ന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ച് ഇന്ന് തുറന്നടിച്ച ജസ്റ്റിസ് ചെലമേശ്വർ ഏതെല്ലാം കേസുകളിലാണ് അട്ടിമറി നടന്നതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ല. എന്നാൽ ജസ്റ്റിസ് ബി.എച്ച് ലോയ കേസ് ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് 'അതെ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോയ കേസ് ഉൾപ്പടെ നിരവധി കേസുകളിൽ അഴിമതി നടന്നതായാണ് സൂചന.

ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അസാധാരണ നടപടികൾക്ക് കോടതി വേദിയായത്. സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ മുംബൈ പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് ഇന്ന് വാദം നടക്കേണ്ടിയിരുന്നത്.

ലോയയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകൻ ബന്ദുരാജ് ശംഭാജി ലോണാണ് കോടതിയെ സമീപിച്ചത്.ൃവിശദാന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബാറിലെ 470 അഭിഭാഷകർ ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. സിബിഐയോ പ്രത്യേക അന്വേഷണസംഘമോ വിശദമായി അന്വേഷിക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. ജഡ്ജിമാരുടെ ജീവൻപോലും അപകടത്തിലാണെന്നത് നീതിന്യായവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണം ആവശ്യപ്പെട്ട് ചില സാമൂഹ്യപ്രവർത്തകർ ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ചിലും ക്രിമിനൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിസ്ഥാനത്തുണ്ടായിരുന്ന വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ലോയയുടെ മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു.

മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങളും സഹപ്രവർത്തകരും രംഗത്തെത്തി. അന്വേഷണം നടത്താൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നാവികസേന മുൻ തലവൻ അഡ്‌മിറൽ എൽ രാംദാസും ചീഫ് ജസ്റ്റിസിന് കത്ത് നൽകി. കേസിൽ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തണമെന്ന് ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ബി എച്ച് മർളപല്ലെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് ബി.എ,ച്ച്.ലോയയുടെ മരണത്തിലെ ദുരൂഹത

വെറും 48 വയസിൽ തികച്ചും ആരോഗ്യവാനായ ലോയയുടെ മരണം വീട്ടുകാരെ തളർത്തിക്കളഞ്ഞു.മരണം അറിയിച്ച രീതി, പോസ്റ്റ്മോർട്ടം നടത്തിയ രീതി, മൃതദേഹം കൊണ്ടുവന്ന രീതി, ഉന്നതനായ ജഡ്ജിയുടെ മൃതദേഹത്തെ ആരും അനുഗമിക്കാതിരുന്നത്, അങ്ങനെ സംശയങ്ങൾ അന്നേ ഉയർന്നു. ഹൃദയാഘാതം മൂലം ജസ്റ്റിസ് ലോയ മരിച്ചുവെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്.

ഗുജറാത്തിൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ആയിരുന്നു കേസിലെ മുഖ്യപ്രതി.ലോയയുടെ മരണത്തെ കുറിച്ച് വീട്ടുകാർ ഒന്നും പ്രതികരിച്ചില്ല. നിറയെ ഭയമായിരുന്നു അവർക്ക്. ജീവനിൽ കൊതിയുള്ളതുകൊണ്ട്. കേസിൽ ഉൾപ്പട്ടവരെല്ലാം പ്രമുഖർ. ഇംഗ്ലീഷ് വാരികയായ കാരവൻ റിപ്പോർ്ട്ടർ നിരഞ്ജൻ താക്ക്ലെ ആദ്യം ലോയയുടെ ബന്ധുക്കളെ സമീപിച്ചപ്പോൾ തണുത്ത പ്രതികരണമായിരുന്നു.എന്നാൽ, ഏറ്റവുമൊടുവിൽ ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനി മനസ്തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

സൊഹ്റാബുദീൻ കേസിൽ അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണു അനുരാധ വെളിപ്പെടുത്തിയത്.മരിക്കുന്നതിനു കുറച്ചുദിവസങ്ങൾക്കു മുൻപു ദീപാവലി ആഘോഷത്തിനായി ഗടേഗാവിലെ തറവാട്ടുവീട്ടിൽ കൂടിയപ്പോഴാണ് ലോയ ബിയാനിയോട് ഇക്കാര്യം പറഞ്ഞത്.

