കൊച്ചി: ലഷ്‌കർ ഭീകരനും ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയുമായ തടിയന്റവിട നസീറിനെ കോടതിയിൽ ഹാജരാക്കുന്ന സമയത്ത് കത്തുകൾ കൈമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി ഷഹനാസിനെയാണ് അറസ്റ്റ് ചെയ്തത്. അതിനിടെ നസീറിന്റെയും ഷഹനാസിന്റെയും സുഹൃത്ത് നസീമിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി.

കിഴക്കമ്പലം കാച്ചിപ്പിള്ളി ജുവലറി ഉടമയെ വെട്ടിപ്പരുക്കേൽപ്പിച്ച് സ്വർണവും, പണവും കവർന്ന കേസിൽ ഇന്നലെ കോലഞ്ചേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ തടിയന്റവിട നസീറിനെ ഹാജരാക്കിയിരുന്നു. ഈ സമയത്താണ് പെരുമ്പാവൂർ സ്വദേശി ഷഹനാസ് തടിയന്റവിട നസീറിന് കത്തുകൾ കൈമാറിയത്.

ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഇയാളെ ഇന്നലെത്തന്നെ കസ്റ്റഡിയിൽ എടുത്തത്. കൈമാറിയ കത്തുകളിൽ ബാംഗ്ലൂർ സ്‌ഫോടനക്കേസുകളിലെ സാക്ഷികളെ സ്വാധിനിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ് എഴുതിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. നസീർ ഇയാൾക്കു കൈമാറിയ കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

ഇതിനിടെയാണ് നസീറിന്റെയും ഷഹനാസിന്റെയും സുഹൃത്തായ നസീമിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുന്നത്. നസീമിന്റെ കൊച്ചിയിലെ വീട്ടിലാണു റെയ്ഡ്. ഷഹനാസിനെ തടിയന്റവിട നസീറിനു പരിചയപ്പെടുത്തിയത് നസീമാണ്.

നസീർ കൈമാറിയ കത്തുകളിൽ ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതികളെ സ്വാധീനിക്കാൻ നിർദ്ദേശമുള്ളതായി പൊലീസ് പറഞ്ഞു. കർണാടക ജയിലിൽ കഴിയുകയാണ് നസീർ. ജൂവലറി ഉടമയെ വെട്ടി പണവും സ്വർണവും കവർന്ന കേസിന്റെ വിചാരണയ്ക്കായി കഴിഞ്ഞ ദിവസം കോലഞ്ചേരി മുൻസിഫ് കോടതിയിൽ കൊണ്ട് വന്നപ്പോഴാണ് നസീർ, ഷഹ്നാസിന് കത്തുകൾ കൈമാറിയത്.

എട്ട് കത്തുകളാണ് നസീർ ഷഹ്നാസിന് കൈമാറിയത്. ബെംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷികളെ എങ്ങനെ സ്വാധീനിക്കണം എന്ന് രണ്ട് കത്തുകളിൽ പറയുന്നുണ്ട്. കത്തിലെ മറ്റ് വിവരങ്ങൾ ഉൾപ്പടെ മനസിലാക്കാൻ ഷഹ്നാസിനെ വിശദമായി ചോദ്യം ചെയ്യും. ബംഗളുരു സ്‌ഫോടനക്കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് കത്തിന് പിറകിലുള്ളതെന്നാണ് പൊലീസ് നിഗമനം. കത്തിൽ ഷഹ്നാസിനോട് വ്യാജപ്പേരിൽ പുതിയ സിം കാർഡ് എടുക്കാനും അത് എങ്ങനെ ഉപയോഗിക്കണമെന്നും നസീർ നിർദ്ദേശം നൽകുന്നുണ്ട്. കോട്ടയം കൊല്ലം എന്നിവിടങ്ങളിലെ ചിലരെ ചെന്നുകാണുന്നതിനും അവരിൽ നിന്ന് പണപ്പിരിവ് നടത്താനും നിർദേശമുണ്ട്. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് വ്യാജ സിം കാർഡ് എടുക്കാൻ സാധിച്ചില്ലെന്നും ഉടൻ എടുക്കാമെന്നും ഷഹ്നാസ് നസീറിന് എഴുതിയ മറുപടിയിൽ പറയുന്നു. ചോദ്യം ചെയ്യലിൽ ഷഹ്നാസ് നാലുതവണ പരപ്പന അഗ്രഹാര ജയിലിൽ എത്തി നസീറിനെ സന്ദർശിച്ചിട്ടുള്ളതായും പൊലീസിനോട് പറഞ്ഞു. വ്യാജ പേരിലെടുത്ത ഒരു സിംകാർഡും മൊബൈൽ ഫോണും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഷഹ്നാസിനെ നാളെ കോടതിയിൽ ഹാജരാക്കും.