ബാംഗലുരു: ചോദിച്ചത് ഗാനഗന്ധർവ്വനാണ്. അതുകൊണ്ട തന്നെ ഒന്നും നോക്കാതെ നൽകി. പക്ഷേ യേശുദാസ് അങ്ങനെ ആ വസ്തു എടുത്തില്ല. ഗുരഗുലം മാതൃകയിലുള്ള സംഗീത വിദ്യാലയത്തിന് യോജിച്ചതല്ല സ്ഥലമെന്ന് മടികൂടാതെ പറഞ്ഞു. ഇതോടെ വെട്ടിലായത് കർണ്ണാടക സർക്കാരാണ്.

കണ്ണായ സ്ഥലത്താണ് യേശുദാസിന് ഭൂമി നൽകിയത്. പക്ഷേ വാസ്തു ശാസ്ത്രമെന്ന സാങ്കേതികത ഉയർത്തി ഗാനഗന്ധർവ്വൻ ഭൂമി ഏറ്റെടുക്കുന്നില്ല. പകരം ഭൂമി വേണമെന്നും ആവശ്യപ്പെടുന്നു. കോടതി ഉത്തരവുള്ളതിനാൽ പഴയതു പോലെ എളുപ്പത്തിൽ കാര്യങ്ങളും നടക്കില്ല. തദ്ദേശിയരുടെ എതിർപ്പും ഉയരും. ഇതെല്ലാം എങ്ങനെ മറികടക്കുമെന്നാണ് സർക്കാർ ചിന്ത. പുതിയ ഭൂമി അനുവദിച്ചാൽ എതിർപ്പുണ്ടാകുമെന്ന സൂചനകളുമുണ്ട്. കാരണം ജീൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ യേശുദാസിന്റെ വിവാദ പരാമർശങ്ങൾ ബംഗലുരുവിലും ചർച്ചയായിരുന്നു.

സംഗീത വിദ്യാലയത്തിനായി യേശുദാസിന് ജി വിഭാഗത്തിൽ സ്ഥലമനുവദിക്കാൻ എസ്.എം. കൃഷ്ണ മന്ത്രിസഭ 2003 ൽ തീരുമാനിച്ചിരുന്നതാണ്. എന്നാൽ നിയമപരമായി ഇതിന് കഴിയുമായിരുന്നില്ല. കർണ്ണാടകത്തിൽ കുറഞ്ഞത് പത്തുകൊല്ലം താമസിച്ചയാൾക്ക് മാത്രമേ ജി വിഭാഗത്തിൽ ഭൂമി അനുവദിക്കാൻ കഴിയൂ. ഇതു മനസ്സിലാക്കി യേശുദാസിനായി ചട്ടങ്ങളിൽ ഭേദഗതിയും വരുത്തി. എന്നിട്ടും ഭൂമി കിട്ടിയില്ല.

ബാഗ്ലൂർ വികസന അഥോറിട്ടിയുടെ നിലപാടായിരുന്നു ഇതിന് കാരണം.  2008ൽ യെദിയൂരപ്പ സർക്കാർ അധികാരത്തിൽ വന്നപ്പോൾ യേശുദാസിന്റെ ആവശ്യം വീണ്ടും പരിഗണനയിലെത്തി. തടസങ്ങൾ നീക്കി ഭൂമി അനുവദിച്ചു. ഈ ഭൂമിക്കാണ് വാസ്തു ശാസ്ത്ര പ്രശ്‌നങ്ങളുണ്ടെന്ന് യേശുദാസ് പരാതിപ്പെടുന്നത്. പോരാത്തതിന് എത്രയും വേഗം പുതിയ ഭൂമി അനുവദിക്കണമെന്ന അപേക്ഷയും യേശുദാസ് നൽകി. ഇതിന് നൂലാമാലകൾ ഏറെയാണ്.

ജി വിഭാഗത്തിൽ ആദ്യം നൽകിയ സ്ഥലം പടിഞ്ഞാറോട്ട് ദർശനമുള്ളതായതിനാൽ അത് ഏറ്റെടുക്കാൻ യേശുദാസ് വിമുഖത കാണിക്കുകയായിരുന്നു. വാസ്തുശാസ്ത്ര പ്രകാരം പടിഞ്ഞാറോട്ടുള്ള ദർശനം ശുഭകരമല്ലാത്തതിനെ തുടർന്നാണ് യേശുദാസ് സ്ഥലം മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടത്. ബാംഗ്ലൂരിലെ പഴയ മദ്രാസ് റോഡിനടുത്തുള്ള ഒ.എം.ബി.ആർ ലേഔട്ടിൽ ജി വിഭാഗത്തിലാണ് നാലായിരം സ്‌ക്വയർ ഫീറ്റ് ഭൂമി അനുവദിച്ചത്.  

കിഴക്കോട്ടോ-വടക്കോട്ടോ ദർശനമുള്ള കെട്ടിടത്തിന് യോജിച്ച സ്ഥലം വേണമെന്നാണ് ആവശ്യം. ഗുരുകുല മാതൃകയിലെ സംഗീത വിദ്യാലയമാണ്  യേശുദാസ് ഉദ്ദേശിക്കുന്നത്. അതിനാൽ വാസ്തു ശാസ്ത്രത്തിൽ വിട്ടുവീഴ്ചയാകാൻ കഴിയില്ലെന്നും യേശുദാസ് നിലപാട് എടുക്കുന്നു. ഇതെല്ലാം വ്യക്തമാക്കിയാണ് പുതിയ അപേക്ഷ നൽകിയിരിക്കുന്നത്.

യേശുദാസിന്റെ അപേക്ഷ പരിഗണിക്കണമെന്ന് ബാംഗ്ലൂർ വികസന അഥോറിറ്റി (ബി.ഡി.എ.) കമ്മീഷണർ സർക്കാറിനെഴുതിയിട്ടുണ്ട്. പക്ഷേ, ജി വിഭാഗത്തിലേതിന് ഇനി അവസരമില്ലെന്നെതാണ് വസ്തത. മുഖ്യമന്ത്രിയുടെ പ്രത്യേകാധികാരം ഉപയോഗിച്ചുള്ള ജി വിഭാഗത്തിലെ ഭൂമി അനുവദിക്കലിനെ കോടതി തടഞ്ഞിട്ടുണ്ട്. അപ്പോൾ പിന്നെ പുതിയ ഭൂമി എങ്ങനെ അനുവദിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. എ മുതൽ എഫ് വിഭാഗത്തിലെ ഭൂമി യേശുദാസിന് നൽകാൻ കഴിയുമോ എന്നാണ് പിരിശോധിക്കുന്നത്.

പക്ഷേ നഗരഹൃദയത്തിൽ യേശുദാസ് ആവശ്യപ്പെടുന്ന തരത്തിലെ സ്ഥലം ലഭിക്കാൻ ഇടയില്ല. കണ്ണായ സ്ഥലത്തെ ഭൂമി തൊടുന്യായം പറഞ്ഞ് വേണ്ടെന്ന് വച്ച വ്യക്തിയെ എങ്ങനെയുള്ള സ്ഥലം നൽകി തൃപ്തിപ്പെടുത്തുമെന്നതും ബാഗ്ലൂർ വികസന അഥോറിട്ടിയിൽ ചർച്ചയാണ്. ഏതായാലും സർക്കാർ തീരുമാനം വരട്ടേ എന്ന നിലപാടിലാണ് അവർ. അതിന് ഏറെ കാലതാമസം ഉണ്ടാകുമെന്ന വിലയിരുത്തലുണ്ട്.