സൊറാബുദീൻ കേസിൽ അനുകൂല വിധി പുറപ്പെടുവിക്കാൻ, അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണു ലോയ സഹോദരിയോട് പറഞ്ഞത്. അനുകൂല വിധി പറയാൻ ലോയയ്ക്കു വലിയ തോതിൽ പണവും മുംബൈയിൽ വീടും ചിലർ കൈക്കൂലി കൊടുക്കാമെന്നു പറഞ്ഞിരുന്നതായി പിതാവ് ഹർകിഷനും വെളിപ്പെടുത്തി. ബിയാനിയുടെ വെളിപ്പെടുത്തലിനെപ്പറ്റി മോഹിത് ഷായുടെയോ മറ്റുള്ളവരുടെയോ പ്രതികരണം ലഭ്യമായിട്ടില്ല.

2014 ഡിസംബർ ഒന്നിനു പുലർച്ചെ നാഗ്പുരിലായിരുന്നു ലോയയുടെ മരണം. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതാണു ദുരൂഹത സൃഷ്ടിച്ചത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവർ പ്രതികളായ കേസിൽ വിചാരണ നടത്തുന്ന ജഡ്ജി മരിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു തൃണമൂൽ കോൺഗ്രസും സൊഹ്റാബുദീന്റെ സഹോദരനും രംഗത്തെത്തിയെങ്കിലും നടപടിയുണ്ടായില്ല. ലോയയുടെ ഭാര്യ ഷർമിളയും മകൻ അനൂജും ഭയം കാരണം ഇപ്പോഴും ഒന്നും പറയുന്നില്ല.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വൈരുധ്യങ്ങൾ, മരണശേഷം പാലിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ചകൾ, മൃതദേഹം ബന്ധുക്കൾക്കു കൈമാറുമ്പോഴുള്ള അവസ്ഥ ഉൾപ്പെടെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒട്ടേറെ ചോദ്യങ്ങളാണു ലോയയുടെ പിതാവും സഹോദരിമാരും ഉയർത്തുന്നത്. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ കേസ് മഹാരാഷ്ട്രയിലേക്കു മാറ്റാൻ 2012ലാണു സുപ്രീം കോടതി ഉത്തരവിട്ടത്. ഒരു ജഡ്ജി തന്നെ വാദം പൂർണമായി കേൾക്കണമെന്നും ഉത്തരവിട്ടു. മുംബൈയിലുണ്ടായിട്ടും അമിത് ഷാ ഒക്ടോബർ 31നു കോടതിയിൽ ഹാജരാകാഞ്ഞതിനെ ലോയ വിമർശിച്ചിരുന്നു. ഡിസംബർ 15ലേക്കു കേസ് മാറ്റുകയും ചെയ്തു. ഡിസംബർ ഒന്നിനായിരുന്നു ലോയയുടെ മരണം.

പോസ്റ്റ്‌മോർട്ടത്തിലെ കള്ളക്കളികൾ

സഹജഡ്ജിയായ സപ്ന ജോഷിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജസ്റ്റിസ് ലോയ നാഗ്പൂരിൽ പോയത്. ആദ്യം പോകാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും, രണ്ട് സഹജഡ്ജിമാരുടെ നിർബന്ധം മൂലമാണ് ഒടുവിൽ പോയത്.രാത്രി 11 ന് ഭാര്യ ശർമിളയുമായി ഫോണിൽ സംസാരിച്ചിരുന്നു.സർക്കാർ ഗസ്റ്റ് ഹൗസായ രവിഭവനിലായിരുന്നു താമസം.ആ കോളിന് ശേഷം രാവിലെ അറിയുന്നത് കാർഡിയാക് അറസ്റ്റ് മൂലം ലോയ മരിച്ചുവെന്ന വിവരം.പുലർച്ചെ അഞ്ചിന് അതിഥിമന്ദിരത്തിൽ ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാർദെയാണ് മരണവിവരം ഭാര്യയെയും ബന്ധുക്കളെയും വിളിച്ചറിയിച്ചത്.

