കണ്ണൂർ: മലബാറിൽ തീവ്രവാദം വളർത്തിയത് സംസ്ഥാന പൊലീസ് തന്നെ. തടിയന്റവിടെ നസീർ എന്ന ലഷ്‌ക്കർ-ഇ- തൊയ്ബ ഭീകരൻ രാജ്യത്തിനു തന്നെ ഭീഷണിയായി വളർന്നതായിരുന്നു മലബാറിൽ തീവ്രവാദത്തിന്റെ ആദ്യ വിത്ത്. കേരളാ പൊലീസിന്റെ ഉദാസീനത തന്നെയായിരുന്നു ഇതിന് കാരണം. ഇപ്പോൾ താലിബാൻ ഹംസ പിടിയിലായി. ഇത്തരത്തിലെ സ്ലീപ്പർ സെല്ലുകൾ കണ്ണൂരിൽ ഇപ്പോഴും സജീവമാണ്. കേന്ദ്ര ഇന്റലിജൻസ് ഈ മുന്നറിയിപ്പ് ഇപ്പോഴും സംസ്ഥാനത്തിന് നൽകുന്നുണ്ട്.

തടിയന്റവിടെ നസീറുമായി ബന്ധപ്പെട്ട് ബംഗളൂരു ബോംബ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് കർണ്ണാടകത്തിൽ നിന്നുമെത്തിയ അന്വേഷണ സംഘത്തിന് കേരളാ പൊലീസിന്റെ നിസ്സഹകരണം ബോധ്യപ്പെടുകയും ചെയ്തിരുന്നു. നസീർ ഉൾപ്പെടെ മുഴുവൻ പ്രതികളും മലയാളികളായതിനാൽ സഹായിക്കേണ്ട ബാധ്യത കേരളാ പൊലീസിനുണ്ടായിരുന്നു. എന്നാൽ നസീറിനെ അറസ്റ്റ് ചെയ്തതിനുശേഷം കൂട്ടു പ്രതികളായ മറ്റുള്ളവരുടെ പാസ്പ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനും കേരളാ പൊലീസ് അലംഭാവം കാട്ടുകയായിരുന്നു.

അതുകൊണ്ടു തന്നെ ഈ കേസിലെ നാല് പ്രതികൾ സൗദിയിലേക്ക് കടക്കുകയും ചെയ്തു. വ്യാജ പാസ്പ്പോർട്ട് എടുത്തു കടന്നുവെന്നാണ് പറയുന്നത്. മരക്കാർ കണ്ടിയിലെ കെ.പി. സാബിർ എന്ന അയൂബ്, താവക്കരയിലെ ഷഫീഖ്, ഇരിണാവിലെ സുഹൈബ്, പറമ്പായിയിലെ പി.എം സലീം എന്നിവരാണ് ഇവർ. ഇതിൽ നസീർ കഴിഞ്ഞാൽ രണ്ടാമനാണ് കെ.പി. സാബിർ. ഇവർ രാജ്യം വിട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കേരളാ പൊലീസിന് ഒഴിഞ്ഞു മാറാനാവില്ല.

2008 ജൂലായ് 25 ന് നടന്ന ബംഗളൂരു സ്ഫോടനത്തെ തുടർന്ന് അറസ്റ്റിലായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് നസീറും കൂട്ടാളികളും. പത്ത് ജനബാഹുല്യ കേന്ദ്രങ്ങളിൽ ബോംബ് വെക്കുകയും ഭാഗ്യം കൊണ്ട് മാത്രം അതിൽ ഒമ്പത് എണ്ണം പൊട്ടാതെ പോവുകയുമായിരുന്നു. ഒരു ബോംബ് പൊട്ടി ബസ്സ് വെയ്റ്റിങ് ഷെൽട്ടറിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്ന ഒരു സ്ത്രീ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറിച്ചാണ് സംഭവിച്ചിരുന്നതെങ്കിൽ ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായി ബംഗളൂരു സ്ഫോടന പരമ്പര മാറുമായിരുന്നുവെന്ന് കേസ് അന്വേഷിച്ച മഡിവാള പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.

