- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാറിലെ 'ചതി' കേന്ദ്രവും തിരിച്ചറിഞ്ഞു; ഹോട്ടൽ മുറിയെടുക്കുമ്പോൾ പോലും ആധാറിന്റെ കോപ്പി നൽകരുത്; ആവശ്യമെങ്കിൽ മാസ്‌ക് കോപ്പികൾ മാത്രം കൈമാറുക; സൈബർ ഫ്രാഡുകൾ വിലസുമ്പോൾ മുൻകരുതലെടുക്കാൻ നിർദ്ദേശം; ഇനി സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാറിന്റെ പകർപ്പുകൾ വാങ്ങുന്നതിനോ സുക്ഷിക്കുന്നതിനോ കഴിയില്ല; ഇത് സുപ്രധാന തീരുമാനം
ന്യൂഡൽഹി: ആധാറിലെ ചതി ബോധ്യപ്പെട്ടതോടെ സുപ്രധാന തീരുമാനവുമായി കേന്ദ്രം.ഹോട്ടൽ മുറിയെടുക്കുമ്പോൾ പോലും ആധാറിന്റെ കോപ്പി നൽകരുതെന്നും ആവശ്യമെങ്കിൽ മാസ്‌ക് കോപ്പികൾ മാത്രം കൈമാറുകയെന്ന സുപ്രധാന ഉത്തരവാണ് കേന്ദ്രം പുറപ്പെടുവച്ചിരിക്കുന്നത്.ആധാറിനെച്ചൊല്ലി സൈബർ തട്ടിപ്പുകൾ വ്യാപകമാകുമ്പോഴാണ് മുൻകരുതലെടുക്കാൻ കേന്ദ്രത്തിന്റെ നിർദ്ദേശം; ഇനി സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാറിന്റെ പകർപ്പുകൾ വാങ്ങുന്നതിനോ സുക്ഷിക്കുന്നതിനോ കഴിയില്ലെന്നതും ഉത്തരവിലെ പ്രധാന നിർദ്ദേശമാണ്.
ആധാർ പൗരന്റെ അവകാശരേഖകളിൽ ഒന്നാണ്. ആധാർ വന്നത് മുതൽ ഒട്ടനവധി ഔദ്യോഗിക രേഖകൾക്ക് പകരം ഉപയോഗിക്കാനും കഴിയുന്നുണ്ട്. എന്നാൽ ആധാറിൽ ഓരോ പൗരനും നൽകിയിരിക്കുന്ന പ്രത്യേക നമ്പരുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെ ദുരുപയോഗം തടയാനുള്ള വഴികൾ നിർദ്ദേശിക്കുകയാണ് കേന്ദ്ര സർക്കാർ. പ്രധാനമായും ആധാർ രേഖകൾ മറ്റു വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ നൽകുകയാണെങ്കിൽ അതിന്റെ മാസ്‌ക് കോപ്പികൾ നൽകുന്നതാണ് സുരക്ഷിതമെന്നാണ് കേന്ദ്രം നൽകുന്ന നിർദ്ദേശം.
കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ് മാസ്‌ക്‌ചെയ്ത ആധാർ കോപ്പി. myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും മാസ്‌ക് ചെയ്ത ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം.ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിച്ച ശേഷം ബാക്കി അക്കങ്ങൾ മായ്ക്കുന്ന ഈ രീതിയാണ് ഏറെ സുരക്ഷിതം. യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ ഇത്തരത്തിൽ ലഭിക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാൻ കഴിയുകയുള്ളു.
ആധാർ കാർഡ് നൽകുന്ന സ്ഥാപനത്തിന് യുഐഡിഎഐയിൽ നിന്നും സാധുവായ ഉപയോക്തൃ ലൈസൻസ് ഉണ്ടോയെന്ന് ഉപഭോക്താവിന് ചോദിക്കാനും കഴിയും.ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും അത്പോലെ പങ്കിടരുത്. അത് ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യത ഏറെയാണ്. യുഐഡിഎഐയിൽ നിന്നും ലൈസൻസ് എടുക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നീ സ്ഥാപനങ്ങൾ ആധാർ കാർഡിന്റെ പകർപ്പുകൾ വാങ്ങുന്നതിനോ, അവ സൂക്ഷിക്കുവാനോ അനുവാദമില്ലെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
സ്വകാര്യസ്ഥാപനങ്ങൾ ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് കഫേകൾ ഉപയോഗിക്കരുതെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഫേകൾ ഉപയോഗിക്കുന്നവർ ഡൗൺലോഡ് ചെയ്ത ഫയലുകൾ ഡിലീറ്റ് ചെയ്ത ശേഷം മാത്രമേ പുറത്ത് പോകാവൂ എന്നും കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