തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോഡ്ജിൽ കൊല്ലപ്പെട്ട മകൾ ഗായത്രിയെയോർത്ത് മനംനൊന്ത് കരയുകയാണ് അമ്മ സുജാത. മകൾ മരിച്ചതറിഞ്ഞിട്ടും വിശ്വസിക്കാനാകാതെ വിങ്ങിപ്പൊട്ടുകയാണ് കാട്ടാക്കടയിലെ ഗായത്രിയുടെ വീട്. അമ്മയ്ക്കും സഹോദരി ജയശ്രീക്കുമൊപ്പമാണ് ഗായത്രി താമസിച്ചിരുന്നത്. ഗായത്രിയിലായിരുന്നു ആ കൂടുംബത്തിന്റെ പ്രതീക്ഷ മുഴുവൻ. എന്നാൽ അഹിതമായ ഒരു പ്രണയം കാരണം കുടുംബത്തിന് അത്താണിയെ തന്നെ നഷ്ടമാകുകയായിരുന്നു.

കൊല്ലപ്പെട്ട ഗായത്രിയുടെ കുടുംബം ആണ് കൊല നടത്തിയ പ്രവീണിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. പ്രവീൺ ഭീഷണിപ്പെടുത്തിയെന്ന് ഗായത്രിയുടെ അമ്മ സുജാത പറയുന്നു. കൊലപാതകം നടന്ന ദിവസം ഗായത്രിയെ വിളിച്ചപ്പോൾ ഫോണെടുത്തത്ത് പ്രവീൺ ആണ്. ഗായത്രിക്ക് ഫോൺ കൈമാറാൻ പറഞ്ഞപ്പോൾ മോശമായി സംസാരിച്ചു. മകളെ കാണാനില്ലെന്ന് കാട്ടി കാട്ടാക്കട പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് പല തവണ പറഞ്ഞെങ്കിലും കേട്ടില്ല. വിവാഹ ബന്ധം വേർപെടുത്തിയെന്ന് പറഞ്ഞ് പ്രവീൺ തെറ്റിദ്ധരിപ്പിച്ചെന്നും ഗായത്രിയുടെ അമ്മ പറയുന്നു.

ഒരുമിച്ച് കഴിയാൻ ആഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണ് മകളെ കൊന്നതെന്നാണ് കരച്ചിലടക്കാതെ സുജാത ചോദിച്ചത്. മകളുടെ അടുപ്പം സുജാതയ്ക്ക് അറിയാമായിരുന്നെങ്കിലും ഈ ബന്ധം മരണത്തിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഗായത്രി ഒപ്പമുണ്ടെന്നും കുഴപ്പമൊന്നുമില്ലെന്നുമാണ് അപ്പോഴെല്ലാം പ്രവീൺ പറഞ്ഞിരുന്നത് ഉടൻ തന്നെ ഗായത്രിയെ വിവാഹം കഴിക്കുമെന്നും പ്രവീൺ വിശ്വസിപ്പിച്ചു. രാത്രി പത്തുമണിയായിട്ടും മകള് മടങ്ങിവരാത്തതോടെ സംശയം തോന്നി കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകി. അധികം വൈകാതെ തന്നെ മകളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഗായത്രിയും പ്രവീണും തമ്മിലുള്ള ബന്ധം ഇരു വീട്ടുകാർക്കും അറിയാമായിരുന്നു. ആദ്യ ഭാര്യ ഇതിന്റെ പേരിൽ പ്രവീണുമായി ഉടക്കി. ഇതിനിടെ ആദ്യ ഭാര്യയുമായി ബന്ധം ആരംഭിച്ചതായും അവർ ഗർഭിണിയാണെന്നും അറിഞ്ഞതോടെ പ്രവീണുമായി ഇടപഴകുന്നതിൽനിന്ന് ഗായത്രിയെ കർശനമായി വിലക്കി. ഗായത്രി ജൂവലറിയിലെ ജോലി മതിയാക്കുകയും ചെയ്തു. തുടർന്ന് വീരണകാവിലെ അരുവിക്കുഴിയിൽ ജിംനേഷ്യത്തിൽ ട്രെയ്‌നറായി ജോലി ചെയ്തുവരികയായിരുന്നു.

ശനിയാഴ്ച ഉച്ചയോടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ പോകുന്നു എന്നുപറഞ്ഞാണ് ഗായത്രി വീട്ടിൽനിന്നു പോയത്. കാണാതായപ്പോഴാണ് മൂന്നോടെ മൊബൈലിലേക്കു വിളിച്ചത്. വൈകീട്ടോടെ വിവാഹിതരായതായുള്ള ചിത്രം ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടിൽ കണ്ടതോടെ സുജാതയും ഇളയമകളും ചേർന്ന് വീണ്ടും ഗായത്രിയുടെ ഫോണിൽ വിളിച്ചു. ഈ ഘട്ടത്തിലാണ് പ്രവീൺ ഫോണെടുത്തതും.

ഒരുവർഷം മുൻപുവരെ തലസ്ഥാനത്ത് ജൂവലറിയിൽ ജോലി ചെയ്യുമ്പോൾ പട്ടത്തുള്ള ഒരു ഹോസ്റ്റലിലായിരുന്നു ഗായത്രി. ഈ ജൂവലറിയിലെ ഡ്രൈവറായിരുന്നു പ്രവീൺ. എല്ലാ ദിവസവും വൈകീട്ട് ഗായത്രിയെ ഹോസ്റ്റലിൽ എത്തിക്കുന്നത് പ്രവീണായിരുന്നു. ഈ യാത്രകളാണ് ഇരുവരെയും അടുപ്പിച്ചത്. ആദ്യ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നും ഉടൻ ബന്ധം വേർപെടുത്തും എന്നുമാണ് പ്രവീൺ ഗായത്രിയെ അറിയിച്ചിരുന്നത്.

പഠിക്കാൻ മിടുക്കിയായ അനിയത്തിയെ ഇനിയും പഠിപ്പിക്കണമെന്ന ആഗ്രഹം കാരണമാണ് ബിരുദം നേടിയതോടെ പഠനം അവസാനിപ്പിച്ച് ഗായത്രി ജൂവലറിയിൽ ജോലിക്കായി പോയത്. കുടുംബത്തിന്റെ അത്താണിയായിരുന്ന അച്ഛൻ മാരിയപ്പൻ 11 വർഷം മുമ്പ് മരിച്ചതോടെ ഹോട്ടലുകളിൽ ജോലി ചെയ്താണ് അമ്മ സുജാത രണ്ടു പെൺകുട്ടികളെയും വളർത്തിയത്. ഈ വീട്ടുകാരെക്കുറിച്ച് നാട്ടുകാർക്കും നല്ലതേ പറയാനുള്ളൂ.