കണ്ണൂർ: ദുരൂഹ സാഹചര്യത്തിൽ മരിച്ച തളിപ്പറമ്പിലെ ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ വീടും സ്ഥലവും പയ്യന്നൂർ ബാറിലെ വനിതാ വക്കീൽ കെ.വി. ഷൈലജയും ഭർത്താവ് പി.കൃഷ്ണകുമാറും ചേർന്ന് വിൽപ്പന നടത്തിയതായി അന്വേഷണ സംഘം.

തിരുവനന്തപുരം പേട്ടയിലെ ബാലകൃഷ്ണന്റെ വീട് മരണാനന്തരം 19 ലക്ഷം രൂപക്ക് നിഷ എന്ന സ്ത്രീക്കാണ് വിറ്റത്. ബാലകൃഷ്ണൻ രോഗ ബാധിതനാകും വരെ താമസിച്ച ഈ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചതോടെ വ്യാജ രേഖ ചമച്ച് വിൽപ്പന നടത്തിയാതായി തെളിഞ്ഞു. കോടികൾ വിലമതിക്കുന്ന ഈ വീടും സ്ഥലവും വെറും 19 ലക്ഷം രൂപക്ക് വിൽപ്പന നടത്തിയതിനു പിന്നിലും ദുരൂഹതയുണ്ട്. ബാലകൃഷ്ണൻ ഏറെക്കാലം ഈ വസതിയിൽ കഴിഞ്ഞിരുന്നപ്പോൾ ഒരിക്കൽ പോലും എത്താത്തവർ മരണശേഷം സഹോദരീ ഭർത്താവാണ് ബാലകൃഷ്ണൻ എന്ന വ്യാജേനയാണ് വനിതാ വക്കീലും ഭർത്താവും എത്തിയത്.

വീട് വിൽക്കുന്നതിന് മുമ്പ് വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുവകകൾ അഭിഭാഷകയും സംഘവും കടത്തിയിരുന്നു. പ്രദേശവാസികൾ ഇത് തടഞ്ഞപ്പോൾ അന്നത്തെ പേട്ട സിഐ എത്തി പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. ഒടുവിൽ വീട് വിൽക്കാൻ ശ്രമിച്ചപ്പോഴും സിഐയുടെ സഹായം ലഭിച്ചു. അങ്ങിനെയാണ് വ്യാജരേഖ ചമച്ചെത്തിയവർ ബാലകൃഷ്ണന്റെ സ്വത്തുക്കൾ കൈയടക്കിയത്.

ബാലകൃഷ്ണന്റെ വീടും സ്ഥലവും വിൽപ്പന നടത്തിയ രേഖകൾക്കായി തിരുവനന്തപുരത്തെ വില്ലേജ് ഓഫീസിലും രജിസ്ട്രാർ ഓഫീസിലും പരിശോധന നടത്തി വരികയാണ്. ബാലകൃഷ്ണനെ തിരുവനന്തപുരത്തെ വസതിയിൽ ഏറെക്കാലം പരിചരിച്ച ഒരു വേലക്കാരി ഉള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ബാലകൃഷ്ണനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് കോഴിക്കോട്ടേക്ക് കൊണ്ടു വരാനുള്ള സാഹചര്യവും വഴിക്കു വെച്ച് അയാൾ മരിക്കാനിടയായ സംഭവവും അന്വേഷണത്തിലുണ്ട്. ബാലകൃഷ്ണൻ മരിച്ച കൊടുങ്ങല്ലൂരിലെ ആശുപത്രി അധികൃതരിൽ നിന്നും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറിൽ നിന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.

ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽ നിന്നും 66,000 രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബാലകൃഷ്ണന്റെ ഭാര്യ എന്ന പേരിൽ കൊണ്ടു വന്ന ജാനകിക്ക് ഭീഷണിയുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. അതിനാൽ രാമന്തളിയിലുള്ള ബന്ധു വീട്ടിലേക്ക് അവരുടെ താമസം മാറ്റിയിട്ടുണ്ട്. ജാനകിക്ക് ഈ തട്ടിപ്പുമായി നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം.

വനിതാ വക്കീലും ഭർത്താവും ബാലകൃഷ്ണന്റെ മറ്റെന്തെല്ലാം സ്വത്തുക്കളിൽ കൈവച്ചു എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവർക്കെതിരെ നിരവധി തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ബാലകൃഷ്ണന്റെ മരണത്തിലെ ദുരൂഹതയും പുറത്തുകൊണ്ടു വരേണ്ടതുണ്ട്. ആ നിലയ്ക്കും അന്വേഷണം നടക്കുന്നുണ്ട്. തളിപ്പറമ്പിലെ ആക്ഷൻ കമ്മിറ്റിയും പൊലീസിനെ സഹായിക്കാൻ സജീവമായി രംഗത്തുണ്ട്.