കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂരിൽ അറസ്റ്റിലായ റസാഖ്, റാഷിദ്, മിദ്ലാജ് എന്നിവരെപ്പോലെ ഇനിയും കൂടുതൽ അറസ്റ്റുകളുണ്ടാവുമെന്നാണ് സൂചന. ഐ.എസ് തല നഗരമായ റാഖ കഴിഞ്ഞ ആഴ്ചയിലെ ആക്രമണത്തിൽ തകർന്നതോടെയാണ് തീവ്രവാദികൾ ഇവിടെ വിടാൻ തയ്യാറായത്. ഇതോടെ വാസ സ്ഥലം നഷ്ടപ്പെട്ട ഇവർ തിരിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സാധ്യത തെളിഞ്ഞത്. ഇത്തരത്തിലുള്ള തീവ്രവാദികളുടെ മടക്കത്തെ അതീവ ഗൗരവമായാണ് പൊലീസ് കാണുന്നത്. കേരളത്തിന് കേന്ദ്ര ഇന്റലിജൻസും വേണ്ടത്ര മുൻകരുതലെടുക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇറാഖോ സിറിയയോ അഫ്ഘാനിസ്ഥാൻ വഴിയോ ആവാം ഇവരുടെ മടക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘമായോ ഒറ്റയക്കായോ ഇവർ കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത റസാഖ്, റാഷിദ്, മിദ്ലാജ് എന്നിവരെപ്പോലെ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരാൻ സാധ്യതയുള്ളവർ വളരെക്കുടുതൽ ആണ്. തുർക്കിയിലും സിറിയയിലുമൊക്കെയായി യുദ്ധം ചെയ്യുന്നവരാണ് തിരിച്ച് വരാൻ സാധ്യതയുള്ളത്. ഇത് പോലെ തന്നെ സ്ലീപ്പർസെൽസും ഇന്ത്യയിൽ ശക്തി കൂടാൻ സാധ്യതയുള്ളതായി കേന്ദ്ര രഹസ്യനേഷണ ഏജൻസി പറയുന്നു. ഇന്ത്യൻ പൗരത്വമുള്ള വ്യാജ രേഖകൾ ഉള്ളവരെ ശ്രദ്ധിക്കണമെന്ന് അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ്,തുർക്കി, ദുബായ്, ഇറാൻ, സൗദി തുടങ്ങിയ രാജ്യങ്ങളോട് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്.

അതിനിടെ ഉത്തരമലബാറിൽനിന്ന് ഐ.എസിലേക്ക് ആളെ റിക്രൂട്ടുചെയ്യുന്നതിന് പിന്നിലുള്ള പ്രധാന കണ്ണി തലശ്ശേരിക്കാരനായ ഹംസയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ വലയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ബിരിയാണി ഹംസ, താലിബാൻ ഹംസ എന്ന പേരിലും മറ്റും അറിയപ്പെടുന്ന ഇയാളാണ് പലരെയും സിറിയയിലേക്ക് അയക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. നേരത്തേ ഡൽഹിയിൽ പിടിയിലായ ഷാജഹാൻ, കൊല്ലപ്പെട്ട ഷമീർ, ഷജിൽ എന്നിവരെയാണ് ആദ്യം റിക്രൂട്ട് ചെയ്തത്. ഇവർ മുഖേനയാണ് മറ്റുള്ള പലരെയും ചേർത്തത്.തീവ്ര ഇസ്ലാം ചിന്താഗതികളും ജിഹാദിസന്ദേശങ്ങളും ഇവരിൽ അടിച്ചേൽപ്പിച്ചതും ഹംസയാണ്. അൽമുജാഹിർ എന്ന പേരിൽ വെബ്‌സൈറ്റും ഇതിനായി ഉപയോഗപ്പെടുത്തി.

കുടുംബങ്ങളൊന്നിച്ച് സിറിയയിലേക്ക് പോകാനുള്ള പ്രേരണയും ഇയാളാണ് നൽകിയതെന്നും പൊലീസ് പറയുന്നു.രാജ്യത്ത് ഒരിടത്തുമില്ലാത്ത രീതിയിൽ ഇത്രയധികം പേർ ഒന്നിച്ച് ഐ.എസിൽ ചേരാനിടയാവാനുള്ള സാഹചര്യത്തെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി കാണുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഐ.എസിൽചേർന്ന എഴുപതോളം പേരിൽ ഭൂരിഭാഗവും കണ്ണൂർ, കാസർകോട് ജില്ലയിൽ നിന്നാണ്. കാസർകോട് ജില്ലയിലെ പടന്ന-തൃക്കരിപ്പൂർ മേഖലയിൽനിന്ന് 21 പേർ, കണ്ണൂർ ജില്ലയിലെ വളപട്ടണത്തുനിന്ന് കുടുംബമടക്കം 15 പേർ, ചക്കരക്കൽ ഭാഗത്തുനിന്ന് പത്തുപേർ, കനകമലയിൽനിന്ന് 10 പേർ എന്നിവരും ഇതിൽപ്പെടും.

ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് ഹംസയെക്കുറിച്ച് വിവരം ലഭിച്ചത്. ഐ.എസിൽചേർന്ന തൃശ്ശൂർ സ്വദേശി മുഖദിസ്, അബുതാഹിർ, ഷജിർ മംഗലശ്ശേരി എന്നിവരെ കാണാതായിട്ടുണ്ട്. ഇവരും കൊല്ലപ്പെട്ടതായാണ് പൊലീസ് കണക്കാക്കുന്നത്. കേരളാ പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ പിടിയിലാവുന്നത്. വളരെ അധികം ഗവേഷണവും ആസൂത്രണവും നടത്തിയാണ് കണ്ണൂർ ഡി.വൈ. എസ്. പി. പി.പി. സദാനന്ദൻ ഇവരുടെ നീക്കം പിൻതുടർന്നത് കൃത്യമായ കണക്കു കൂട്ടലിലൂടെ പ്രതികളെ വലയിലാക്കുകയായിരുന്നു.

തുർക്കിയിൽ നിന്നും സിറിയയിലേക്ക് കടക്കുമ്പോൾ തുർക്കി സേനയുടെ വെടിവെപ്പിൽ ചിതറി ഓടിയവരാണ് ഇപ്പോൾ കണ്ണൂരിൽ അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷജിൽ വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തു. ഓടി രക്ഷപ്പെട്ട കെ.സി. മിത്ലജ്, കെ.പി. അബ്ദുൾ റസാഖ്, എംപി. അബ്ദുൾ റാഷിദ്, തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ്, എന്നിവരെ തുർക്കി സേന അറസ്റ്റ് ചെയ്ത് ജയിലടക്കുകയും പിന്നീട് ഇന്ത്യയിലേക്ക് കയറ്റി വിടുകയുമായിരുന്നു.

കണ്ണൂർ ഡി.വൈ. എസ്. പി സദാനന്ദൻ ക്യത്യമായി നിരീക്ഷണം തുടർന്നതോടെയാണ് പ്രതികൾ പിടിയിലായത്. സിറിയൻ അതിർത്തിയിൽ നിന്ന് യുവാക്കൾ കഴിഞ്ഞദിവസം നാട്ടിലെത്തിയെന്ന് അറിഞ്ഞതിന് പിന്നാലെ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. 2016 ഒക്ടോബറിൽ കനകമലയിൽ നടന്ന ഐഎസ് ഗുഢാലോചന ക്യാമ്പുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേന്ദ്ര ഇന്റലിജൻസിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു പൊലീസ് ഇടപെടലുകൾ.

1999 മുതൽ കണ്ണൂരിൽ തീവ്രവാദ സംഘങ്ങൾക്ക് ആളും അർത്ഥവും നൽകി വരുന്നതായി അന്നത്തെ കരസേനയുടെ ദക്ഷിണേന്ത്യൻ കമാന്റൻഡ് മേജർ ജനറൽ ശിവശങ്കർ സൂചന നൽകിയിരുന്നു. എന്നാൽ അന്നൊന്നും കേരളാ പൊലീസ് ഉണർന്ന് പ്രവർത്തിച്ചിരുന്നില്ല. തീവ്രവാദ കേസുകളിൽ പോലും അലംഭാവം കാട്ടുകയായിരുന്നു പതിവ്. തടിയന്റവിടെ നസീർ തുടങ്ങി ഒട്ടേറെ പേർ കണ്ണൂരിൽ നിന്നും തീവ്രവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചപ്പോഴും പൊലീസ് അലംഭാവം തുടരുകയായിരുന്നു.

ഒടുവിൽ നസീറും സംഘവും ഉൾപ്പെട്ട കോയമ്പത്തൂർ, ബംഗളൂരു, മുംബൈ എന്നീ ബോംബ് സ്ഫോടനങ്ങൾ നടന്നിട്ടും കേരളാ പൊലീസ് സജീവമായില്ല. കേരളത്തിലും പ്രത്യേകിച്ച് കണ്ണൂരിലും തീവ്രവാദത്തിലേക്ക് യുവാക്കളുടെ റിക്രൂട്ട്മെന്റ് അരങ്ങേറിയത് നിയമനടപടികളുടെ അപര്യാപ്തത കൊണ്ടു തന്നെയാണ്. പൊലീസ് ഇപ്പോൾ കാണിച്ച ഉത്സാഹവും തന്റേടവും തീവ്രവാദ പ്രവർത്തനത്തിന്റെ മുനയൊടിക്കാൻ മുതൽ കൂട്ടാണ്.