- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഠപുസ്തക വിതരണം തടഞ്ഞ അക്ഷര വിരോധികളോട് പൊലീസിനും മമതയില്ല; പുസ്തകം കീറിയെറിഞ്ഞ എംഎസ്എഫ് - യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ സമ്മർദ്ദം മറികടന്നും കേസെടുത്തു
മലപ്പുറം: പാഠപുസ്തകവിതണം തടയാനെത്തിയ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവത്തകർക്കെതിരേ സമ്മർദം വകവെയ്ക്കാതെ ഒടുവിൽ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരുദിവസം പിന്നിട്ടിട്ടും പൊലീസ് എഫ്.ഐ.ആർ രജിസ്‌ററർ ചെയ്യണോ വേണയോ എന്ന കാര്യത്തിൽ ആലോചനയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു 2.30നായിരുന്നു മലപ്പുറം തിരുന്നാവായ കൈനിക്കര എ.എം.എൽ.പി സ്‌കൂളിൽ നാലാം
മലപ്പുറം: പാഠപുസ്തകവിതണം തടയാനെത്തിയ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവത്തകർക്കെതിരേ സമ്മർദം വകവെയ്ക്കാതെ ഒടുവിൽ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരുദിവസം പിന്നിട്ടിട്ടും പൊലീസ് എഫ്.ഐ.ആർ രജിസ്‌ററർ ചെയ്യണോ വേണയോ എന്ന കാര്യത്തിൽ ആലോചനയിലായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കു 2.30നായിരുന്നു മലപ്പുറം തിരുന്നാവായ കൈനിക്കര എ.എം.എൽ.പി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകം വിതരണം ചെയ്യാൻ എസ്.എഫ്.ഐ പ്രവർത്തകർ എത്തിയത്. എന്നാൽ എസ്.എഫ്.ഐയുടെ വിതരണവിവരം നേരത്തെ അറിഞ്ഞ എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവർത്തകർ സ്‌കൂൾ പരിസരത്ത് തടിച്ചു കൂടുകയായിരുന്നു.
വിതരണം ചെയ്യാൻ കൊണ്ടുവന്ന പുസ്തകങ്ങൾ സംഘർഷത്തിനിടെ എസ്.എഫ്.ഐക്കാർ വലിച്ചെറിഞ്ഞ് ഓടിയതാണെന്ന് ലീഗുകാരും, പുസ്തകം എം.എസ്.എഫുകാർ കീറി എറിയുകയായിരുന്നെന്ന് ഇടതുപക്ഷക്കാരും ഇപ്പോൾ സമൂഹ്യമാദ്ധ്യമങ്ങളിലുൾപ്പടെ ചെളിവാരിയെറിഞ്ഞുകൊണ്ടിരിക്കുകയാണ്.
എന്നാൽ എസ്.എഫ്.ഐ വിതരണം ചെയ്യാനിരുന്ന നാലാം ക്ലാസിലെ ഇംഗ്ലീഷ്, മലയാളം പാഠപുസ്തക ചട്ടയിൽ എസ്.എഫ്.ഐ-ഡിവൈഎഫ്ഐ എന്ന് അച്ചടിച്ചിരുന്നു എന്നാരോപിച്ചായിരുന്നു പ്രദേശത്തെ ഏതാനും എം.എസ്.എഫ്, യൂത്ത്‌ലീഗ് പ്രവർത്തകർ വിതരണം തടയാൻ എത്തിയിരുന്നത്. പുസ്തകം വിദ്യാർത്ഥികളുടെ കൈകളിൽ എത്തുന്നതിന് മുമ്പേ ലീഗുകാർ സ്‌കൂൾ ഗെയ്റ്റിന് മുന്നിൽവച്ച് എസ്.എഫ്.ഐ പ്രവർത്തകരെ തടഞ്ഞത് പിന്നീട് സംഘർഷത്തിലെത്തുകയായിരുന്നു.
പാഠപുസ്തകം വിതരണം ചെയ്യുന്നതിനു മുമ്പായി സ്‌കൂൾ പ്രധാനാധ്യാപികയെ കാണിക്കണമെന്നായിരുന്നു ലീഗുകാരുടെ ഡിമാന്റ്. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാതെ എസ്.എഫ്.ഐ പ്രവർത്തകർ പുസ്തക കെട്ടുകളുമായി സ്‌കൂൾ കാമ്പസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് സംഘർഷത്തിലും അടിപിടിയിലും കലാശിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ ലീഗ്, സിപിഐ(എം) പ്രവർത്തകർ സ്ഥലത്ത് തടിച്ചു കൂടുകയായിരുന്നു. പൊലീസെത്തിയതോടെ തടിച്ചുകൂടിയവർ പിരിഞ്ഞുപോയെങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ജാള്യത മറച്ച് പ്രദേശത്തെ ലീഗ് നേതാക്കൾ സംഭവത്തിൽ നിന്നും തലയൂരി. പാഠപുസ്തകവിതരണം വൈകിയെന്നുള്ള വികാരം സർക്കാരിനെതിരെ നിലനിൽക്കുമ്പോൾ എം.എസ്.എഫ് പ്രവൃത്തി അപക്വമായെന്ന നിലപാടാണ് പ്രദേശത്തെ മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കൾക്കുള്ളത്. അതേസമയം സംഭവത്തിൽ ഉൾപ്പെട്ടവരെ രക്ഷിക്കാനുള്ള നീക്കങ്ങളും സമ്മർദങ്ങളും പൊലീസിനു മേൽ ഉണ്ടായിരുന്നു. എന്നാൽ ഇത് മറികടന്ന് തിരൂർ എസ്.ഐ ആറ് എം.എസ്.എഫ് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മർദനമേറ്റ എസ്.എഫ്.ഐ പ്രവർത്തകർ നൽകിയ പരാതിന്മേലായിരുന്നു കേസെടുത്തത്. കൈനിക്കര കളത്തിൽ പറമ്പിൽ ആരിഫ്, കോട്ടത്തറ വലിയ പറമ്പിൽ ഷാഹുൽ ഹമീദ്, സഹോദരൻ താജു, കോട്ടത്തറ വലിയ പറമ്പിൽ ജുനൈദ്, കോട്ടത്തറ വലിയപറമ്പിൽ ഹനീഫ, സഹോദരൻ കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെയാണ് കേസെടുത്തത്. അതേസമയം എസ്.എഫ്.ഐ അടുത്ത ദിവസം വിതരണം ചെയ്ത നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ നിന്നും എസ്.എഫ്.ഐയുടെ പേര് നീക്കിയിരുന്നു.