ലണ്ടൻ: 44 മില്യൻ ഡോളർ ഡീലിലൂടെ ട്വിറ്റർ സ്വന്തമാക്കാനുള്ള കരാറിൽ നിന്നും പിന്മാറിയതോടെ ഇലോൺ മസ്‌ക്ക് കോടതി കയറുകയാണ് ഇപ്പോൾ. ട്വിറ്ററിന്റെ ഭാവി തന്നെ അവതാളത്തിലാക്കിയ തീരുമാനമായിരുന്നു ഈ ഏറ്റെടുക്കൽ. ഇപ്പോൾ മസ്‌കിന്റെ പുതിയ ട്വീറ്റ് ആശങ്കയിൽ ആക്കിയിരിക്കുന്നത് ലക്ഷക്കണക്കിന് വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെയാണ്. 'ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ പോകുന്നു, എല്ലാവർക്കും സ്വാഗതം' എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്.

അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് രാഷ്ട്രീയ പാർട്ടികളെയും താൻ സപ്പോർട്ട് ചെയ്യുന്നു എന്ന മസ്‌കിന്റെ തന്നെ ട്വീറ്റിന് മറുപടിയായിട്ടാണ് യുണൈറ്റഡിനെ ബന്ധപ്പെടുത്തി മസ്‌ക് ട്വീറ്റ് ചെയ്തത്. മുൻപും ഇത്തരത്തിൽ ട്വീറ്റുകൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ട് ഇലോൺ മസ്‌ക്. ഞാൻ ട്വിറ്റിറെ സ്വന്തമാക്കാൻ പോകുന്നു എന്ന ട്വീറ്റിന് ശേഷം ട്വിറ്ററിനായി മസ്‌ക് ഔദ്യോഗികമായി രംഗതെത്തിയിരുന്നു. തുടർന്ന് ട്വിറ്ററിനെ സ്വന്തമാക്കാനുള്ള പദ്ധതി മസ്‌ക് ഉപേക്ഷിച്ചു. ലോകത്തിലെ ഏറ്റവും ധനികനായ എലാൺ അടുത്തിടെ ഏഴ് ബില്യൺ മൂല്യമുള്ള ടെസ്ലയുടെ ഓഹരി വിറ്റിരുന്നു.

അമേരിക്കൻ വ്യാപാരിയായിരുന്ന മാൽക്കം ഗ്ലേസറുടെ ആറ് മക്കളുടെ ഉടമസ്തതയിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്. 2005ലായിരുന്നു ഗ്ലേസർ യുണൈറ്റഡിന്റെ ഓഹരി സ്വന്തമാക്കിയത്. ന്യൂ യോർക്ക് സ്റ്റോക്ക് എക്സ്ചേൻജ് പ്രകാരം 2.1 ബില്യൺ യുഎസ് ഡോളറാണ് യുണൈറ്റഡിന്റെ മൂല്യം. എൻഎഫ്എൽ ടീമായ ടംബ ബേ ബുക്കനീറും ഗ്ലേസർ ഫാമലിയുടെ ഉടമസ്ത്ഥയിലുള്ളതാണ്.

യുണൈറ്റഡിന്റെ മോശം പ്രകടനം മൂലം ആരാധക രോഷമുയരുന്ന സമയത്താണ് മസ്‌ക്കിന്റെ ട്വീറ്റ്. സീസണിലെ ആദ്യ രണ്ട് മത്സരത്തിലും ഡെവിൾസ് പരാജയപ്പെട്ടിരുന്നു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിലവിൽ യുണൈറ്റഡ്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്താണ് ഡെവിൾസ് സീസൺ പൂർത്തിയാക്കിയത്.

അതേസമയം ട്വിറ്റർ ഏറ്റെടുക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറിയതിന്റെ പേരിൽ മസ്‌കിനെതിരെ സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ നൽകിയ കേസിൽ നിയമയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ, ട്വിറ്ററിന് എതിരാളിയായി സ്വന്തം സോഷ്യൽ മീഡിയ സൈറ്റ് അവതരിപ്പിക്കുന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് മസ്‌ക്. ഫോളോവർമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മസ്‌ക്. ട്വിറ്റർ ഏറ്റെടുക്കൽ യാഥാർത്ഥ്യമായില്ലെങ്കിൽ എന്താണ് താങ്കളുടെ അടുത്ത പദ്ധതി എന്നും സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങാൻ പദ്ധതിയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക്.

X.com എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ഒരു സോഷ്യൽ മീഡിയ വെബ്സൈറ്റ് ആവാനിടയുണ്ടെന്നാണ് വിലയിരുത്തൽ. 20 വർഷം മുമ്പ് ഇലോൺ മസ്‌ക് തുടക്കമിട്ട സ്റ്റാർട്ട് അപ്പിന്റെ ഡൊമൈൻ നെയിം ആണ് X.com. ഈ പ്ലാറ്റ്ഫോം പിന്നീട് പേ പാൽ എന്ന സാമ്പത്തിക സേവന കമ്പനിയുമായി ലയിച്ചു. അടുത്തിടെ ടെസ് ലയുടെ ഓഹരിയുടമകളുടെ വാർഷിക യോഗത്തിൽ ഈ വെബ്സൈറ്റിനെ കുറിച്ച് മസ്‌ക് പരാമർശിച്ചിരുന്നു. എക്സ് കോർപ്പറേഷൻ എന്ന തന്റെ പഴയ കമ്പനി തിരികെ വരുന്നതിനെ കുറിച്ചുള്ള വലിയൊരു സ്വപ്നത്തെ കുറിച്ചും ഒരു പക്ഷെ ആ തിരിച്ചുവരവിനുള്ള സമയം ട്വിറ്റർ മൂന്ന് മുതൽ അഞ്ച് വർഷം വരെയാക്കി ത്വരിതപ്പെടുത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.

ട്വിറ്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചും പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ കൃത്യമായ കണക്കുകളും സംബന്ധിച്ച വ്യക്തമായ വിവരങ്ങളും കണക്കുകളും കൈമാറാൻ കമ്പനി തയ്യാറാവുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇലോൺ മസ്‌ക് ഏറ്റെടുക്കൽ കരാറിൽ നിന്ന് പിന്മാറിയത്. ലോകം ഉറ്റുനോക്കിയ 3.5 ലക്ഷം കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. എന്നാൽ കമ്പനിയുമായുണ്ടായ അസ്വാരസ്യങ്ങൾ ഇരു കക്ഷികളേയും കോടതിയിൽ ചെന്നെത്തിക്കുകയായിരുന്നു.