കൊച്ചി: ഇതൊരു പഴയ ദേശാഭിമാനി വാർത്തയിലെ വരികളാണ്. കേരളത്തിൽ മോണോ ക്ലോണൽ ആന്റിബോഡി ഉപയോഗിച്ചുള്ള ആദ്യ കോവിഡ്ചികിത്സ കണ്ണൂരിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ വ്യവസായിയും ഭാര്യയുമാണ് കഴിഞ്ഞ ദിവസം മരുന്ന് സ്വീകരിച്ചത്. കണ്ണൂർ ജിം കെയർ ആശുപത്രിയിലെ സാംക്രമികരോഗവിഭാഗം കൺസൾട്ടന്റ് ഡോ. ടി പി രാകേഷിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ-മെയ്‌ 31നായിരുന്നു അത്ഭുത മരുന്നിലെ ഈ ആഘോഷം. സംസ്ഥാന സർക്കാരിന്റെ കൈയിൽ ആവശ്യത്തിന് ഇന്ന് ഈ മരുന്നുണ്ട്. പക്ഷേ ആർക്കും കൊടുക്കുന്നില്ലെന്നതാണ് വസ്തുത.

വിദേശത്തെ കോവിഡ് ചികിത്സയിൽ പ്രസിദ്ധമായ മരുന്നാണ് ഇത്. കോവിഡ് ബാധിതനായപ്പോൾ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് നൽകിയ മരുന്ന്. 60,000 രൂപയാണ് ഇഞ്ചക്ഷന്റെ വില. സാധാരണ കോവിഡ് രോഗികൾക്ക് ഇത് നൽകേണ്ടതില്ല. എന്നാൽ ഗുരുതരമായ ധാരാളം അസുഖമുള്ളവർക്ക് ഈ ചികിൽസയിലൂടെ ജീവൻ രക്ഷിക്കാൻ കഴിയും. ഈ ഇഞ്ചക്ഷൻ എടുത്താൽ അതിവേഗം തന്നെ കോവിഡ് വൈറസ് രോഗിയിൽ നിന്നും മറയും. ഈ അത്ഭുത മരുന്നിന് കേരളം ഇന്ന് നൽകുന്നത് പുല്ലുവിലയാണ്.

കോവിഡ് സഹായം എന്ന നിലയിൽ ജർമ്മനി 20000 വയൽ മോണോക്ലോണൽ ആന്റിബോഡി കോക്ക്‌ടെയിൽ എന്ന മരുന്ന് ഇന്ത്യക്ക് നൽകി. കേന്ദ്ര സർക്കാർ ഇത് വിവിധ സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകി. കേളത്തിന് കിട്ടിയത് 2355 വയൽ മരുന്നാണ്. ഇത് 4710 രോഗികൾക്ക് ചികിത്സക്കായി ഉപയോഗിക്കാം. ഒരു വയലിൽ രണ്ട് രോഗികൾക്കുള്ള മരുന്നാണ് ഉള്ളത്. രണ്ട് വ്യത്യസ്ത മരുന്നുകൾ കുത്തിവെപ്പിന് തൊട്ടുമുമ്പ് മിക്‌സ് ചെയ്താണ് ഉപോയിഗിക്കുന്നത്.

അതിനാലാണ് കോക്ടെയിൽ മരുന്ന് എന്നു പറയുന്നത്. കോവിഡ് ബാധിച്ച് ആദ്യ ആഴ്‌ച്ച തന്നെ ഇത് ഉപയോഗിക്കണം. ഇന്ത്യയിൽ ആകമാനം പതിനായിരത്തോളം രോഗികൾക്കാണ് ഇതുവരെ മരുന്ന് നൽകിയത്. കേരളത്തിൽ 800 പേർക്ക് ഇതുവരെ മരുന്ന് നൽകിയിട്ടുണ്ട്. 3800 അധികം രോഗികൾക്ക് ഉപയോഗിക്കാനുള്ള മരുന്ന് കേരളത്തിന്റെ കൈയിലുണ്ട്. എന്നാൽ ഭൂരിഭാഗവും ഇപ്പോഴും ഫ്രീസറിലാണ്.

