- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസ്നി സിനിമകളിലെ ബാലതാരമായി വെള്ളിവെളിച്ചത്തിലേക്ക്; ഇ ഡി എം സംഗീതവുംപോക്ക്മാനും ഏറെ ഇഷ്ടം; ബിറ്റ്കോയിനിലൂടെ ശതകോടീശ്വരനായപ്പോൾ ആരംഭിച്ചത് പുതിയ ക്രിപ്റ്റോ കറൻസിയായ ടീതർ; ഇന്ന് ഡിജിറ്റൽ കറൻസി വിപണിയുടെ അന്തകനായി ടീതർ മാറുന്നു
ലോസ് ഏഞ്ചൽസ്: 2022 ലെ ആദ്യ പകുതിയെ സാമ്പത്തിക ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത് ക്രിപ്റ്റോ വിന്റർ എന്നായിരുന്നു. ക്രിപ്റ്റോ കറൻസിയുടെ മൂല്യം ക്രമമായി താഴേക്ക് പതിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഏകദേശം 2 ട്രില്യൺ ഡോളർ മൂല്യമുള്ള നിക്ഷേപങ്ങളായിരുന്നു ഈ തകർച്ചയിൽ ഒലിച്ചു പോയത്. പല കമ്പനികളും അടച്ചുപൂട്ടേണ്ടതായി വന്നു. വിപണിയിലെ പല വൻതോക്കുകളും പാപ്പരായി മാറുകയും ചെയ്തു. ക്രിപ്റ്റൊ കറൻസി വിപണിയെ കുറിച്ചുള്ള ആശങ്ക തുടരുന്നതിനിടയിലാണ് ടിതർ എന്ന ക്രിപ്റ്റോകറൻസിക്ക് മേൽ സൂക്ഷ്മ പരിശോധന ആരംഭിച്ചിരിക്കുന്നത്.
ക്രിപ്റ്റോയുടെ ലോകത്ത് പല വ്യാജനാണയങ്ങളും എത്തിയിരുന്നു. അതുപോലെ ഒരൊറ്റ രാത്രികൊണ്ട് പലരേയും ധനികരാക്കുകയും മറ്റൊരു രാത്രികൊണ്ട് അവരെ പരമ ദരിദ്രരാക്കുകയും ചെയ്ത നിരവധി നാണയങ്ങളും എത്തിയിരുന്നു. അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന ഒന്നായിരുന്നു ടിതർ. വളരെ ശ്രദ്ധാപൂർവ്വം രൂപകല്പന ചെയ്തതാണ് ടിതർ എന്നതായിരുന്നു കാരണം.
ഒരു സാമ്പത്തിക വിദഗ്ദ്ധനൊന്നുമായിരുന്നില്ല ഇത് രൂപ കല്പന ചെയ്തത്. മറിച്ച് ഒരുകാലത്ത് ഡിസ്നി സിനിമകളിലെ ബാലനടനായിരുന്ന, പിന്നീട് ബിറ്റ് കോയിനിലൂടെ ശതകോടീശ്വരനായി മാറിയ ബ്രോക്ക് പിയേഴ്സ് എന്ന ഒരു അസാധാരണ മനുഷ്യനായിരുന്നു ഇതിന്റെ പുറകിലെ ബുദ്ധികേന്ദ്രം. ക്രിപ്റ്റോ കറൻസികളുടെ നിഗൂഢ ലോകത്ത് ഒരു കൾട്ട് ലീഡറായി ആരാധിക്കപ്പെടുന്ന 41 കാരൻ തന്റെ പ്രായം ഇരുപതുകളിൽ ആയിരുന്ന കാലത്തായിരുന്നു ടിതറിന് രൂപം നൽകുന്ന പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ബാല പീഡകൻ ജെഫ്രി എപ്സ്റ്റീൻ ഉൾപ്പടെ പല വിവാദ കഥാപാത്രങ്ങളുമായി ഇതിനായി പിയേഴ്സ് കൂട്ടുകൂടിയിരുന്നു. അവസാനം 2014- ൽ ആയിരുന്നു ഡോളറിനെ പരിഹസിക്കുന്ന രൂപത്തിൽ, ഇടപാടുകൾ വേഗത്തിൽ നടത്താൻ സഹായിക്കുന്ന ടിതർ പുറത്തിറങ്ങുന്നത്. ബിറ്റ്കോയിൻ, എതേറിയം തുടങ്ങിയ ഡിജിറ്റൽ കറൻസികളുടെ മൂല്യത്തിൽ വളരെ വേഗത്തിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ടപ്പോഴും, അത്രയധികം മാറ്റങ്ങൾക്ക് വിധേയമാകാത്ത ടിതർ സ്റ്റേബിൾ കോയിൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ഡോളറിന്റെ മൂല്യത്തിനൊപ്പിച്ച് നിലനിന്നിരുന്ന ടീതർ മാറ്റി ഒറിജനൽ കറൻസി വാങ്ങാനും എളുപ്പമായിരുന്നു. എന്നാൽ, കരുതൽ ധനം തീര്ന്നു പോയാൽ എന്തുചെയ്യുമെന്ന ചോദ്യം അന്നും ഉയർന്നിരുന്നു. ഈ ഒരു അവസ്ഥ കമ്പനിക്ക് വന്നു ചേർന്നിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 66 ബില്യൺ ഡോളർ മൂല്യമുള്ള നാണയങ്ങൾ വിപണിയിൽ ഉള്ളപ്പോൾ കമ്പനിയുടെ കൈവശമുള്ള നീക്കിയിരിപ്പ് വെറും 4.1 ബില്യൺ ഡോളർ മത്രമാണെന്നാണ് ഇതിൽ പറയുന്നത്. ബാക്കിയുള്ള 51.9 ബില്യൺ ഡോളർ നഷ്ട സാധ്യത ഏറെയുള്ളിടങ്ങളീൽ നിക്ഷേപിച്ചിരിക്കുകയാണെന്നും പറയുന്നു.
പിയേഴ്സ് ആണ് ടിതറിന്റെ ഉപജ്ഞാതാവെങ്കിലും ഇന്ന് അത് നടത്തുന്നത് അത്ര സുഖകരമല്ലാത്ത ഭൂതകാലമുള്ള രണ്ട് എക്സിക്യുട്ടീവുകളാണ്. അതിൽ ഒരാൾ ഒരു ഇറ്റാലിയൻ പ്ലാസ്റ്റിക് സർജൻ ആണ്. വ്യാജ സോഫ്റ്റ്‌വെയറുകൾ വിറ്റതിന് മൈക്രൊസോഫ്റ്റ് ഇയാളുടെ പേരിൽ കേസ് നൽകിയിരുന്നു. മറ്റൊരാൾഹോങ്കോംഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഡച്ചുകാരനാണ്. ഇയാൾ ഇന്നുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
ഇരുവർക്കും എതിരെ ബാങ്ക് തട്ടിപ്പിന് അമേരിക്കയിൽ കേസുകൾ ഉണ്ടെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പ്രതികരണത്തിന് തയ്യാറായിട്ടില്ല. ക്രിപ്റ്റോ പരിസ്ഥിതിയുടേ ജീവരക്തമാണ് ടിതർ എന്നാണ് അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിദഗ്ദ്ധയായ ഹിലാരി അല്ലെൻ ന്യുയോർക്ക് ടൈംസിനോട് പറഞ്ഞത്. അത് വീണാൽ, ക്രിപ്റ്റോ വിപണി മുഴുവനായും നിലം പതിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
മറുനാടന് ഡെസ്ക്