തലശ്ശേരി: തലശ്ശേരിയിൽ സവിത ജൂവലറി ഉടമ പി.കെ. ദിനേശൻ കൊല ചെയ്യപ്പെട്ട സംഭവത്തിലെ ചുരുളഴിയുന്നു. കവർച്ചക്കിടെ നടന്ന കൊലപാതകമല്ല ഇതെന്നും സംഭവത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടായെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്നാണ് കൂത്തുപറമ്പ് സി.ഐ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നൽകുന്ന സൂചന. ജുവല്ലറി ഉടമയെ അടുത്തറിയുന്ന ആൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നത്. ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.

അടുത്തിടെ ദിനേശൻ 90 ലക്ഷം രൂപക്ക് ഒരു കട വിൽപന നടത്തിയിരുന്നു. ഇതിൽ ദിനേശന്റെ കൈവശമുണ്ടായിരുന്ന 14 ലക്ഷം രൂപ കാണാനുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിന് ഇടയിലാണ് കൊലപാതകം ഉണ്ടായത്. പൊലീസ് ഇക്കാര്യം അന്വേഷിച്ചതോടെയാഇണ് സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തായത്. മരണശേഷം ആദ്യം ജൂവലറിയിലത്തെിയ സഹോദരൻ മനേഷിനെ കഴിഞ്ഞ ദിവസം പൊലീസ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. ദിനേശന്റെ ഭാര്യയുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തി. പണമിടപാടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. നിരവധി പേരെ ഇതിനകം പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു.

ചൊവ്വാഴ്ച രാത്രി എട്ടിനാണ് കൊല നടന്നത്. അര മണിക്കൂർ കഴിഞ്ഞ് സഹോദരൻ എത്തുമ്പോഴേക്കും രക്തം വാർന്ന് മരണം സംഭവിച്ചിരുന്നു. നെഞ്ചിനേറ്റ കുത്താണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ജുവലറിക്കുള്ളിലെ പൂജാമുറിക്കകത്താണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ സ്ഥിരമായി എത്തുന്ന സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് ദിനേശനെ ഫോൺ വിളിച്ചിരുന്നു. എടുക്കാത്തതിനാൽ സഹോദരൻ മനേഷ് ജൂവലറിയിലേക്കു ചെന്നു. അപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ദിനേശനെ കണ്ടത്.

ദിനേശന്റെ ശരീരത്തിൽ മൊത്തം നാല് മുറിവുകളുണ്ടായിരുന്നു. പരിയാരം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. എസ്. ഗോപാലകൃഷ്ണ പിള്ള കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. അതേസമയം, കടയുടെ മുൻവശത്തെ തെരുവ് വിളക്ക് പുനഃസ്ഥാപിച്ചു. ആഴ്ചകൾക്ക് മുമ്പ് വൈദ്യുതി തൂണിൽ ലോറി ഇടിച്ചതിനെ തുടർന്നാണ് തെരുവ് വിളക്ക് പ്രവർത്തനരഹിതമായത്. സംഭവം നടക്കുമ്പോൾ സമീപത്തെ കടകൾ അടച്ചതിനാൽ പ്രദേശം ഇരുട്ടിലായിരുന്നു. ജൂവലറിയുടെ ഷട്ടർ പകുതി താഴ്‌ത്തിയ നിലയിലുമായിരുന്നു.