ഈ മരുന്നിന്റെ എക്‌സപയറി ഡേറ്റ് ഈ സെപ്റ്റംബറിൽ കഴിയും. ഒരു രോഗിക്കുള്ള ഇഞ്ചക്ഷന്റെ സ്വകാര്യ ആശുപത്രിയിലെ വില 60000 രൂപയാണ്. അതായത് ഒരു വയലിന് 120,000 ആണ് വില. നിലവിൽ കേരളത്തിൽ സ്റ്റോക്കുള്ള മരുന്നിന്റെ മൂല്യം 23 കോടി രൂപയാണ്. സെപ്റ്റംബറോടെ ഇത്രയും മരുന്ന് ആർക്കും ഗുണമില്ലാതെ നശിച്ചുപോകും എന്ന സ്ഥിതിയാണ്.

അടിയന്തര ഘട്ടങ്ങളിൽ ഈ മരുന്ന് ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രംപ് ഈ മരുന്ന് ഉപയോഗിച്ചതിൽ പിന്നെ ഇത് ട്രംപ് കോക്ക്‌ടെയിൽ എന്നാണ് അറിയപ്പെട്ടുന്നത്. കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. പണമുള്ളവർ വിലയ്ക്കു വാങ്ങിയാണ് ഉപയോഗിക്കുന്നത്. സാധാരണക്കാർക്ക് സർക്കാരിന്റെ കൈയിലുള്ള ഈ മരുന്ന് പ്രയോജനമാകേണ്ടതാണ്.

എന്നാൽ എന്തോ കാരണങ്ങളാൽ ഇതിന് കേരളം തയ്യാറാകുന്നില്ല. വിദഗ്ധ സമിതിയുടെ ശുപാർശ ഈ മരുന്നിന് എതിരാണെന്നാണ് സൂചന. അങ്ങനെ ആണെങ്കിൽ ഈ മരുന്ന് ഇതുപയോഗിക്കാൻ തയ്യാറാകുന്ന സംസ്ഥാനങ്ങൾക്ക് കൈമാറാം. അതും ചെയ്യുന്നില്ല. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സങ്കീർണ്ണ രോഗികളുടെ ജീവൻ രക്ഷിക്കാൻ ഇതിലൂടെ കഴിയും. ചില മെഡിക്കൽ കോളേജുകൾ ഈ മരുന്ന് ഉപയോഗിക്കാതെ തിരിച്ചു നൽകിയെന്നും റിപ്പോർട്ടുണ്ട്.

കോവിഡ് ബാധിച്ച് ഏഴ് ദിവസത്തിനുള്ളിൽ ഈ ചികിസ സ്വീകരിച്ചാൽ രോഗം ഗുരുതരാവസ്ഥ പ്രാപിക്കുന്നത് എഴുപതു ശതമാനത്തോളം കുറയും. ഈ ആന്റിബോഡി ശരീരത്തിലെ വൈറസുകളെ നിർവീര്യമാക്കും. ഈ മരുന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ഉപയോഗിച്ചിരുന്നു. അവരാരും ഈ മരുന്നിൽ പരാതികൾ പറഞ്ഞിട്ടുമില്ല. എന്നിട്ടും കേരളത്തിലെ സർക്കാർ ആരോഗ്യ സംവിധാനം മാത്രം ഇതിനോട് മുഖം തിരിക്കുകയാണ്.

എല്ലാ മെഡിക്കൽ കോളേജിലും മരുന്ന് വെറുതേയിരുന്ന് നശിക്കുകയാണ്. ഡോക്ടർമാരുടെ ബന്ധുക്കൾക്കാണ് ഇതുവരെ കേരളത്തിൽ നല്കിയ 800 ഡോസിൽ ഭൂരിപക്ഷവും കിട്ടിയിട്ടുള്ളത്. ബന്ധുക്കൾക്ക് കൊടുക്കാനാണ് ഈ മരുന്ന് വച്ചിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. നൂറു കണക്കിന് സാധാരണക്കാരായ രോഗികളെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഉതകുന്ന മരുന്നാണ് ഫ്രീസറിൽ വെറുതെ ഇരിക്കുന്നത്.