രാത്രി 12.30ന് ലോയയ്ക്കു നെഞ്ചുവേദനയുണ്ടായെന്നും ഓട്ടോറിക്ഷയിൽ നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് പറഞ്ഞത്. പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനു മുൻപു മരിച്ചു. പോസ്റ്റുമോർട്ടം നടത്തിയെന്നും ആർഎസ്എസ് പ്രവർത്തകനായ ഈശ്വർ ബഹേതി മൃതദേഹം കുടുംബവീടായ ലത്തൂരിലെ ഗടേഗാവിൽ എത്തിക്കുമെന്നുമാണു ലോയയുടെ പിതാവ് ഹർകിഷൻ, സഹോദരിമാരായ ഡോ. അനുരാധ ബിയാനി, സരിത മന്ധാനെ എന്നിവരെ ബാർദ അറിയിച്ചത്. നാഗ്പുരിലേക്ക് ചെല്ലേണ്ടെന്നും അറിയിച്ചു.

ഷർട്ടിന്റെ കോളറിലെ രക്തക്കറ

രാത്രി 11.30നാണു മൃതദേഹം ലത്തൂരിലെ കുടുംബവീട്ടിൽ എത്തിക്കുന്നത്. ആംബുലൻസിൽ ഡ്രൈവർ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. നാഗ്പുരിൽ ഒപ്പമുണ്ടായിരുന്ന ജഡ്ജിമാരോ പൊലീസോ ആരും മൃതദേഹത്തെ അനുഗമിച്ചില്ല. നാഗ്പുരിൽ വിവാഹത്തിനു ലോയയെ നിർബന്ധിച്ചു കൊണ്ടുപോയ സഹപ്രവർത്തകർ പോലും ഉണ്ടായില്ല. മൃതദേഹത്തിന്റെ തലയ്ക്കു പിന്നിൽ മുറിവുണ്ടായിരുന്നെന്നും ഷർട്ടിന്റെ കോളറിൽ രക്തക്കറ ഉണ്ടായിരുന്നെന്നും സഹോദരി അനുരാധ പറയുന്നു. കണ്ണാടി മൃതദേഹത്തിന്റെ അടിയിൽ വച്ചിരിക്കുന്ന നിലയിലായിരുന്നു. വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നു ഡോക്ടർ കൂടിയായ അനുരാധ ആവശ്യപ്പെട്ടെങ്കിലും ലോയയുടെ സഹപ്രവർത്തകർ നിരുൽസാഹപ്പെടുത്തി. ലോയയുടെ മൊബൈൽ ഫോൺ നാലാം ദിവസമാണ് എത്തിച്ചത്. ഫോണിലെ കോൾ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം മായ്ച്ചുകളഞ്ഞിരുന്നു. മരിച്ചയാളുടെ വസ്ത്രവും മറ്റു സാധനങ്ങളും പൊലീസാണ് എത്തിക്കേണ്ടതെങ്കിലും ഫോൺ കൈമാറിയത് ആർഎസ്എസ് പ്രവർത്തകനായ ഈശ്വർ ബഹേതിയാണ്.സംഭവത്തിന് രണ്ടുമൂന്ന് ദിവസം മുമ്പ് സർ, ഈ ആളുകളുടെ അടുത്ത് നിന്ന് മാറി സുരക്ഷിതാകൂ എന്ന് അഭ്യർത്ഥിക്കുന്ന സന്ദേശം ഫോണിൽ വന്നിരുന്നു. എന്നാൽ, സന്ദേശങ്ങളെല്ലാം ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

എന്തുകൊണ്ടാണ് ലോയയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ വീട്ടുകാരെ അറിയിക്കാതിരുന്നത്? മരണം നടന്നയുടൻ വിവരം എന്തുകൊണ്ട് അറിയിച്ചില്ല? പോസ്റ്റ്മോർട്ടം എന്തിന് നടത്തി? ആരുശുപാർശ ചെയ്തു?ആദ്യം കൊണ്ട് പോയ കുപ്രസിദ്ധമായ ദണ്ടേ ആശുപത്രിയിൽ എന്തുമരുന്നാണ് നൽകിയത്? വിഐപികൾ താമസിക്കുന്ന രവിഭവനിൽ നിന്ന് ലോയയെ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ട്? ഡോക്ടർമാരും, ആശുപത്രി ജീവനക്കാരും ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്നത്..അങ്ങനെ ദുരൂഹതകളുടെ ശൃംഖല നീളുന്നു.

പ്രമേഹമോ,രക്തസമ്മർ്ദ്ദമോ,ഹൃദയാഘാതത്തിന്റെ കുടുംബചരിത്രമോ ഇല്ലാത്ത ലോയയ്ക്ക് കൊറോണറി ആർട്ടരി ഇൻസഫിഷ്യൻസി എങ്ങനെ വന്നു?

