- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തിവലുതാക്കി തുറന്നുവിട്ട കൃഷ്ണപ്പരുന്തുകൾ പാരയായി; തട്ടേക്കാട്ടെ നാട്ടുകാർക്കും സന്ദർശകർക്കും വനംവകുപ്പിന്റെ പരിഷ്കാരം തലവേദനയായി; ഉത്തരംമുട്ടി അധികൃതർ
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിൽ മാംസഭുക്കുകളായ പരുന്തുകളുടെ ആക്രമണം രൂക്ഷം . സന്ദർശകരും നാട്ടുകാരും ഭീതിയിൽ. അടുത്തകാലം വരെ പക്ഷിസങ്കേതത്തിൽ സംരക്ഷിക്കുകയും പിന്നീട് വനംവകുപ്പധികൃതർ തുറന്നുവിടുകയും ചെയ്ത മൂന്നു കൃഷ്ണപ്പരുന്തുകളാണ് പരിസരവാസികൾക്കും സന്ദർശകർക്കും ഭീഷണിയായി മാറിയിട്ടുള്ളത്. പക്ഷി സങ്കേതത്തിന്റെ കവാ
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിൽ മാംസഭുക്കുകളായ പരുന്തുകളുടെ ആക്രമണം രൂക്ഷം . സന്ദർശകരും നാട്ടുകാരും ഭീതിയിൽ. അടുത്തകാലം വരെ പക്ഷിസങ്കേതത്തിൽ സംരക്ഷിക്കുകയും പിന്നീട് വനംവകുപ്പധികൃതർ തുറന്നുവിടുകയും ചെയ്ത മൂന്നു കൃഷ്ണപ്പരുന്തുകളാണ് പരിസരവാസികൾക്കും സന്ദർശകർക്കും ഭീഷണിയായി മാറിയിട്ടുള്ളത്.
പക്ഷി സങ്കേതത്തിന്റെ കവാടത്തോടടുത്ത പ്രദേശത്ത് ഇവ പലതവണ പ്രദേശവാസികളേയും സന്ദർശകരെയും ആക്രമിച്ചു. ഭർത്താവിന്റെ പണിസ്ഥലത്തേക്ക് ഭക്ഷണവുമായി പോകുയായിരുന്ന പ്രദേശവാസിയായ റോമിലയെ കഴിഞ്ഞ ദിവസം ഇവ കൂട്ടത്തോടെ ആക്രമിച്ചു. മുൻപ് രണ്ടുവട്ടം ഇവർക്ക് ഈ പരുന്തുകളുടെ ആക്രമണം ഏറ്റിരുന്നു. സമീപപ്രദേശത്തെ വിദ്യാർത്ഥിനിയെയും ഇവ ആക്രമിച്ചു. ആശുപത്രിയിൽ ചികത്സ തേടിയ ഈ കുട്ടിക്ക് ഇപ്പോൾ വീടിനു പുറത്തിറങ്ങാൻ ഭയമായിരിക്കുകയാണ്.
പാതയോരങ്ങളിലെയും വീടുകളുടെ സമീപപ്രദേശങ്ങളിലെയും മരച്ചില്ലകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഇവ സമീപത്തുകുടി വരുന്നവർക്കുനേരെ പാഞ്ഞെത്തി ആക്രമിക്കുകയാണ്. ദേഹത്ത് കടിക്കുകയും നഖംകൊണ്ട് മാന്തുകയും ചെയ്യുന്നതുമൂലം ആക്രമണത്തിനിരയാവുന്നവർക്ക് സാരമായി പരിക്കേൽക്കുന്നുണ്ട്. കൊത്തേൽക്കുന്ന ഭാഗങ്ങളിലെ മാംസം നഷ്ടപ്പെടുന്നുണ്ടെന്നാണ് അനുഭവസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.
മാംസം മാത്രം നൽകിയാണ് പക്ഷിസങ്കേതം അധികൃതർ ഇവയെ പോറ്റിയിരുന്നത്. കൈയിൽ പൊതികളോ പ്ലാസ്റ്റിക് കവറുകളോ കരുതുന്നവരെ ആക്രമിച്ച് ഇവ തട്ടിയെടുത്ത് പറന്നകലുകയാണ് ഇവയുടെ രീതി. പൊതികളിലും കവറുകളിലുമുള്ളത് ഭക്ഷ്യവസ്തുക്കളാണെന്നു കരുതിയായിരിക്കാം പരുന്തുകൾ ഇത് തട്ടിയെടുക്കുന്നതെന്നും ഇവ വിട്ടുകൊടുക്കാതെ എതിരിടുന്നവരെയാണ് പരുന്തുകൾ പകയോടെ ആക്രമിക്കുന്നതെന്നുമാണ് പരിസരവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.
പരുന്തുകളുടെ ആക്രമണഭീഷിണി നിലനിൽക്കുന്നതിനാൽ കുട്ടികളെ വീടിനുപുറത്ത് വിടാൻ ഭയമാണെന്നാണ് ഇവിടത്തെ ഭൂരിപക്ഷം വീട്ടമ്മമാരുടെയും പ്രതികരണം. മത്സ്യ-മാംസാദികൾ വീടിനു പുറത്ത് വച്ച് വൃത്തിയാക്കുന്ന വീട്ടമ്മമാർക്കുനേരെ പരുന്തുകളുടെ ആക്രമണം ഉറപ്പാണ്. ഇതുമൂലം ഇത്തരം ജോലികളൊക്കെ വീടിനുള്ളിൽ തന്നെ നിർവ്വഹിക്കേണ്ട ഗതികേടിലാണിപ്പോൾ ഇക്കൂട്ടർ.
സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന വിദേശികളുടെ സംഘങ്ങളും നൂറുകണക്കിന് തദ്ദേശിയരായ സന്ദർശകരും നിത്യേന എത്തുന്ന ലോകപ്രശസ്ത പക്ഷി സങ്കേതത്തിലെ പരുന്തുശല്യം നിയന്ത്രിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരാൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും ഇക്കാര്യത്തിൽ വനംവകുപ്പധികൃതരുടെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
നേരത്തെ ഇവിടെ നിന്നും പുറത്തുവിട്ട ഭീമൻ കുരങ്ങുകളിലൊന്ന് ഇത്തരത്തിൽ ആക്രമണം നടത്തുക പതിവായിരുന്നു നിരവധി സന്ദർശകർക്ക് കുരങ്ങിൽനിന്നും കടിയേറ്റിരുന്നു. ക്യാമറ ഉൾപ്പെടെ സന്ദർശകരുടെ വിലപിടിപ്പുള്ള വസ്തുവകകൾ ഈ കുരങ്ങ് തട്ടിയെടുത്ത് നശിപ്പിക്കുകയും പതിവായിരുന്നു. അടുത്തകാലത്താണ് ഇവയുടെ നിരന്തരശല്യത്തിന് നേരിയ ആശ്വാസമായത്. ഇതിനു പിന്നാലെയാണിപ്പോൾ പുതിയ വിപത്തെന്ന പോലെ പരുന്തുശല്യം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
പക്ഷിപ്പനിയും കുരങ്ങുപനിയുമൊക്കെ സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ പക്ഷിസങ്കതത്തിലെ പരുന്തുകളുടെയും കുരങ്ങന്റെയും മറ്റും മനുഷ്യർക്കുനേരെയുള്ള ആക്രമണം നിസ്സാരമായി തള്ളരുതെന്നും ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് തയ്യാറാവണമെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആവശ്യം.