കണ്ണൂർ: 'എന്റെ ഉപ്പ കള്ളനല്ല. ' രണ്ടാം ക്ലാസ് വിദ്യാർത്ഥി ആണയിട്ട് പറഞ്ഞെങ്കിലും സഹപാഠികൾ അത് വിശ്വസിച്ചില്ല. മകളുടെ വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പെരളശ്ശേരി സ്വദേശിയായ ഒരു വീട്ടമ്മയുടെ മാല കവർന്ന കേസിൽ പ്രതിയാക്കപ്പെട്ടത് കതിരൂർ പുല്ലിയോട് സ്വദേശി താജുദ്ദീനെയായിരുന്നു. പ്രവാസിയായ താജുദ്ദീൻ മകളുടെ വിവാഹത്തിന് നാട്ടിലെത്തിയതായിരുന്നു. സി.സി. ടി. വി യിൽ പതിഞ്ഞ പ്രതിയൂടെ രൂപസാദൃശ്യമുള്ള താജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയത് ഭാര്യയുടേയും മക്കളുടേയും മുന്നിൽ വച്ച് വീട്ടിലേക്ക് പോകവേയായിരുന്നു.

തൊട്ടടുത്ത ദിവസം സ്‌ക്കൂളിലെത്തിയ എട്ട് വയസ്സുകാരനായ മകനെ മറ്റ് വിദ്യാർത്ഥികൾ കള്ളന്റെ മകനെന്ന് വിളിച്ച് പരിഹസിച്ചു. അതോടെ കുട്ടി സ്‌ക്കൂളിൽ പോകാതായി. ഉപ്പയായ താജുദ്ദീനെ പൊലീസ് ജയിലിലടക്കുകയും ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം പങ്കെടുത്ത് ആഘോഷമായി നടന്ന വിവാഹത്തിന്റെ സന്തോഷത്തിൽ കഴിയവേയാണ് ഇടിത്തീ പോലെ താജുദ്ദീനെ തേടി ചക്കരക്കൽ പൊലീസ് എത്തിയത്. താൻ മാല മോഷ്ടാവല്ലെന്നും നൂറ് വട്ടം ആവർത്തിച്ചെങ്കിലും എസ്‌ഐ. ഉൾപ്പെടെയുള്ള പൊലീസുകാർ കനിഞ്ഞില്ല. നിരപരാധിയായ താജുദ്ദീന്റെ മകൻ ഇന്ന് സ്‌ക്കൂളിലേക്ക് പോയി. കള്ളനെ പൊലീസിന് കാട്ടിക്കൊടുത്ത ഉപ്പയുടെ മകനായി.

ഗൾഫിൽ നല്ല രീതിയിൽ ബിസിനസ്സ് നടത്തുന്ന പ്രവാസിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് അത് ചെവിക്കൊണ്ടില്ല. ദൃശ്യം സിനിമയെ അനുകരിച്ച് ടവർ ലൊക്കേഷൻ മാറ്റി പൊലീസിനെ പറ്റിക്കുകയാണെന്നും എന്നാൽ തന്റെ പണി വിലപ്പോവില്ലെന്നും അവർ പരുഷമായി പറഞ്ഞു. താജുദ്ദീനോട് സാദൃശ്യമുള്ള ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ഒരാളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ നോക്കിയാണ് പൊലീസ് പ്രതിയെ നിർണ്ണയിച്ചത്. ആവർത്തിച്ച് തനിക്കിതിൽ പങ്കില്ലെന്ന് പറഞ്ഞപ്പോൾ കേസ് രമ്യമായി തീർക്കാൻ അവസരം നൽകാമെന്ന് ഒരു വേള പൊലീസ് പറഞ്ഞു. എന്നാൽ കുറ്റം ചെയ്യാത്ത താജുദ്ദീൻ അതിന് തയ്യാറായില്ല. പൊലീസ് അറസ്റ്റ് ചെയ്ത് തലശ്ശേരി സി.ജെ.എം. കോടതിയിൽ ഹാജരാക്കുകയും കോടതി താജുദ്ദീനെ റിമാന്റ് ചെയ്യുകയും ചെയ്തു.

