തട്ടേക്കാട്: ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ ഡോ. സലിം അലി വർഷങ്ങൾ നീണ്ടു നിന്ന ഗവേഷണ-നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ പറവകളുടെ ഈ സാമ്രാജ്യം ശരിയാം വണ്ണം സംരക്ഷിക്കുന്നതിൽ ഗവൺമെന്റ് തികഞ്ഞ പരാജയമായി. ഡോക്ടർ സലിം അലിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേര് പക്ഷിസങ്കേതത്തിന് നൽകിയെങ്കിലും പറവകളോടുള്ള അദ്ദേഹത്തിന്റെ അളവില്ലാത്ത സ്‌നേഹം അധികൃതർ അറിഞ്ഞമട്ടില്ല.

ആവാസ വ്യവസ്ഥയിലെ കനത്ത വ്യതിയാനം, ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം, മനുഷ്യരുടെ ആക്രമണം തുടങ്ങി നിരവധി കാരണങ്ങളാൽ ഇവിടെയുണ്ടായിരുന്ന പക്ഷികളിൽ വലിയൊരു വിഭാഗം മറ്റ് വനപ്രദേശങ്ങളിലേക്ക് ചേക്കേറി.

നാൽപത് ശതമാനത്തോളം വരുന്ന ദേശാടന പക്ഷികളിൽ പകുതിയോളവും ഇപ്പോൾ പക്ഷിസങ്കേതത്തോടു വിടപറഞ്ഞു. ദേശാടകരിലെ ജലപക്ഷികളെ മഷിയിട്ടു നോക്കിയാൽ കൂടി കാണാനില്ലാത്ത അവസ്ഥയാണിപ്പോൾ നിലവിലുള്ളത്.

ആഗോള താപനത്തിലെ ഏറ്റക്കുറച്ചിലുകളും പെരിയാറിൽ ജലവിതാനം ക്രമാതീതമായി കുറഞ്ഞതുമാണ് പക്ഷികളുടെ ആവാസവ്യവസ്തയിലുണ്ടായ കനത്തമാറ്റത്തിന് കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇതുമൂലം തീരങ്ങളിൽ ഇരതേടുകയും അടിക്കാടുകളിൽ മുട്ടയിടുകയും ചെയ്തിരുന്ന വലിയൊരുവിഭാഗം പക്ഷികൾ അടുത്തകാലത്ത് ഇവിടെ നിന്നും അപ്രത്യക്ഷരായിരുന്നു.

തട്ടേക്കാടിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കാൻ വനംവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതികളും ലക്ഷ്യം കണ്ടില്ല. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇവിടെയൊരുക്കിയ ഡിയർ പാർക്കും മിനി കാഴ്ചബംഗ്ലാവുംവാച്ച് ടവറുകളും മറ്റും ഉദ്ദേശിച്ച ഫലം ചെയ്തില്ല. ഇന്റർപ്രൊട്ടക്ഷൻ സെന്ററിന്റെ സമീപത്തായി സ്ഥാപിച്ച മിനി കാഴ്ചബംഗ്ലാവിലെ അക്വേറിയങ്ങളിൽ ഇപ്പോഴുള്ളത് കല്ലും മണ്ണും മാത്രം.

കൂടുകളിൽ ഉണ്ടായിരുന്ന മൃഗങ്ങളെയും പക്ഷികളെയയും മറ്റും തുറന്നുവിട്ടു. വിനോദസഞ്ചാരികൾക്കായി പെരിയാറിൽ ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയതും പക്ഷിമൃഗാദികളെ അടുത്തുകാണുന്നതിനും താമസിക്കുന്നതിനുമായി വാച്ച്ടവറുകൾ നിർമ്മിച്ചതും മറ്റും ടൂറിസ്റ്റുകൾക്ക് വേണ്ടിയായിരുന്നു. ഇന്ധനക്ഷാമത്തെതുടർന്ന് വനംവകുപ്പിന്റെ ബോട്ടുകൾ കരയിൽ വിശ്രമിക്കാൻ തുടങ്ങയിട്ട് മാങ്ങളായി.വാച്ച് ടവുറുകൾ കാലപ്പഴക്കത്താൽ ഏതു നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലുമാണ്.