തിരുവനന്തപുരം: നിയമം ലംഘിച്ച് രാജ്യത്തെങ്ങും കേട്ടുകേൾവിയില്ലാത്തവിധം ഓഫീസർമാർ തൊഴിലാളികളായി ചമഞ്ഞ് യൂണിയൻ നേതൃത്വത്തിൽ വിലസുകയും സ്ഥലംമാറ്റം ചെയ്യാനാവാത്ത സംരക്ഷണത്തിന്റെ ചിറകുപറ്റി കെഎസ്ആർടിസിയെ മുടിപ്പിക്കുന്നതുമായ വിവരങ്ങൾ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം പുറത്തവന്നതോടെ ഈ വിഷയത്തിൽ സർക്കാരിന്റെ ഇടപെടലുണ്ടാവണമെന്നും പൊതു ചർച്ചയാകണമെന്നും അഭ്യർത്ഥിച്ച് കോർപ്പറേഷനെ രക്ഷിക്കുകയെന്ന ദൗത്യവുമായി എത്തി സിഎംഡി ടോമിൻ ജെ തച്ചങ്കരി സർക്കാരിന് കത്തെഴുതി.

ഇത്തരത്തിൽ ഇരിക്കുന്ന സീറ്റിൽ കടിച്ചുതൂങ്ങിയിരിക്കുന്നവരുടെ എണ്ണം അതിഭീമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരിയുടെ നോട്ട്. കെഎസ്ആർടിസിയെ രക്ഷിക്കുകയെന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ട് ഇടപെട്ടാണ് തച്ചങ്കരിയെ കോർപ്പറേഷന്റെ ചുമതല ഏൽപിക്കുന്നത്. ഇതിനിടെ തച്ചങ്കരിയുടെ പ്രവർത്തനങ്ങൾക്കും പരിഷ്‌കരണങ്ങൾക്കും എതിരെ പരാതിയുമായി എത്തിയ യൂണിയൻ നേതാക്കളെ പിണറായി തന്നെ ഓടിച്ചുവിട്ട സംഭവവും ഉണ്ടായി. ഇതിന് പിന്നാലെയാണ് 'സംരക്ഷിത തൊഴിലാളി' എന്ന ആനുകൂല്യം മുതലെടുത്ത് അതിന് ഒട്ടും അർഹതയില്ലാത്ത, ഓഫീസർ പദവികളിലുള്ള നിരവധിപേർ കോർപ്പറേഷനിൽ യൂണിയനുകളുടെ തന്നിഷ്ടം നടപ്പാക്കാൻ കടിച്ചുതൂങ്ങി ഒരേ കസേരയിൽ കഴിയുന്നത്. ഇത് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ കാര്യം ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരി സർക്കാരിനും കത്ത് നൽകിയിട്ടുള്ളത്.

കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിലും ഇല്ലാത്ത തരത്തിലാണ് ഈ സംരക്ഷിത തൊഴിലാളി ആനുകൂല്യംപറ്റി നിരവധി പേർ സ്ഥലംമാറ്റത്തിന്റെ പിടി ഒഴിവാക്കി 'ഭരണം' തുടരുന്നതെന്ന് തച്ചങ്കരി നൽകിയ നോട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആർടിസി പോലെ തന്നെ വിപുലമായ കെഎസ്ഇബിയിൽ പോലും ഈയൊരു സാഹചര്യമില്ല. കാലങ്ങളായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്, നിയമം ലംഘിച്ച് ഓരോ പദവിയിൽ കയറിക്കൂടുകയും യൂണിയൻ നേതാക്കളായി നിന്ന് തൊഴിലാളികളെ ഭരിക്കുകയും ചെയ്യുന്നവർക്ക് ഇതോടെ പിടിവീഴുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ സജീവ ശ്രദ്ധ കാണിക്കുന്ന സാഹചര്യത്തിൽ യൂണിയൻ നേതാക്കളുടെ വാദങ്ങൾ വിലപ്പോകില്ലെന്നാണ് വിലയിരുത്തൽ.

മാത്രമല്ല, ഇത്തരത്തിൽ യൂണിയൻ നേതാക്കളായി ഓഫീസർമാർ തന്നെ വിലസുമ്പോൾ സംഘടനയ്ക്ക് അകത്തുപോലും ഇവർക്കെതിരെ പരാതി പറയാൻ കണ്ടക്ടർക്കോ ഡ്രൈവർക്കോ സാധാരണ തൊഴിലാളിക്കോ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ കെഎസ്ആർടിസിയിൽ. അങ്ങനെ പറയുന്നവരെ നോട്ടമിട്ട് അച്ചടക്ക നടപടിയെടുക്കുന്നതും സ്ഥിരമായി നടക്കുന്ന സംഭവമായിരുന്നു. ഈ സ്ഥിതിക്ക് കടിഞ്ഞാണിടാൻ തച്ചങ്കരി തന്നെ രംഗത്തിറങ്ങിയതോടെ കോർപ്പറേഷനിലെ ഭൂരിഭാഗം സ്റ്റാഫും സിഎംഡിയുടെ ഈ നടപടിക്കൊപ്പം നിൽക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

