കണ്ണൂർ: നിർമ്മാണമാരംഭിച്ച് ഒരു വർഷം പൂർത്തിയാകാറായപ്പോൾ പ്രവൃത്തി ഉത്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി എത്തുന്നത് ചർച്ചാവിഷയമാകുന്നു. തലശ്ശേരി-മാഹി ദേശീയപാതാ ബൈപാസിന്റെ നിർമ്മാണ ഉത്ഘാടനത്തിനാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എത്തുന്നത്. കഴിഞ്ഞ വർഷം നവംബറിൽ നിർമ്മാണം ആരംഭിക്കുകയും 45 മീറ്റർ വീതിയിൽ മണ്ണെടുപ്പ് നടത്തി പ്രവർത്തി പുരോഗമിക്കുകയും ചെയ്ത ദേശീയ പാതക്കാണ് കേന്ദ്രമന്ത്രിയുടെ ഉത്ഘാടനം വീണ്ടും അരങ്ങേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ മുഖ്യാതിഥിയാകും. ഈ മാസം 30 ന്ു ഉത്ഘാടനം തീരുമാനിച്ചിരിക്കയാണ്.

40 വർഷം മുമ്പ് 1977 ൽ സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ച തലശ്ശേരി -മാഹി ബൈപാസിന്റെ നിർമ്മാണം മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ നീളുന്നതാണ്. ബൈപാസിന്റെ മുഴപ്പിലങ്ങാട് മുതൽ പാറാൽ വരെയുള്ള 11 കിലോമീറ്റർ നീളത്തിൽ പ്രവൃത്തി നടന്നു വരുന്നുമുണ്ട്. ഈ പാതയുടെ നിർമ്മാമോത്ഘാടനത്തിനാണ് കേന്ദ്രമന്ത്രി എത്തുന്നത്. പ്രവൃത്തി ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്ന വേളയിൽ കേന്ദ്രമന്ത്രിക്കു വേണ്ടി ഉത്ഘാടന മഹാമഹം നടത്തുന്നതിന്റെ പിറകിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് പരക്കേ ആരോപണമുയർന്ന് വരികയാണ്. ഉത്ഘാടനം നടത്താൻ വേണ്ടി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുടെ സമയം കാത്തതാണ് ഇത്രയും വൈകിയതെന്നാണ് ദേശീയപാതാ വിഭാഗത്തിൽ നിന്നും അറിയുന്നത്.

ഈ മേഖലയിൽ ചില സ്ഥലത്ത് നിർമ്മാണ പ്രവർത്തനം അന്ത്യഘട്ടത്തിലാണ്. കൊളശ്ശേരി, ചോനാടം,കണ്ടിക്കൽ , പാറാൽ, ബാലം, എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെ നിർമ്മാണവും പുരോഗമിച്ചു വരികയാണ്. ഇതിൽ ചിറക്കുനിയിലെ മേൽപ്പാലം പൂർത്തിയായി കഴിഞ്ഞു. കാര്യങ്ങൾ ഇത്രയേറെ ആയപ്പോളാണ് കേന്ദ്രമന്ത്രിക്ക് വേണ്ടി വലിയ ചടങ്ങ് വെച്ച് ഉത്ഘാടനം നടത്തുന്നത്. അതേ സമയം കേരളത്തിൽ മറ്റൊരിടത്തുമില്ലാത്ത ചെലവാണ് ദേശീയപാതാ വികസനത്തിന് വേണ്ടി വരുന്നതെന്ന് ചൂണ്ടിക്കാട്ടി വികസന സ്തംഭനം നേരിടുകയാണ്. ഒരു കിലോ മീറ്റർ ദേശീയപാത നാല് വരിയാക്കാൻ മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത ചെലവാണ് കേരളത്തിലെന്ന് ചൂണ്ടിക്കാട്ടി പദ്ധതി സ്തംഭനത്തിലായിരിക്കയാണ്.

കാസർഗോഡ് ജില്ലയിലെ തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ദേശീയപാതകളുടെ വികസനത്തിന് ആദ്യം 42 കോടിയുടെ ബജറ്റായിരുന്നു നൽകിയത്. ഉപരിതല ഗതാഗത മന്ത്രാലയം നിരസിച്ചതോടെ 32 കോടിയാക്കി പുതുക്കി നൽകി. എന്നാൽ ഇതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. 2020 നകം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാല് വരിപാത ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാറിന്റെ ഉദ്ദേശത്തിനാണ് വിലങ്ങാവുന്നത്. സ്ഥലമേറ്റെടുത്താൽ മതിയായ തുക അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ഏപ്രിൽ മാസം പണം അനുവദിക്കാമെന്ന് കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരേയും അത് പാലിക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ ദേശീയപാതക്ക് വിവിധ ജില്ലകളിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കവേയാണ് ചെലവിന്റെ കാര്യത്തിലുള്ള കേന്ദ്രത്തിന്റെ ഉടക്ക്.