തലയോലപ്പറമ്പ്: 2014ലാണ് കൊലപാതകം എങ്ങനെ സമർത്ഥമായി ഒളിപ്പിക്കാമെന്ന് ദൃശ്യം സിനിമയിൽ ജോർജ്ജ് കുട്ടി വിവരിച്ചത്. കൈയബദ്ധത്തിൽ നിന്ന് കുടുംബത്തെ രക്ഷിക്കാനുള്ള നായകന്റെ ഇടപെടൽ മലയാളി സൂപ്പർ ഹിറ്റായി.

മോഹൻലാൽ സിനിമയുടെ ആവേശത്തിൽ തെളിവ് നശിക്കാൻ സമാനമായ പലതും പിന്നീട് കേരളത്തിൽ കണ്ടു. എന്നാൽ തലയോലപ്പറമ്പിൽ ദൃശ്യം മോഡൽ സിനിമ പുറത്തിറങ്ങും മുമ്പേ നടന്നിരുന്നു. 2008ലെ തലയോലപ്പറമ്പ് കാലായിൽ മാത്യുവിന്റെ കൊലപാതകം തിരോധാനമായി മാറിയത് ദൃശ്യം സിനിമയിലെ തന്ത്രത്തിന് സമാനമായ കുബുദ്ധിയിലൂടെയാണ്. എന്നാൽ കൂട്ടത്തിൽ ഒറ്റുകാരനുണ്ടായതോടെ അനീഷും കൂട്ടുകാരും കുടുങ്ങി. അനീഷിന്റെ അച്ഛൻ തന്നെയാണ് ഒറ്റുകാരന്റെ റോളിൽ ക്ലൈമാക്‌സിലെത്തിയത്.

എട്ടു വർഷം മുൻപു കാണാതായ മാത്യുവിന്റെ കൊലപ്പെടുത്തി കെട്ടിടത്തിന്റെ ഉള്ളിൽ കുഴിച്ചിട്ട സംഭവത്തിൽ കെട്ടിടത്തിന്റെ ഉൾവശം പൊളിക്കുന്ന നടപടികൾ ആരംഭിച്ചു. ജാക്ക് ഹാമർ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ താഴത്തെ നിലയുടെ തറ പൊളിക്കുന്നത്. കാലയ്ക്കുപിന്നിൽ മാസങ്ങൾക്കു മുമ്പ് കള്ളനോട്ടുകേസിൽ പ്രതിയായ അനീഷും സുഹൃത്തുക്കളുമാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഇത്.

2008 നവംമ്പർ 25ന് വൈകുന്നേരം 4.30ന് മക്കളെ സ്‌കൂളിൽനിന്നും വീട്ടിൽ കൊണ്ടുവന്നാക്കിയശേഷം സ്വന്തം കാറുമായി പുറത്തേയ്ക്കിറങ്ങിയ മാത്യു പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഏറെ വൈകിയും കാണാതെ വന്നതോടെ നാട്ടുകാരും ബന്ധുക്കളും പൊലീസും നടത്തിയ തെരച്ചിലിൽ പള്ളികവലയ്ക്കുസമീപം ഉപേഷിക്കപ്പെട്ടനിലയിൽ കാർ കണ്ടെത്തിയിരുന്നു. തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയിരുന്നെങ്കിലും മാത്യുവിനെ കണ്ടെത്താനായില്ല. ഈ തിരോധാനമാണ് കൊലപാതകമാകുന്നത്.

ദൃശ്യം സിനിമയിലെ കൊലപാതക രംഗത്തിന് സമാനമായ ആസൂത്രണമാണ് തലയോലപ്പറമ്പിൽ ഉണ്ടായിരിക്കുന്നത്. പ്രതിയുടെ അച്ഛൻ വാസുവിന്റെ വെളിപ്പെടുത്തലാണ് കേസിന്റെ വഴിത്തിരിവിന് കാരണമായത്. ഇതേത്തുടർന്ന് മാത്യുവിന്റെ മകൾ നൈസി തലയോലപ്പറമ്പിൽ കേസ് നൽകിയിരുന്നു. ഒപ്പം അനീഷിന്റെ അച്ഛന്റെ വെളിപ്പെടുത്തലിന്റെ ഓഡിയോയും ഹാജരാക്കി. ഇതേത്തുടർന്നാണ് അനീഷിനെ പൊലീസ് വിശദമായി ചോദ്യംചെയ്തത്. ഇതോടെ കുറ്റസമതം നടത്തി. പണമിടപാടിലെ തർക്കമാണ് മാത്യുവിനെ കൊന്ന് കുഴിച്ചു മൂടാൻ കാരണമെന്ന് പൊലീസിനോട് സമ്മതിച്ചുു. പ്രതി അനീഷ് കൊല്ലപ്പെട്ട മാത്യുവിൽനിന്നു പണം പലിശയ്ക്കു വാങ്ങിയിരുന്നു. പകരം വീടും സ്ഥലവും അനീഷ് ഈടായി നൽകി. പലിശ കൂടിയപ്പോൾ വീട്ടിൽനിന്നു മാറാൻ മാത്യു ആവശ്യപ്പെട്ടു.

