ലോകത്ത് തന്നെ വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ ഏതാനും ചെടികൾ മാത്രമുള്ള ലേഡി കോക്കനട്ട് ട്രീ എന്ന അപൂർവ വൃക്ഷത്തിൽ ആദ്യമായി പരാഗണം നടത്തിയത് ഒരു മലയാളി. ഇന്ത്യയിൽ ഉള്ള ഒരേയൊരു വൃക്ഷമുള്ള കൊൽക്കത്ത ബൊട്ടാണിക്കൽ ഗാർഡനിലെ ലേഡി കോക്കനട്ട് ട്രീയിലാണ് സസ്യശാസ്ത്രജ്ഞനും കൊൽക്കത്ത ബൊട്ടാണിക്കൽ ഗാർഡന്റെ ജോയിന്റ് ഡയറക്ടറുമായ ഡോ. എസ്എസ് ഹമീദിന്റെ നേതൃത്വത്തിൽ പരാഗണം നടത്തിയത്.

ലേഡി കോക്കനട്ട് ട്രീ ഇന്ത്യയിലെത്തിയ കഥ

ബ്രിട്ടീഷ് ഭരണകാലത്ത്, കൃത്യമായി പറഞ്ഞാൽ 136 വർഷങ്ങൾക്ക് മുമ്പ് 1884 ൽ കൊൽക്കത്ത ബൊട്ടാണിക്കൽ ഗാർഡന്റെ സൂപ്രണ്ടായിരുന്ന സർ ജോർജ് കിങ് ദ്വീപസമൂഹമായ സീഷെലിൽസിൽ കണ്ട ഒരു പ്രത്യേകവൃക്ഷത്തിന്റെ എടുത്താൽ പൊങ്ങാത്ത വിത്തുകൾ കൊൽക്കത്തയിലെത്തിച്ചു. നട്ടുനനച്ച് കാത്തിരുന്നെങ്കിലും അതിൽ ഒരെണ്ണം മാത്രമാണ് ഇന്ത്യയുടെ മണ്ണിൽ വേരൂന്നി ആകാശത്തേക്ക് തലയുയർത്താൻ തയാറായത്. രൂപത്തിൽ പനയോടായിരുന്നു സാദൃശ്യമെങ്കിലും രണ്ട് നാളീകേരം ചേർത്തുവച്ചതുപോലെയായിരുന്നു വിത്തുകൾ. കൊക്കോ ഡി മെർ എന്ന പേര് കൂടാതെ ഡബിൾ കോക്കനട്ട് ട്രീ എന്നും സീ കോക്കനട്ട് എന്നും ഇതറിയപ്പെടുന്നുണ്ട്.

ആയിരം വർഷമാണ് ഈ വൃക്ഷത്തിന്റെ ശരാശരി ആയുസ്സ്. ഉയരം 110 അടിവരെ. വർഷത്തിൽ ഒരില മാത്രം. ഇലയ്ക്ക് മുപ്പതടി നീളം. ഒരു നൂറ്റാണ്ടിലൊരിക്കൽ മാത്രം പൂക്കുന്ന ഈ ചെടിയുടെ കായയുടെ ഭാരം 25 കിലോ വരും. അതിന്റെ മതിപ്പ് വില രണ്ട് ലക്ഷം രൂപ വരെ.

ആദ്യശ്രമങ്ങൾ പരാജയം

സർ ജോർജ് കിങ് നട്ടുവളർത്തിയ മരത്തിൽ പൂക്കളുണ്ടായി കാണാനുള്ള യോഗം അദ്ദേഹത്തിനോ അതിനെ പരിപാലിച്ചു വളർത്തിയ ജീവനക്കാർക്കോ ഉണ്ടായിരുന്നില്ല, അവരൊക്കെ മരിച്ച് മണ്ണടിഞ്ഞ് പതിറ്റാണ്ടുകൾ കഴിഞ്ഞ് അതായത് ഒരു നൂറ്റാണ്ട് വേണ്ടിവന്നു അത് പൂവിടാൻ. ഇരുപത് മീറ്ററോളം ഉയരത്തിലെത്തിയ മരം ആണോ പെണ്ണോ എന്ന ആകാംക്ഷയ്ക്കും അതോടെ അവസാനമായി. ആദ്യമായി പൂവണിഞ്ഞ 1988 ൽ അതൊരു ലേഡി കോക്കനട്ട് ട്രീ ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. അന്നുമുതൽ വർഷാവർഷം ആ പെൺമരം പൂത്തുകൊണ്ടിരുന്നു. ആൺപൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ ഇല്ലാത്ത വിഭാഗത്തിൽപ്പെട്ടതിനാൽ പരാഗണം നടക്കാതെ പൂക്കളൊക്കെ വാടിക്കരിഞ്ഞു. അടുത്ത പ്രദേശത്തൊന്നും ഇണമരമില്ലാത്തതിനാൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ നിസ്സഹായരായി അതിന് സാക്ഷികളായി.

