ആലപ്പുഴ: പ്രഖ്യാപിച്ച് ഒരുവർഷം കഴിഞ്ഞിട്ടും വാതിൽപ്പടിയിൽ സേവനം എത്തിക്കാൻ സർക്കാരിനായില്ല. 60 വയസ്സു കഴിഞ്ഞവരും ഭിന്നശഷിക്കാരും ഉൾപ്പെടെയുള്ളവർക്ക് എല്ലാ സേവനങ്ങളും വീട്ടുപടിക്കലെത്തിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും ഇതു നടപ്പാക്കാനായില്ല. സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരാത്തതാണു കാരണം.

ആദ്യഘട്ടത്തിൽ 60 വയസ്സുകഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, ചലനപരിമിതിയുള്ളവർ എന്നിവർക്ക് ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിങ്, സാമൂഹികസുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാമരുന്നുകൾ എന്നിവ സംബന്ധിച്ച സേവനമാണ് നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലായി 19,489 വാർഡുകളുണ്ട്.

ഇതനുസരിച്ച് പതിനയ്യായിരത്തോളം സന്നദ്ധസേവകരെയെങ്കിലും ആവശ്യമുണ്ട്. എന്നാൽ, നിലവിൽ പല പഞ്ചായത്തിലും ഒന്നോ രണ്ടോ പേർമാത്രമാണ് രജിസ്റ്റർ ചെയ്തത്. ഇതു സംബന്ധിച്ചു പരിശോധന നടത്തിയശേഷം പഞ്ചായത്തു ഭരണസമിതി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുകയാണ്.

ജനപ്രതിനിധികൾ സന്നദ്ധസേവകരെ കണ്ടെത്തി അവരെ നിർബന്ധപൂർവം രജിസ്റ്റർ ചെയ്യിക്കുന്നുണ്ട്. ഇതിൽക്കൂടുതലും ആശ വർക്കർമാരും മറ്റുസേവനങ്ങൾ നടത്തുന്നവരുമാണ്. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവരെ പൊലീസ് പരിശോധന ഉൾപ്പെടെയുള്ളവ പൂർത്തിയാക്കിയാണു നിയമിക്കുന്നത്. ചില തദ്ദേശസ്ഥാപനങ്ങൾ സന്നദ്ധസേവകർക്കു യാത്രക്കൂലിയോ ബൈക്ക് അലവൻസോ നൽകുന്നുണ്ട്. എന്നാൽ, ഇവർക്കു സ്ഥിരമായി ഒരാനൂകൂല്യവും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞവർഷം മേയിലാണു പദ്ധതി നിർവഹണത്തിനുള്ള മാർഗരേഖ സർക്കാർ പുറത്തിറക്കിയത്. എന്നാൽ, സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ യുവതീ-യുവാക്കൾ മടിച്ചു. സേവനത്തിനു പ്രതിഫലമില്ല, രജിസ്റ്റർചെയ്തു കഴിഞ്ഞാൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും എന്നീ കാരണങ്ങളാലാണ് ആളെ കിട്ടാതിരുന്നതെന്നാണു സൂചന.