ലത്തൂരിലേക്ക് മൃതദേഹം എത്തിക്കുമ്പോൾ ആംബുലൻസ് ഡ്രൈവറല്ലാതെ മറ്റാരും കൂടെയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ പൊലീസോ ആരും കൂടെയുണ്ടായിരുന്നില്ല. ലോയയുടെ തലയ്ക്ക് പിന്നിലുണ്ടായിരുന്ന മുറിവും വസ്ത്രത്തിലുണ്ടായിരുന്ന രക്തക്കറയും സംശയം വർധിപ്പിക്കുന്നു. ലോയ ധരിച്ച പാന്റിന്റെ ക്ലിപ്പ് പൊട്ടിയ നിലയിലും ബെൽറ്റ് തലതിരിഞ്ഞ നിലയിലുമായിരുന്നുവെന്ന് സഹോദരി ആരോപിക്കുന്നു. മരണം നടന്ന് നാല് ദിവസത്തിനു ശേഷം മാത്രമാണ് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ വീട്ടിൽ ലഭിച്ചത്. അതിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലായിരുന്നുവെന്നും അനുരാധ ആരോപിക്കുന്നുണ്ട്. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് സഹോദരി ആവശ്യപ്പെട്ടെങ്കിലും ആവശ്യം തള്ളിക്കളയുകയായിരുന്നു.

കേസിന്റെ ചരിത്രം

സൊഹ്റാബുദീൻ ഷെയ്ഖിനെയും ഭാര്യ കൗസർബിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഹൈദരാബാദിൽ നിന്നു തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിനു സമീപം 2005 നവംബറിൽ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്നാണു കേസ്. സംഭവത്തിനു സാക്ഷി തുളസീറാം പ്രജാപതിയെ ഗുജറാത്തിലെ ചപ്രി ഗ്രാമത്തിൽ 2006 ഡിസംബറിൽ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ച കേസും സൊഹ്റാബുദീൻ കേസും ഒരുമിച്ചാക്കാൻ 2013ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസിലെ 38 പ്രതികളിൽ 15 പേരെ കോടതി വിട്ടയച്ചു. ഇതിൽ 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു.

ലോയയ്ക്ക് പണവും സമ്പത്തും വാഗ്ദാനങ്ങളായി ലഭിച്ചിരുന്നുവെന്ന് ലോയയുടെ പിതാവ് ഹർകിഷനും വെളിപ്പെടുത്തുന്നുണ്ട്. 'നിരവധി തവണ പണവും ഭൂമിയും വീടും വാഗാദനങ്ങളും ലഭിച്ചു. എന്നാൽ അതെല്ലാം ലോയ തള്ളിക്കളയുകയായിരുന്നു. ആ കേസ് ലോയയെ ഏറെ സമ്മർദ്ദത്തിലാക്കിയിരുന്നു. ജോലി രാജിവെച്ച് ഒഴിയാനോ സ്ഥലംമാറ്റം ലഭിക്കാനോ ലോയ ആഗ്രഹിച്ചിരുന്നുവെന്ന് ലോയയുടെ പിതാവ് ഹർകിഷൻ 'കാരവാൻ' പ്രതിനിധികളോട് പ്രതികരിച്ചു.

ലോയയുടെ മരണത്തിനു പിന്നാലെ ഇത് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല. പിന്നീട് എംബി ഗോസാവിയാണ് കേസ് കൈകാര്യം ചെയ്തത്. ഡിസംബർ 15 മുതൽ ഗോസാവിയാണ് കേസിൽ വാദം കേട്ടത്.ലോയയുടെ മരണം കഴിഞ്ഞ ഒരു മാസം പൂർത്തിയാവുന്ന് ഡിസംബർ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബൈ പ്രത്യേക സിബിഐ കോടതി ഉത്തരവ് പുറത്തുവന്നു.അമിത് ഷായ്ക്കെതിരെ വ്യക്തവും മതിയായതുമായ തെളിവ് ഇല്ലെന്നും കേസ് അന്വേഷിച്ച സിബിഐ അനുമാനങ്ങളെ പൂർണമായും ഉൾക്കൊള്ളാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക സിബിഐ കോടതി ജഡ്ജി എംബി ഗോസാവിയുടെ ഉത്തരവ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അമിത് ഷായെ 2005-06 കാലയളവിൽ നടന്ന രണ്ട് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സിബിഐ പ്രതിചേർത്തിരുന്നു.