ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച തീരുമാനത്തിലൂടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾക്ക് കടലാസുവിലയാക്കി നരേന്ദ്ര മോദിയുടെ തീരുമാനത്തെ ജനങ്ങളെ എങ്ങനെയാകും വിലയിരുത്തുക. കള്ളപ്പണക്കാർ മുതൽ സാധാരണക്കാർവരെ അന്തംവിട്ടുപോയ പ്രഖ്യാപനമായിരുന്നു അത്. കറൻസി നിരോധനത്തിനെ എതിർത്തും അനുകൂലിച്ചും രണ്ടുചേരിയായി രാജ്യം മാറിയ സ്ഥിതിയാണിപ്പോൾ. അതേസമയം കള്ളപ്പണക്കാരുടെ നെട്ടോട്ടം പുറത്തറിയുന്നില്ലെങ്കിലും സാധാരണക്കാരുടെ വിഷമത്തിന് ദൃഷ്ടാന്തമായി ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിലെ നീണ്ട ക്യൂ മുതൽ കേരളത്തിൽ സഹകരണ മേഖലയിലെ പ്രശ്‌നങ്ങളും വലിയ ചർച്ചാവിഷയമാകുന്നു.

അമ്പതുദിവസംകൊണ്ട് എല്ലാം ശരിയാകുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും ജനങ്ങളെ ആശ്വസിപ്പിക്കുന്നു.പക്ഷേ, ഇത് ഇന്ത്യയെ ഏറ്റവും വലിയ ദുരന്തത്തിലേക്കാണ് നയിക്കുന്നതെന്ന് പറഞ്ഞ് പ്രതിപക്ഷ കക്ഷികളിൽ ഭൂരിഭാഗവും സർക്കാർ തീരുമാനത്തെ എതിർക്കുന്നു. ജനങ്ങളുടെ ദുരിതം ഇപ്പോഴും തുടരുമ്പോൾ കറൻസി നിരോധനം മുമ്പ് നടപ്പാക്കിയ രാജ്യങ്ങൾക്കും അവിടത്തെ ഭരണാധികാരികൾക്കും എന്താണ് സംഭവിച്ചതെന്നതും ഇപ്പോൾ ചർച്ചയാകുകയാണ്.

ഇന്ത്യയിൽപോലും നോട്ടുകൾ അസാധുവാക്കുന്നത് ആദ്യമല്ല. 1946ൽ 1,000, 10,000 രൂപ നോട്ടുകൾ പിൻവലിച്ചു. 1954ൽ 1,000, 5,000, 10,000 രൂപ നോട്ടുകൾ വീണ്ടും കൊണ്ടുവന്നു. 1978ൽ ഇതേ നോട്ടുകൾ വീണ്ടും അസാധുവാക്കി. ഇതുപോലെ പല രാജ്യങ്ങളുമുണ്ട്. നോട്ടുനിരോധനത്തിന്റെ ചരിത്രത്തിൽ ഭരണാധികാരികൾക്ക് തിരിച്ചടി നേരിട്ട ചരിത്രമാണ് ഏറെയും.

സോവിയറ്റ് യൂണിയനിലെ പരിഷ്‌കാരങ്ങൾക്കൊടുവിൽ രാജ്യം ഗോർബച്ചേവിനെ പുകച്ചു പുറത്തുചാടിച്ചതും കോംഗോയിൽ ആഭ്യന്തര കലാപംതന്നെ ഉണ്ടായതും മ്യാന്മാറിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതും ഘാനയെ പട്ടിണിരാജ്യമാക്കി മാറ്റിയതുമെല്ലാം ആണ് ലോകചരിത്രത്തിന് കറൻസി നിരോധനത്തെ പറ്റി പറയാനുള്ള കഥകൾ. അത് ഇപ്രകാരമാണ്.

എന്റെ ഈ നടപടി തെറ്റാണെങ്കിൽ നിങ്ങൾക്ക് എന്നെ തൂക്കിലേറ്റാമെന്നും അൽപംകൂടി ക്ഷമിച്ച് ഈ പരിഷ്‌കാരത്തിന് ഒപ്പം ജനങ്ങൾ നിൽക്കണമെന്നും വികാര നിർഭരനായി ആഹ്വാനം നൽകിയ മോദിക്ക് ഇന്ത്യ നൽകുന്ന മറുപടി എന്തായിരിക്കുമെന്നറിയാൻ ഇനിയും കാത്തിരിക്കണം.