ഇതോടെ വൈരാഗ്യമായി. അനീഷ് പള്ളിക്കവലയ്ക്കുസമീപം സ്റ്റിക്കർവർക്ക് നടത്തിയിരുന്ന സ്ഥാപനത്തിലേക്ക് മാത്യുവിനെ വിളിച്ചുവരുത്തി കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കയർ കഴുത്തിൽ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തി കടയുടെ പിന്നിൽ കുഴിച്ചുമൂടിതായാണ് അനീഷ് പൊലീസിനു നൽകിയ മൊഴി. ഇത് സ്ഥിരീകരിക്കാനാണ് കെട്ടിടം പൊളിച്ച് പരിശോധിക്കുന്നത്. മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്ന് പ്രതിയായ അനീഷ് പറഞ്ഞ കെട്ടിടത്തിൽ മുമ്പ് സ്റ്റിക്കർ വർക്ക് കടനടത്തിയിരുന്നത് പ്രതി തന്നെയായിരുന്നു. തുടർന്ന് രണ്ടു വർഷങ്ങൾക്കു മുമ്പാണ് കെട്ടിടം പുതുക്കി പണിതത്. അതിനു ശേഷമാണ് അനീഷ് കള്ളനോട്ട് കേസിൽ പൊലീസ് പിടിയിലാകുന്നത്

മാത്യുവിനെ കാണാതായതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. അപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നതിനാൽ ഇദ്ദേഹം ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു എന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. മടങ്ങിവരുമെന്ന പ്രതീക്ഷയോടെ കഴിയുകയായിരുന്നു ഭാര്യ എൽസിയും മക്കളായ നൈസി, ലൈജി, ചിന്നു എന്നിവരടങ്ങിയ നിർധനകുടുംബം. കഴിഞ്ഞ നാലിന് മാത്യുവിന്റെ മൂത്തമകൾ നൈസിയെ കാണാനായി പിതാവിന്റെ സുഹൃത്തും കള്ളനോട്ടുകേസിൽ പ്രതിയുമായിരുന്ന അനീഷിന്റെ പിതാവ് മാത്യുവിന്റെ തിരോധാനം കൊലപാതകമാണെന്ന് മകളോട് വെളിപ്പെടുത്തി. സമീപകാലത്ത് തലയോലപ്പറമ്പിൽ കള്ളനോട്ടുകേസിൽ പിടിയിലായി ജയിലിൽ കഴിയുന്ന അനീഷിനും ഇയാളുടെ പഴയകാലത്തെ ചിലസുഹൃത്തുക്കൾക്കും ബന്ധമുള്ളതായും പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ നൈസി തലയോലപ്പറമ്പ് പൊലീസിൽ വീണ്ടും പരാതിനൽകി. തുടർന്ന് പ്രതിയെന്നുസംശയിക്കുന്ന അനീഷിനെ പൊലീസ് കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. സാമ്പത്തിക ഇടപാടുകളാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട മാത്യുവും പ്രതിയായ അനീഷും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ അനീഷിന്റെ സുഹൃത്തുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

മാത്യുവിനെ കൊലപ്പെടുത്തിയ വിവരം മാത്യുവിന്റെ മകൾ നൈസിയോട് അനീഷിന്റെ പിതാവ് വാസുവാണ് ഫോൺ വഴി കൊലപാതക വിവരം വെളിപ്പെടുത്തിയതെന്ന് പൊലീസും സ്ഥിരീകരിച്ചു. നൈസി ഫോൺ കോൾ റിക്കാർഡ് ചെയ്തു. തുടർന്ന് തലയോലപറമ്പിൽ ഫോൺ കോളിന്റെ റിക്കാർഡിങ് സഹിതം പരാതി നൽകുകയായിരുന്നു. തുടർന്നു കള്ളനോട്ട് കേസിൽ ജയലിൽ കഴിയുന്ന അനീഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്.

തലയോലപ്പറമ്പിലെ പ്രധാന പണമിടപാടുകാരനായിരുന്നു കൊല്ലപ്പെട്ട മാത്യു. അനീഷ് ആശുപത്രിക്കവലയ്ക്കു സമീപം സ്റ്റിക്കർ വർക്കുകളുടെ സ്ഥാപനം നടത്തുകയായിരുന്നു. വൈകുന്നേരങ്ങളിൽ അനീഷിന്റെ കടയിൽ മാത്യു സ്ഥിരംസന്ദർശകനായിരുന്നു. ഇവർ ഉറ്റസുഹൃത്തുക്കളുമായിരുന്നുവെന്നു പൊലീസ് പറയുന്നു. വീടിന്റെ ആധാരം പണയപ്പെടുത്തി അനീഷ് മാത്യുവിൽനിന്ന് പണം വാങ്ങിയിരുന്നു. പണം തിരികെ ലഭിക്കാൻ വൈകിയതിനെ തുടർന്നു മാത്യു അനീഷിനെ ശല്യപ്പെടുത്തിയിരുന്നു. ഇതാണു സൗഹൃദം തകരുന്നതിനും പിന്നീട് കൊലപാതകത്തിനും കാരണമായതെന്നാണു സൂചന.

മാത്തനെ കൊലപ്പെടുത്തിയ ശേഷം കടയുടെ പിൻഭാഗത്തു കുഴിയുണ്ടാക്കി കുഴിച്ചുമൂടുകയായിരുന്നു. എന്നാൽ 2008ലെ അതിദാരുണമായ കൊലപാതകത്തിന്റെ കഥ ഇപ്പോൾ പുറത്തായതിനു പിന്നിൽ അനീഷിന്റെ കൂട്ടുപ്രതി പൊലീസിനയച്ച കത്താണ്. ഈ കത്തിലൂടെയാണ് അനീഷിന്റെ അച്ഛൻ കാര്യങ്ങൾ മനസ്സിലാക്കിയതെന്നും സൂചനയുണ്ട്.