ജയ്പൂർ: ഇവിടെ സദാചാര പൊലീസുകാർക്കില്ല. ഇഷ്ടാനിഷ്ടങ്ങൾ തീരുമാനിക്കുന്നത് വ്യക്തികളാണ്. ഇതിനെ ഈ സമൂഹവും പിന്തുണയ്ക്കുന്നു. വിവാഹം കഴിക്കാതെയും ഇഷ്ടപ്പെട്ടവർക്ക് ഒരുമിച്ച് ജീവിക്കാൻ അവസരം നൽകുന്ന ഗ്രാമം. രാജസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ ഗരേഷ്യ ഗോത്രവർഗക്കാരാണ് ഇങ്ങനെ സന്തോഷത്തോടെ കഴിയുന്നത്.

ആയിരം വർഷമായി ലിവിങ് ടുഗെദർ തുടർന്ന് പോരുന്ന ഇന്ത്യൻ ഗ്രാമമാണ് ഇത്. ലിവിങ് ടുഗെദർ ഇനിയും അംഗീകരിക്കാത്ത ഇന്ത്യയയിലെ അപൂർവ്വ മാതൃക. ഈ ഗ്രാമത്തിൽ വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും വർഷങ്ങളോളം ഒരുമിച്ച് താമസിക്കാറുണ്ട്. ഇവിടെ ലിവിങ് ടുഗെദർ തികച്ചും സാധാരണമായ കാര്യമാണ്. ഗ്രാമവാസികളായ എഴുപതുകാരനും അറുപതുകാരിയും പതിറ്റാണ്ടുകൾ നീണ്ട ലിവിങ് ടുഗെദറിനൊടുവിൽ മക്കൾക്കൊപ്പമാണ് വിവാഹിതരായത്.

ഗരേഷ്യ ഗോത്രത്തിന്റെ പരമ്പരാഗത രീതികൾ അനുസരിച്ച് പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ച് താമസിക്കുന്നതിന് തടസമില്ല. രാജസ്ഥാന് പുറമെ ഗുജറാത്തിലെ ചില പ്രദേശങ്ങളിലും ഈ ആചാരം നിലവിലുണ്ട്. കൗമാരക്കാരായ ആൺകുട്ടികൾക്ക് ഇഷ്ടപ്പെട്ട പെൺകുട്ടികൾക്കൊപ്പം ഒളിച്ചോടാൻ സ്വാതന്ത്ര്യമുണ്ട്. ഒളിച്ചോട്ടത്തിന് ശേഷം തിരികെ എത്തുന്നവർക്ക് ഒരുമിച്ച് താമസിക്കാം. ഇഷ്ടപ്പെട്ട പെണ്ണും ചെറുക്കനും ഒളിച്ചോടിയാൽ തിരിച്ചു വരുന്നതിന് പയ്യന്റെ വീട്ടുകാർ പെൺകുട്ടിയുടെ വീട്ടുകാർക്ക് പണം നൽകണം. ഇതിന് ശേഷം ഇവർക്ക് ഒരുമിച്ച് താമസിക്കാം. പിന്നീട് പണവും മറ്റ് സൗകര്യങ്ങളും ഒത്തുവരുന്ന കാലത്ത് വിവാഹം കഴിച്ചാൽ മതിയാകും.

സ്വതന്ത്രമായി ജീവിക്കുന്നതിനാൽ ഗരേഷ്യ വിഭാഗക്കാർക്കിടയിൽ സ്ത്രീധന പീഡനങ്ങളോ ബലാത്സംഗമോ മറ്റ് കുറ്റകൃത്യങ്ങളോ ഉണ്ടാകാറില്ല. സദാചാര പൊലീസിന്റേയും ആവശ്യം വരുന്നില്ല. ഇഷ്ടാനിഷ്ടങ്ങൾ തെരഞ്ഞെടുക്കുന്നതിൽ സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയാണ് ഈ ഗ്രാമം മുന്നോട്ട് വയക്കുന്ന സന്ദേശം. ആധുനിക ഇന്ത്യയിലെ വിവാഹ സങ്കൽപ്പങ്ങളാണ് ഇവിടെ മാറ്റി മറിക്കപ്പെടുന്നത്. ആരോട് എത്രകാലം ഒരുമിച്ച് ജീവിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ് ഇവിടെ. അതുകൊണ്ടാണ് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും ഉപേക്ഷിക്കാനുമെല്ലാം സ്വാതന്ത്ര്യം ഈ സമൂഹം അനുവദിക്കുന്നത്.

കല്ല്യാണ ചർച്ചകളിൽ മാതാപിതാക്കളും ഇടപെടുന്നില്ല. എന്നാൽ ഇതിനും കാലാകാലമായി മാറ്റവരികയാണെന്നും സൂചനയുണ്ട്. വിവാഹം കരാറാക്കുന്ന പതിവ് പോലും ഇല്ലായിരുന്നു. എന്നാൽ ഇന്ന് അത് സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാലും ലിവിങ് ടുഗഗറെന്ന മാതൃകയെ ആരും എതിർക്കുന്നുമില്ല.