ന്യൂ ഡൽഹി: നല്ലതെന്ന് തോന്നിയാൽ കോൺഗ്രസ് എംപി ശശി തരൂരിന് തുറന്ന് പറയാൻ ഒരുമടിയുമില്ല. അത് പ്രകടിപ്പിക്കാൻ ട്വിറ്ററാണ് തരൂരിന്റെ ഇഷ്ടമാധ്യമം. കേരളം ഒന്നാമതാണെന്ന് കാണിക്കുന്ന പരസ്യം ഹിന്ദി പത്രങ്ങളിലും നൽകിയതിനാണ് മുഖ്യമന്ത്രി പിണറായി വിജയന് തരൂരിന്റെ അഭിനന്ദനം.

ഹിന്ദി സംസാരിക്കുന്നവരിലേക്കും എത്താൻ സാധിച്ചതിൽ അഭിനന്ദനങ്ങൾ എന്നാണ് ശശി തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്തുകൊണ്ട് കേരളം നമ്പർ വൺ ആകുന്നു എന്ന് ഹിന്ദിയിലുള്ള പരസ്യം സിഎംഒ കേരള എന്ന ട്വിറ്ററിൽ സംസ്ഥാന സർക്കാർ ഹിന്ദിയിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂർ അഭിനന്ദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങളിൽ സംസ്ഥാന സർക്കാർ കേരളം നമ്പർ വൺ എന്ന പരസ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദിയിലും പരസ്യം ചെയ്തിരിക്കുന്നത്. 

പരസ്യം ചെയ്യുക മാത്രമല്ല, ഫേസ്‌ബുക്കിലും ട്വിറ്ററിലും മുഖ്യമന്ത്രി ഹിന്ദിയിൽതന്നെ ആ പരസ്യം പോസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്തെ സി.പി.എം-ബിജെപി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സർക്കാരിനെതിരെയുള്ള ബിജെപിയുടെ ദേശീയതലത്തിലെ പ്രചാരണം ചെറുക്കാനാണ് പരസ്യവുമായി രംഗത്തെത്തിയത്.