കോട്ടയം: തങ്കുപാസ്റ്റർ എന്ന ആത്മീയ വ്യാപാരി കേരളത്തിലെ രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും ഏറെ പ്രിയപ്പെട്ടവനാണ്. അതുകൊണ്ടു തന്നെ ആത്മീയ സുവിഷേങ്ങൾ വഴി കോടികൾ കൊയ്യുന്ന പാസ്റ്റർ വിളിച്ചാൽ രാഷ്ട്രീയക്കാർ ഓടിയെത്തും എന്നാണ് ആക്ഷേപം. സ്വർഗീയ വിരുന്ന് പരിപാടി വഴി കോടികൾ സമ്പാദിക്കുന്ന പാസ്റ്റർ അടുത്തിടെ കേരളത്തിലെ ആം ആദ്മിയിലും ഒരു കൈ നോക്കാൻ ഒരുങ്ങിയെന്ന വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. കോട്ടയത്ത് എല്ലാ സീസണിലും പാസ്റ്റർ സംഘടിപ്പിക്കുന്ന ആത്മീയ വിരുന്നിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്.

ഇത്തവണ പരിപാടി തുടങ്ങിയപ്പോഴും രാഷ്ട്രീക്കാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരെയും ഒരുമുപ്പിക്കാൻ തങ്കു പാസ്റ്റർക്ക് സാധിച്ചു. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ പാസ്റ്ററുടെ പരിപാടിയിൽ പങ്കെടുക്കാനെത്തി. സ്വർഗീയവിരുന്ന് സഭകളുടെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തത് രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ ആയിരുന്നു. തങ്കു പാസ്റ്ററെ പുകഴ്‌ത്തി കൊണ്ടായിരുന്നു കുര്യന്റെ പ്രസംഗം. ആത്മീയത കുറയുന്നതാണ് അക്രമങ്ങളും കൊലപാതകങ്ങളും കൂടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

സ്വർഗീയവിരുന്ന് സ്ഥാപകപ്രസിഡന്റ് തങ്കു ബ്രദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം നഗരസഭാ ചെയർപേഴ്സൺ ഡോ. പി.ആർ.സോന, സിപിഎം. ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, വർഗീസ് മാമ്മൻ, മാനുവൽ ജേക്കബ്, റെജി കോശി തുടങ്ങിയവർ പ്രസംഗിച്ചു. ബുധനാഴ്ച കോട്ടയം ജില്ലാ ആശുപത്രിയിൽ നടക്കുന്ന രക്തദാനക്യാമ്പ് ജോസ് കെ.മാണി എംപി. ഉദ്ഘാടനംചെയ്യും. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.

മാധ്യമപ്രവർത്തകനും സ്ഥാപനങ്ങൾക്കും പണം നൽകി കൊണ്ടാണ് തങ്കു ബ്രദർ ആത്മീയ വ്യാപാരം നടത്തുന്നത്. പത്രങ്ങൾക്കും ചാനലുകൾക്കും പരസ്യം നൽകുകയാണ് ഇതിന്റെ മാർഗ്ഗം. ആത്മീയ വിരുന്നിന്റെ പേരിൽ വിശ്വാസത്തെ മറയാക്കി പണപ്പിരിവു നടത്തുന്നു എന്ന ആരോപണവും തങ്കുബ്രദറിനെതിരെ ഉയർന്നിരുന്നു. കോട്ടയം പ്രസ് ക്ലബിൽ വാർത്താസമ്മേളനംം വിളിച്ച് ആരോപണം ഉന്നയിച്ചെങ്കിലും മാധ്യമങ്ങളെല്ലാം വാർത്താസമ്മേളനം മുക്കുകയായിരുന്ന. അഞ്ച് വർഷത്തോളം വർഷമായി സ്വർഗീയ വിരുന്നിന്റെ ശുശ്രൂഷകരായിരുന്ന ഇവർ ് സ്വർഗീയ വിരുന്നിൽ മാറിയതോടെയാണ് ഇവർക്കെതിരെ തങ്കു ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം.