ലോകത്തിൽ തന്നെ അപൂർവമായ ഒരു മരത്തിന് ശാപമോക്ഷം നൽകാൻ കാലം കാത്തുവച്ചിരുന്നത് ഇങ്ങ് തെക്കേയറ്റത്തെ നാളീകേരത്തിന്റെ നാട്ടിൽ നിന്നൊരാളെ. ഇരട്ടത്തെങ്ങുമരം പൂത്ത് ഒരു വ്യാഴവട്ടം പിന്നിട്ടപ്പോഴാണ് തിരുവനന്തപുരം വെമ്പായം സ്വദേശിയായ ഡോ. എസ് എസ് ഹമീദിന് ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിൽ സസ്യശാസ്ത്രജ്ഞനായി ജോലി ലഭിക്കുന്നത്. ഡോ ഹമീദും പാഴായിക്കൊഴിഞ്ഞുപോകുന്ന പൂക്കളെ നിരാശയോടെ നാലുവർഷം നോക്കിനിന്നു. എങ്ങനെയെങ്കിലും ലോകത്തിന്റെ ഏത് ഭാഗത്തു നിന്നായാലും ഒരു ആൺമരത്തിന്റെ പൂക്കളെത്തിച്ച് കൃത്രിമപരാഗണം നടത്തുന്നതിനെക്കുറിച്ച് ആദ്യമായി ഹമീദ് ചർച്ച ചെയ്തു. പക്ഷേ അതൊരു ഹെർക്ക്യുലീയൻ ടാസ്‌ക്കായിരുന്നു. അമ്മമരം സീഷെൽസിലാണ്. അവിടെ ആൺമരങ്ങളുണ്ടാകും. പക്ഷേ പൂക്കൾ ഇന്ത്യയിലെത്തിക്കുക അത്ര പ്രായോഗികമല്ല, പലരും നിരുത്സാഹപ്പെടുത്തി, ചിലർ പിന്തുണയറിയിച്ചു.

അയൽരാജ്യമായ ശ്രീലങ്കയിലെ പരഡേനിയ ബോട്ടാണിക് ഗാർഡനിൽ ആൺമരമുണ്ട്. ഡോ. ഹമീദും സംഘവും കേന്ദ്രസർക്കാരിന്റെ സഹായത്തോടെ ലങ്കയിൽ നിന്ന് പരാഗണരേണുക്കൾ എത്തിക്കാനുള്ള ശ്രമം തുടങ്ങി. സർക്കാർ ഇടപെട്ടതോടെ 2006 ൽ ലങ്കയിൽ നിന്ന് ഐസ് പെട്ടികളിൽ ആൺപൂക്കൾ കൊൽക്കത്തിയിലെത്തി. കൊൽക്കത്തക്കാരനായ ഒരു വ്യവസായിയാണ് അന്ന് പൂക്കൾ ഗാർഡനിലെത്തിക്കാൻ സഹായിച്ചതെന്ന് ഹമീദ് ഓർക്കുന്നു. എന്തായാലും പ്രത്യേകം പണിയിപ്പിച്ച സ്റ്റീൽ ഏണിവഴി പെൺമരത്തിന്റെ മുകളിലെത്തി പൂമ്പൊടിയുപയോഗിച്ച് അതീവശ്രദ്ധയോടെ കൃത്രിമ പരാഗണം നടത്തി. പിന്നീട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. പ്രതീക്ഷ വിടാതെ ഡോ. ഹമീദ് അടുത്ത പൂക്കാലത്തിനായി കാത്തിരുന്നു, വീണ്ടും കൃത്രിമപരാഗണം, അപ്പോഴും നിരാശ. തുടർച്ചയായി ആറ് വർഷം ഡോ. ഹമീദും സംഘവും ശ്രമം തുടർന്നു.