തൊഴിലാളി നിയമപ്രകാരം യൂണിയൻ നേതാക്കൾക്ക് സ്ഥാനചലനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ മറവിൽ തൊഴിലാളി എന്ന നിർവചനത്തിൽ വരാത്തവരാണ് സ്വാധീനം ഉപയോഗിച്ച് യൂണിയൻ തലപ്പത്ത് കയറിക്കൂടി ട്രാൻസ്ഫർ ഇല്ലാത്ത സീറ്റുകൾ ഉറപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ 222 പേർക്ക് ഈ പദവി അനുവദിച്ചിട്ടുണ്ട്. ആവശ്യത്തിന് സ്ഥാഫ് ഇല്ലാതെ കോർപ്പറേഷൻ ട്രിപ്പുകൾ പോലും മുടങ്ങുന്നിടത്താണ് ഇങ്ങനെയൊരു തട്ടിപ്പും അരങ്ങേറുന്നത്. ഇതോടൊപ്പം സൊസൈറ്റിയുടെ മറവിലും 11പേർക്ക് ഇങ്ങനെ സംരക്ഷണം നൽകിയിട്ടുണ്ടെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരിയുടെ കുറിപ്പ്.

തച്ചങ്കരി തയ്യാറാക്കിയ നോട്ട് ഇപ്രകാരം

കെഎസ്ആർടിസിയിൽ രണ്ട് അംഗീകൃത തൊഴിലാളി സംഘടനകളിൽ അംഗങ്ങളായ ജീവനക്കാർക്ക് നൽകിവരുന്ന 'സംരക്ഷിത തൊഴിലാളി' എന്ന ആനുകൂല്യം നിയമങ്ങൾക്ക് അനുസൃതം അല്ലാത്തതും തെറ്റായ കീഴ്‌വഴക്കങ്ങളുടെ അനുകരണവുമാണ്. ഈ സ്ഥാപനത്തിൽ 222 പേർക്ക് നിലവിൽ 'സംരക്ഷിത തൊഴിലാളി' പദവി അനുവദിച്ച് വരുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലോ മറ്റ് സർവീസ് മേഖലകളിലോ ഇത്രയും ഭീമമായ 'സംരക്ഷിത തൊഴിലാളി'കളെ സൃഷ്ടിച്ചിട്ടില്ല. കെഎസ്ആർടിസി പോലെ വിപുലമായ കെഎസ്ഇബിയിൽ പോലും സംസ്ഥാന നേതാക്കൾക്ക് മാത്രമാണ് 'സംരക്ഷിത തൊഴിലാളി' പദവി ഉള്ളത്.

വിദൂര സ്ഥലങ്ങളിലെ ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ക്ഷാമം മൂലം ശരാശരി മുന്നുറോളം ബസ്സുകൾ ദിനംപ്രതി നിരത്തിലിറക്കാൻ കഴിയാതെയിരിക്കുന്ന അവസ്ഥയിലാണ് കെഎസ്ആർടിസി. തന്മൂലം ശരാശരി 60 ലക്ഷം രൂപയുടെ നഷ്ടം കളക്ഷൻ ഇനത്തിൽ ദിനംപ്രതി കോർപ്പറേഷനിൽ സംജാതമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റൊരിടത്തും കാണാത്ത വിധത്തിൽ 222 പേർ 'സംരക്ഷിത തൊഴിലാളി' പദവിയുടെ സംരക്ഷണത്തിൽ സംഘടന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നത്.

മാത്രമല്ല, കോർപ്പറേഷനിലെ ജീവനക്കാരുടെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളായ 11 പേർക്ക് ഇത്തരത്തിൽ സംരക്ഷണം നൽകിയിട്ടുണ്ട്്. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്‌സ് ആക്റ്റ് 2 (എസ്)(നാല്) പ്രകാരം സൂപ്പർവൈസറി തസ്തികയിലുള്ളവർക്ക് ഇത്തരം സംരക്ഷണത്തിന് അർഹതയില്ലാത്തതാണ്. എന്നാൽ മേൽപ്രസ്താവിച്ച 22 പേരിൽ അനേകംപേർ ഇത്തരക്കാരാണ്.

ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്റ്റ് 1947ൽ 33 (4)-ാം ഭാഗത്തിൽ വിവക്ഷിക്കുന്ന രീതിയിലുള്ള എണ്ണം പരിപാലിക്കാതെയാണ് നിലവിൽ സംരക്ഷണം നൽകിവരുന്നത്.

കോർപ്പറേഷൻ 12.9.2017, 28.12.2017, 30.12.2017 എന്നീ തിയതികളിലെ എൽ.ആർ.8/14606/17 നമ്പർ മെമോറാണ്ടങ്ങൾ മുഖേന അംഗീകരിച്ച് നൽകിയിട്ടുള്ള ആനുകൂല്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ല. ഇതിനെ നിയമപരമാക്കണമെന്നും കോർപ്പറേഷനിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സഹകരിക്കണണെന്നും ഉള്ള മാനേജ്‌മെന്റിന്റെ ആവശ്യങ്ങളെ പ്രതിഷേധിക്കുന്ന നിലപാടാണ് ചില തൊഴിലാളി യൂണിയനുകൾ സമർപ്പിക്കുന്നത്.

വായനയ്ക്കും നിർദ്ദേശങ്ങൾക്കുമായി സമർപ്പിക്കുന്നു.