ഹെവൻലി ഫീസ്റ്റ് അഥവാ സ്വർഗ്ഗീയ വിരുന്നു എന്നറിയപ്പെടുന്ന സുവിശേഷ പ്രഘോഷക കേന്ദത്തിലാണ് യുക്തിക്കു നിരക്കാത്ത അധിക്രമങ്ങൾ നടക്കുന്നതെന്ന് വെളിപ്പെടുത്തിയായിരുന്നു 5 വർഷമായി സ്വർഗീയ വിരുന്നിന്റെ ശുശ്രൂഷകരായിരുന്ന രാജനും ബീനയും അന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. സ്വർഗീയ വിരുന്നിന്റെ പേരിൽ വൻ തോതില് പണം പിരിക്കുന്നതായും, ആരാധനയ്ക്കെത്തുന്നവരിൽ നിന്നും സ്ത്രോത്ര കാഴ്ചയ്ക്കു പുറമെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് കവറുകൾ നൽകി അതിലൂടെ പണം സമാഹരിക്കുകയാണെന്നും തങ്കു ബ്രദറിനെതിരെ ഇവർ ആരോപണമായി ഉന്നയിച്ചിരുന്നു. മിഷൻ മന്ത്, ഫെയ്ത്ത് സീഡ്, കിങ്ഡം സീഡ് തുടങ്ങിയ വിവിധ പേരുകളിലാണ് കവറുകളിൽ എഴുതുന്നത്. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളിൽ നിന്ന് ഓരോ ആഴ്ചയും ലക്ഷക്കണക്കിന് രൂപയാണ് ശേഖരിക്കുന്നതെന്നായിരുന്നു കുറ്റപ്പെടുത്തൽ.

8 വർഷങ്ങൾക്കു മുമ്പ് കട്ടപ്പന സ്വദേശിനിയായ പെൺകുട്ടിയെ കൈവയ്പ് ശുശ്രൂഷയ്ക്കെന്ന പേരിൽ തങ്കുപാസ്റ്റർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നത് അടക്കമുള്ള ആരോപണങ്ങൾ ബ്രദറിനെതിരെ ഉയർന്നിരുന്നു. വൻ തോതിൽ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദി, എസ്എൻഡിപിഎന്നിവ അടക്കമുള്ള ഹൈന്ദവ സംഘടനകൾ വളരെക്കാലമായി പ്രക്ഷോഭം നടത്തിവരികയായിരുന്നു.

വർഷങ്ങൾക്ക് മുൻപ് കോട്ടയം പട്ടണത്തിൽ പൊട്ടിയ ഒരു ചിട്ടി കഥയിലെ കേന്ദ്ര കഥാപാത്രമായിരുന്നു തങ്കു ബ്രദർ എന്നാണ് നാട്ടുകാർ പറയുന്നത്. അന്ന് മാത്യു കുരുവിള എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേർ. കോട്ടയം സിഎംഎസ് കോളേജിൽ നിന്നും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പ്രീ ഡിഗ്രി മാത്രം കൈമുതലായുള്ള തങ്കു സഹോദരന്റെ പേരിന് മുൻപിലുള്ള ഡോക്റ്റർ പദവി പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. തങ്കു ബ്രദറിലേക്കുള്ള ജീവിതയാത്രയുടെ തുടക്കത്തിൽ കോളേജ് രാഷ്ട്രീയത്തിലെ സജീവ എസ്എഫ്ഐ പ്രവർത്തകനിൽ നിന്നുമായിരുന്നു. ചിട്ടി നടത്തിപ്പുകാരനായി ജീവിതം കരുപ്പിടിവിക്കുവാൻ തങ്കുബ്രദർ ശ്രമിച്ചു. ചിട്ടി എട്ടുനിലയിൽ പൊളിയുകയും, അവസാനം വിദേശത്തേക്ക് നാടുവിടുകയുമായിരുന്നു തങ്കു.

ചിട്ടി പൊട്ടിയതിനെ തുടർന്ന് വിദേശത്തേക്ക് പോയ ഇയാൾ വർഷങ്ങൾക്ക് ശേഷം തങ്കു ബ്രദറായി പുനരവതരിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്. ദൈവവഴിയിൽ ആയതോടെ പൂർവാശ്രമ കഥകളൊക്കെ ബ്രദർ മറന്നു എന്നാണ് നാട്ടുകാരുടെ പരാതി. രോഗശാന്തിയുടെ പേരിൽ കൺവെൻഷനുകൾ സംഘടിപ്പിച്ച് ബ്രദർ വളർന്നു. ആറ് വർഷം കോണ്ട് തങ്കു ബ്രദർ കോടീശ്വരനായി. കോട്ടയത്തെ സ്വർഗീയ വിരുന്നിന്റെ ആസ്ഥാനം പടർന്ന് പന്തലിച്ചു. ഇതിനിടയിലെപ്പോഴോ മാത്യു കുരുവിള ഡോ. മാത്യു കുരുവിളയായി. കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് പണം നിക്ഷേപിക്കാൻ പന്തലിൽ പ്രത്യേകം പെട്ടി സ്ഥാപിച്ചാണ് ഇവിടെ പ്രാർത്ഥന നടക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങളെയെല്ലാം തങ്കു ബ്രദർ നിഷേധിച്ചിരുന്നു. വിഘടിച്ച് നിൽക്കുന്ന വിവിധ ക്രിസ്ത്യൻ സമുദായങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി അശ്രാന്തപരിശ്രമം നടത്തുകയാണ് താനൈന്നാണ് തങ്കു ബ്രദർ അന്നു പറഞ്ഞത്.