കള്ളപ്പണ നിരോധന നേട്ടത്തിന്റെ ഗുണഫലങ്ങൾ സാധാരണക്കാരന് ലഭ്യമാകുംവിധം സർക്കാരിന് ജനകീയ നയങ്ങൾ നടപ്പിലാക്കാനായാൽ ഇപ്പോഴത്തെ വിഷമങ്ങൾ മറന്ന് മോദിക്ക് പ്രതിച്ഛായ വർധിക്കുമെന്നും മറിച്ചായാൽ വൻ തിരിച്ചടി നേരിടുമെന്നുമാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

 സോവിയറ്റ് യൂനിയൻ

 1991 ജനുവരിയിൽ മിഖായേൽ ഗോർബച്ചേവിന്റെ കാലത്ത് 50, 100 റൂബിൾ നോട്ടുകൾ പിൻവലിച്ചു. മോദി ലക്ഷ്യമിടുന്നതുപോലെ കള്ളപ്പണത്തിന്റ വ്യാപനം പൂർണമായും തടയുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഗോർബച്ചേവിന്റെ കസേര തെറിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി ഈ നടപടി മാറി. രാഷ്ട്രീയ പ്രതിസന്ധിക്കൊപ്പം ജനങ്ങൾ ഇളകി. രാജ്യം സാമ്പത്തികമായി തകർന്നു. രാജ്യത്തെ മൂന്നിലൊന്ന് കറൻസി മൂല്യമാണ് പിൻവലിക്കപ്പെട്ട നോട്ടുകൾക്കുണ്ടായിരുന്നതെന്ന് ന്യൂയോർക് ടൈംസ് അക്കാലത്ത് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് മാസമായപ്പോഴേക്കും സർക്കാറിനെതിരെ അട്ടിമറിശ്രമമുണ്ടായി. അതോടെ ഗോർബച്ചേവിന്റെ പ്രതാപം അസ്തമിച്ചു. തൊട്ടടുത്ത വർഷം സോവിയറ്റ് യൂനിയൻതന്നെ ഇല്ലാതായി. എന്നാൽ, റഷ്യക്ക് അനുഭവം ഗുരുവായി. 1998ൽ അവർ റൂബിൾ നോട്ട് പരിഷ്‌കരിച്ചു. നോട്ട് മൂല്യത്തിൽനിന്ന് മൂന്ന് പൂജ്യം ഒഴിവാക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.

 ഉത്തര കൊറിയ

2010ൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഇൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിൽ പിടിമുറുക്കിയത് പഴയ നോട്ടിന്റെ മുഖവിലയിൽനിന്ന് രണ്ട് പൂജ്യം വെട്ടിക്കളഞ്ഞുകൊണ്ടായിരുന്നു. കള്ളപ്പണം തടയലും പ്രധാന ലക്ഷ്യമായിരുന്നു. നിർഭാഗ്യവശാൽ ആ വർഷം രാജ്യത്തെ കാർഷിക വിളവ് കുത്തനെയിടിഞ്ഞു. കടുത്ത ഭക്ഷ്യക്ഷാമമായിരുന്നു പിന്നീട്. ഇതിന്റെ പ്രതിഫലനമെന്നോണം സാധനവില കുതിച്ചുയർന്നു. ജനങ്ങൾ കടുത്ത അസംതൃപ്തിയിലായി. അങ്ങനെയിരിക്കെ അസാധാരണ നടപടിയുണ്ടായി. കിം ജനങ്ങളോട് മാപ്പു പറഞ്ഞു. ശേഷം സംഭവിച്ചതാണ് കാര്യം. ധനവകുപ്പ് തലവന്റെ തലകൊയ്തു.

റിപ്പബ്‌ളിക് ഓഫ് കോംഗോ

1971 മുതൽ 1997 വരെ സയർ എന്നറിയപ്പെട്ടിരുന്ന മധ്യ ആഫ്രിക്കൻ രാജ്യം. സ്വേച്ഛാധിപതി മൊബുട്ടു സെസെ സെക്കോയുടെ കാലഘട്ടത്തിനുശേഷം ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോ എന്ന് പേര് മാറി. 1990കളുടെ തുടക്കത്തിൽ കടുത്ത സാമ്പത്തിക അസ്ഥിരതമൂലം മൊബുട്ടു ഭരണകൂടം നിരവധി തവണ നോട്ടുകൾ പരിഷ്‌കരിച്ചു. 1993ൽ കാലഹരണപ്പെട്ട നോട്ടുകൾ പിൻവലിച്ചത് രാജ്യത്ത് അതിഭീകരമായ പണപ്പെരുപ്പം സൃഷ്ടിച്ചു. സയർ കറൻസിക്ക് ഡോളറുമായുള്ള വിനിമയമൂല്യത്തിൽ വൻ ഇടിവുമുണ്ടായി. പതിയെ രാജ്യം ആഭ്യന്തര കലാപത്തിലേക്ക് കൂപ്പുകുത്തി. 1997ൽ മൊബുട്ടു പുറത്തായി.

