വെളുത്തവരോടാണ് ഇസ്ലാമിക് സ്റ്റേറ്റ്സിന് പ്രിയമെന്നും സുബ്ഹാനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അയാൾ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ആത്മാർത്ഥതയോടെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നില്ല.

തീവ്രവാദത്തിന് വേരിറക്കാനുള്ള മണ്ണായാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് ഇന്ത്യയെ കണക്കാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ അന്വേഷണ ഏജൻസികൾ കേരളത്തിലെ ബംഗ്ലാദേശി-ഇതരസംസ്ഥാന തൊഴിലാളി കുടിയേറ്റത്തെ ഗൗരവമായാണ് കാണുന്നത്. അസം, മേഘാലയ എന്നീ സംസ്ഥാനക്കാരെന്ന് ധരിപ്പിച്ചാണ് ബംഗ്ലാദേശികൾ കേരളത്തിൽ ജോലി ചെയ്തുവരുന്നത്. ഇവിടത്തെ നിർമ്മാണരംഗത്തെ വർദ്ധിച്ച കൂലിയും കുടുംബത്തിന്റെ പട്ടിണി മാറ്റാനുള്ള വ്യഗ്രതയുമാണ് അവരെ ആകർഷിക്കുന്നത്. ശോഷിച്ച ശരീരപ്രകൃതിയുമായി കേരളത്തിലെത്തയിവർ ഇന്ന് മലയാളികളെപ്പോലെ തന്നെ കഴിയുകയാണ്. എന്നാൽ അതിനിടയിൽ അവരിൽ മത തീവ്രവാദം കുത്തിവെക്കാൻ ഇത്തരം സംഘടനകൾ ശ്രമിച്ചു വരുന്നതിനെ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ചു വരികയാണ്.

ഇതരസംസ്ഥാന തൊഴിലാളികളുടെ മറവിൽ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ ഇവരെ കൊണ്ടുവരാൻ പ്രത്യേക ഏജൻസികൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തിരിച്ചറിയൽ കാർഡും വോട്ടർ ഐ.ഡി.യും ഇവർ കൃത്രിമമായി നിർമ്മിച്ചു നൽകും. അതിർത്തി ശ്കതമല്ലാത്ത മേഖലകളിൽ നിന്നും ഇന്ത്യയിലേക്ക് കടത്തിവിടും. എന്നാൽ ഇതിന്റെ മറവിൽ ഐ.സീസ്. അനുകൂലികൾ ഇന്ത്യയിലേക്ക് കടക്കുന്നുണ്ടോ എന്ന നിരീക്ഷണവും ശക്തമാക്കിയിരിക്കയാണ്. കൂട്ടമായി എത്തിച്ചേരുന്നവർക്കിടയിൽ ഐസീസ് ആശയക്കാർ എത്തിയാൽ ദോഷകരമായി ഭവിക്കും. മതപരമായി ഇവരെ സംഘടിപ്പിച്ച് ഇന്ത്യാവിരുദ്ധരാക്കുക എന്ന ലക്ഷ്യമാണ് തീവ്ര സലഫിസം വഴി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. എൻ.ഐ.എയെ പോലുള്ള ഏജൻസികളെ താറടിച്ച് കാട്ടാനും ബോധപൂർവ്വമായ ശ്രമം നടന്നുവരുന്നുണ്ട്.