മലയാളികളായ 17 പേരാണ് ഈ കേസിലെ പ്രതികൾ. കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലക്കാരാണ് പ്രതികളെല്ലാവരും. ഇതിൽ ജന്മുകാശ്മീർ അതിർത്തിയിലെ കുപ്പുവാര ജില്ലയിൽ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട പരപ്പനങ്ങാടിയിലെ അബ്ദുൾ റഹിം, കണ്ണൂർ സിറ്റിയിലെ ഫയാസ്, മുഴത്തടത്തെ ഫായിസ്, എറണാകുളം സ്വദേശി മുഹമ്മദ് യാസിൻ എന്നിവരും പ്രതികളാണ്. എന്നാൽ നസീറുൾപ്പെടെ പരപ്പന അഗ്രഹാര ജയിലുള്ളവർ ഇവരാണ്. കാടാച്ചിറയിലെ അബ്ദുൾ ജലീൽ, മുതുകുറ്റിയിലെ മുജീബ്, എറണാകുളത്തെ ബദറുദ്ദീൻ, മലപ്പുറം തിരൂരിലെ അബ്ദുൾ ജബ്ബാർ, സൈനുദ്ദീൻ, എന്നിവരാണ്. ബംഗളൂരു സ്ഫോടന കേസിന്റെ ട്രയൽ അവസാന ഘട്ടത്തിലാണ്. രണ്ടു മാസത്തിനകം വിധി പ്രസ്താവം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഗുജറാത്ത് സ്ഫോടന കേസിലും ഇതേ പ്രതികൾക്ക് ബന്ധമുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഫോടനത്തിനു വേണ്ടി അമോണിയം നൈട്രേറ്റ് കടത്തിയത് കേരളത്തിൽ നിന്നാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ന്യൂറിഷാ ത്വരീഖത്ത് എന്ന സംഘടനയുടെ മറവിലാണ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നസീർ തീവ്രവാദ ക്യാമ്പുകൾ സംഘടിപ്പിച്ചത്. മുംബൈ സ്ഫോടനത്തിന്റെ വാർഷിക ദിനത്തിൽ ബംഗ്ലാദേശ് തലസ്ഥാനമായ ഡാക്കയിൽ സ്ഫോടനം നടത്താൻ ഇവർ ലക്ഷ്യമിട്ടിരുന്നു. കേരളത്തിൽ നിന്നും ഇതിനുള്ള പദ്ധതി ആസൂത്രണം ചെയ്തു വരവേയാണ് നസീറും കൂട്ടാളികളും അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന സമയത്തും കേരളത്തിലെത്തി അക്രമ പദ്ധതികൾ ആസൂത്രണം ചെയ്തെന്ന് നസീർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഈ വേളയിലാണ് കളമശ്ശേരി ബസ്സ് കത്തിക്കൽ നടത്തിയത്.

നസീറിന്റെ കേരള സന്ദർശനവും ഒളിവിൽ കഴിയലും ഗൂഢാലോചനകളും മണത്തറിയാൻ കേരളാ പൊലീസിനോ രഹസ്യാന്വേഷണ വിഭാഗത്തിനോ കഴിഞ്ഞിരുന്നില്ല. ലഷ്‌ക്കർ-ഇ-തൊയ്ബയിൽ നിന്നും നസീറിനും സംഘത്തിനും സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സർഫറാസ് നവാസ് ആണ് ഇതിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചത്. പാക്കിസ്ഥാൻ ഭീകര സംഘടനയിൽ നിന്നാണ് സഹായം ലഭിച്ചതെന്നും അറിവായിട്ടുണ്ട്.

ഇതിനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന്റെ കയ്യിലുണ്ട്. കാശ്മീരിൽ ഭീകര പ്രവർത്തനത്തിന് യുവാക്കളെ അയച്ച് സൈന്യവുമായി ഏറ്റുമുട്ടിയതുൾപ്പെടെ നിരവധി കേസുകളിൽ ജീവപര്യന്ത്യ ശിക്ഷ ഏറ്റുവാങ്ങിയ നസീറിന് ഇപ്പോഴും കുറ്റബോധമില്ല. പരപ്പന അഗ്രഹാര ജയിലിൽ കഴിയുമ്പോഴും മാനസാന്തരത്തിന് വഴങ്ങാൻ നസീറിനാവുന്നില്ല.