മ്യാന്മർ 

1987ൽ മ്യാന്മറിലെ പട്ടാള ഭരണം അന്ന് പ്രചാരത്തിലിരുന്ന കറൻസികളുടെ 80 ശതമാനം മൂല്യം വരുന്ന നോട്ടുകൾ റദ്ദാക്കി. കള്ളപ്പണം തടയാൻ ലക്ഷ്യമിട്ടായിരുന്നു നടപടി. എന്നാൽ, ഏറെ വർഷങ്ങൾക്കുശേഷം മ്യാന്മർ കണ്ട വലിയ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഈ സൈനിക ഭരണകൂട നടപടി കാരണമായി. പിന്നാലെ രാജ്യം സാമ്പത്തിക അരക്ഷിതാവസ്ഥയിലത്തെി. നാടെങ്ങും വൻ പ്രക്ഷോഭം അരങ്ങേറി. ഒടുവിൽ സമരത്തെ പട്ടാള ഭരണം അടിച്ചമർത്തി. അയൽരാജ്യത്ത് ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്.

ഘാന 

നികുതി വെട്ടിപ്പ്, അഴിമതി തടയൽ, രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിർത്തൽ എന്നീ ലക്ഷ്യങ്ങളോടെ 1982ൽ ഘാന അവരുടെ 50ന്റെ സെദി നോട്ടുകൾ അസാധുവാക്കി. അതോടെ ജനങ്ങൾക്ക് രാജ്യത്തെ ബാങ്കിങ് സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ആളുകൾ കൂടുതലായി വിദേശ കറൻസികളിലേക്കും മറ്റു സ്ഥിര ആസ്തികളിലേക്കും നിക്ഷേപം തിരിച്ചുവിട്ടു. അതോടെ നോട്ടുകളുടെ കരിഞ്ചന്ത രൂപപ്പെട്ടു. ഗ്രാമീണർക്ക് നോട്ടുകൾ മാറാൻ ബാങ്കുകളിലത്തെണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണമെന്നതും കരിഞ്ചന്തയെ കൊഴുപ്പിച്ചു. പണം മാറ്റിയെടുക്കാവുന്ന കാലാവധി അവസാനിച്ച ശേഷം ഘാനയിൽ കടലാസ് വിലയുള്ള നോട്ടുകളുടെ കൂമ്പാരം കാണാമായിരുന്നുവെന്ന് അക്കാലത്തെ മാദ്ധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.

നൈജീരിയ

കുമിഞ്ഞുകൂടിയ കടവും പണപ്പെരുപ്പവുമായിരുന്നു പട്ടാള ഭരണകൂടത്തെ നയിച്ചിരുന്ന മുഹമ്മദ് ബുഹാരിയെ പുതിയ നോട്ട് പുറത്തിറക്കാൻ പ്രേരിപ്പിച്ചത്. 1984ലായിരുന്നു പരിഷ്‌കരണ നടപടി. കുറഞ്ഞ സമയംകൊണ്ട് പഴയ നോട്ടുകൾക്കു പകരം പുതിയ നിറത്തിലിറക്കിയ നോട്ടുകൾ വാങ്ങണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, രാജ്യത്തെ സാമ്പത്തികമായി രക്ഷപ്പെടുത്താൻ എടുത്ത പല തീരുമാനങ്ങൾക്കുമൊപ്പം ഇതും ഫലവത്തായില്ല. സയറിൽ മൊബുട്ടുവിനെപ്പോലെ ഘാനയിൽ ബുഹാരിയും അധികാരഭ്രഷ്ടനായി. നോട്ടിൽ തൊട്ടുകളിച്ചതിന്റെ തൊട്ടടുത്ത വർഷം നടന്ന അട്ടിമറിയാണ് ബുഹാരിക്ക് വിനയായത്. എന്നാൽ, 2016ൽ അതേ ബുഹാരിതന്നെയാണ് നൈജീരിയയുടെ ഭരണാധികാരി.