തുടർന്ന് 54 ദിവസത്തെ നീണ്ട ജയിൽവാസം. അതോടെ താജുദ്ദീൻ മനസ്സിലുറപ്പിച്ചു. പ്രതിയെ താൻ തന്നെ കണ്ടെത്തുമെന്ന് പ്രതിഞ്ജയെടുത്തു. സുഹൃത്തുക്കൾ വഴി വാട്സാപ്പിലൂടെ സന്ദേശങ്ങൾ ഒഴുകി. ജയിൽവാസത്തിന് ശേഷം ജാമ്യം തേടി പുറത്തിറങ്ങിയപ്പോൾ മുഖ്യമന്ത്രി, ഡി.ജി.പി., പ്രതിപക്ഷനേതാവ് എന്നിവർക്ക് തന്റെ നിരപരാധിത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഡി.വൈ. എസ്. പി.യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതോടെ താജുദ്ദീൻ നിരപരാധിയാണെന്ന് തെളിഞ്ഞു. പ്രതിയെ കണ്ടെത്താനാഉള്ള താജുദ്ദീന്റെ ശ്രമവും ഫലവത്തായി. മുക്കം പൊലീസ് കവർച്ചാ കേസിൽ അറസ്റ്റ് ചെയ്ത ശരത് എന്നയാളാണ് യഥാർത്ഥ പ്രതിയെന്ന് തിരിച്ചറിഞ്ഞു.

കോഴിക്കോട് സബ്ജയിലിൽ കഴിയുന്ന പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ താജുദ്ദീൻ തന്നെ ശേഖരിച്ച് ഉദ്യോഗസ്ഥർക്ക് നൽകി. അതോടെ താൻ നിരപരാധിയാണെന്ന് പൊലീസ് പ്രഖ്യാപിച്ചു. എന്നാൽ കവർച്ചാ കേസിൽ പ്രതിയാക്കി ജയിലിലടച്ച പൊലീസിനെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് താജുദ്ദീൻ. ഗൾഫിൽ തന്റെ ബിസിനസ്സ് എല്ലാം താറുമാറായിരിക്കയാണ്. 80 ലക്ഷം ഇന്ത്യൻ രൂപയുടെ ഇടപാട് ഇക്കാലത്ത് നടക്കേണ്ടതുണ്ടായിരുന്നു. അതിൽ താൻ കൊടുക്കാനുള്ളതും ബാങ്കിലടക്കാനുള്ളതും ലഭിക്കാനുള്ളതുമായ ഇടപാടുകളുണ്ട്. അതെല്ലാം താറുമാറായിരിക്കയാണ്. അവിടെയെത്തുമ്പോൾ താൻ കടക്കാരനായി മാറുമോ എന്ന ഭയവും താജുദ്ദീനെ വേട്ടയാടുന്നു.

അവിടെ മറ്റൊരു ബിസിനസ്സിന് തുടക്കം കുറിച്ച് എഗ്രിമെന്റിന്റെ അവസാന ഘട്ടത്തിലാണ്. അത് വഴി 9 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി കഴിഞ്ഞു. തന്നെ കള്ളനായി ചിത്രീകരിക്കുകയും ജയിലിലടക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമത്തിന്റെ ഏതറ്റം വരേയും പോകാനൊരുങ്ങിയിരിക്കയാണ് താജുദ്ദീൻ. മകന്റെ പഠനം മുടങ്ങിയതിന്റെ പരാതിയിൽ ബാലാവകാശ കമ്മീഷന്റെ തെളിവെടുപ്പിനും മകനും കുടുംബത്തിനൊപ്പവും താജുദ്ദീൻ ഹാജരായിരുന്നു. താജുദ്ദീന്റെ പാസ്പ്പോർട്ടും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് തിരികെ ലഭിക്കാൻ തലശ്ശേരി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ചക്കരക്കൽ എസ്. ഐ. പി. ബിജുവിനെ സ്ഥലംമാറ്റാനുള്ള നടപടി പൊലീസ് അധികാരികൾ എടുത്തുവെന്നാണ് സൂചന.