ചരിത്രദൗത്യം വിജയത്തിലേയ്ക്ക്

ശ്രീലങ്കയിൽ നിന്നും എത്തിച്ച പൂമ്പൊടി പരാജയപ്പെട്ടപ്പോഴാണ് തായ്ലൻഡിലെ ബൊട്ടാണിക്കൽ ഗാർഡനിൽ 48 ആൺമരങ്ങളുണ്ടെന്നറിഞ്ഞത്. പിന്നെ താമസിച്ചില്ല തായ്ലൻഡിൽ നിന്ന് പൂക്കളെത്തിക്കാനായി ശ്രമം. തായ്ലൻഡിലെ മരങ്ങളിൽ ആൺപൂക്കൾ നിറഞ്ഞതോടെ അതിരാവിലെ ശേഖരിച്ച പൂക്കൾ വൈകുന്നേരത്തെ വിമാനത്തിൽ ഗാർഡൻ അധികൃതർ കൊൽക്കത്തയ്ക്ക് അയച്ചു. കൊൽക്കത്തയിലെ പെൺമരത്തിൽ പൂക്കൾ പാകമാകുന്നതു വരെ പൂമ്പൊടികൾ ഫ്രീസറിൽ സൂക്ഷിച്ചു. ഒരു മാസത്തിന് ശേഷം 2013 ഓഗസ്റ്റ് 17 ന് പരാഗണം നടത്തി, 19 ന് അതാവർത്തിച്ചു. ഹമീദ് ഒരു വിനോദയാത്രകഴിഞ്ഞ് തിരിത്തിയപ്പോൾ പെൺമരത്തിന്റെ പരിചരണം ഏൽപ്പിച്ചിരുന്ന ആൾ പറഞ്ഞു സർ എന്തോ മാറ്റമുള്ളതുപോലെ തോന്നുന്നു എന്ന്. ഏണി വഴി കയറി മുകളിലെത്തി പരിശോധിച്ചപ്പോൾ നിന്നനിൽപ്പിൽ താൻ വിറച്ചുപോയെന്ന് ഡോ.ഹമീദ്. ചരിത്രപരമായ ദൗത്യം വിജയത്തിലേക്ക്. ബൊട്ടാണിക്കൽ ഗാർഡന്റെ അഭിമാനം വാനോളമുയർത്തി ലോകത്താദ്യമായി ഡബിൾ കോക്കനട്ട് ട്രീയിലെ കൃത്രിമപരാഗണം വിജയിച്ചിരിക്കുന്നു. 2013 ൽ ജനിച്ച ആ കായകൾ വളരെ പെട്ടെന്ന് വലുപ്പം വച്ചുതുടങ്ങിയെങ്കിലും മൂത്ത് പാകമാകാനെടുത്തത് ആറര വർഷം. കാത്തിരിപ്പിനൊടുവിൽ 2020 ഫെബ്രുവരി 18ന് കായകളിൽ ഒന്ന് തനിയെ അടർന്ന് താഴെയുണ്ടായിരുന്ന നെറ്റിൽ വീണു, പിന്നാലെ ഫെബ്രുവരി 27 ന് രണ്ടാമത്തെ വിത്തും സുരക്ഷിതമായി നെറ്റിലേക്ക് പതിച്ചു. സാധാരണ ഈ കായകൾക്ക് 25 കിലോ വരെ ഭാരം വരുമെങ്കിലും പതിനെട്ടരയും എട്ടരക്കിലോയും ഭാരമുള്ള കായകളാണ് ഡോ.ഹമീദിന് ലഭിച്ചത്.

ഇത്ര സാഹസപ്പെട്ട് ഇവ വളർത്തിയിട്ട് എന്തിനാണെന്നാണെങ്കിൽ ആഗോളതലത്തിൽ വംശനാശഭീഷണിയിലാണ് ഡബിൾ കോക്കനട്ട് ട്രീ. അമൂല്യമായ ഔഷധമൂല്യമുള്ളതാണ് ഇതിന്റെ വിത്തുകൾ. പ്രമുഖ ആയുർവേദ, സിദ്ധ മരുന്നു കമ്പനികൾ കാത്തിരിക്കുകയാണ് ഈ കായകൾക്കായി. നൊങ്ക് എടുത്തതിന് ശേഷമുള്ള ചിരട്ടകൾ പോലും ഇരുപതിനായിരത്തിലധികം രൂപയ്ക്കാണ് വിറ്റുപോകുന്നത്. കൗതുകത്തിന്റെയും ചില വിശ്വാസങ്ങളുടെയും പേരിൽ സമ്പന്നർ ഇവ സ്വന്തമാക്കുകയാണ് പതിവ്.

ഇതൊരു ചരിത്രനേട്ടമാണ്. ഒരുപക്ഷെ ഈ പരിശ്രമത്തിന്റെ തലപ്പത്ത് ഒരു മലയാളി ആയതുകൊണ്ടുകൂടിയാകാം അത് ഇത്രയും കാലം ചർച്ച ചെയ്യപ്പെടാതെ പോയത്.