ന്യൂയോർക്ക് :ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ പദവിയിലെത്തുന്ന ആദ്യത്തെ മുൻ രാഷ്ട്രത്തലവനാണ് പോർച്ചുഗലിന്റെ മുൻപ്രധാനമന്ത്രിയും സോഷ്യലിസ്റ്റുമായ അന്റോണിയോ ഗുട്ടെറസ്. സജീവ രാഷ്ട്രീയത്തിൽനിന്നു രാജ്യാന്തര നയതന്ത്രത്തിലേക്കു കളംമാറിയ നേതാവാണ് അന്റോണിയോ ഗുട്ടെറസ് (67). ഗുട്ടെറസിന്റെ നിയമനം ഇന്ത്യയും സ്വാഗതം ചെയ്തു. പൊതുസഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ, ജനുവരി ഒന്നുമുതൽ അഞ്ചുവർഷത്തേക്ക് ഈ യൂറോപ്യൻ സോഷ്യലിസ്റ്റ് ഐക്യരാഷ്ട്രസംഘടനയെ നയിക്കും.

കൂടുതലും മുൻ വിദേശകാര്യമന്ത്രിമാർ വഹിച്ച ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ പദവിയിലെത്തുന്ന ആദ്യത്തെ മുൻ രാഷ്ട്രത്തലവൻ. ബാൻ കി മൂണിനു പിൻഗാമിയായി നേരത്തേ പ്രവചിക്കപ്പെട്ട പേരുകൾക്കൊപ്പം ഗുട്ടെറസ് ഉണ്ടായിരുന്നില്ല. കിഴക്കൻ യൂറോപ്പിൽനിന്നുള്ള ആളെ മാത്രമേ റഷ്യ അംഗീകരിക്കൂ എന്നു പൊതുവേ കരുതിയിരുന്നതിനാൽ ഗുട്ടെറസിനെ പ്രഖ്യാപിച്ചത് ഏവരേയും അൽഭുതപ്പെടുത്തി. രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള റഷ്യ അടക്കം അ?ഞ്ചു രാജ്യങ്ങളും ഗുട്ടെറസിനെ പിന്തുണയ്ക്കുകയായിരുന്നു.

2005 മുതൽ 2015വരെ ഐക്യരാഷ്ട്രസംഘടനയുടെ അഭയാർഥി വിഭാഗം ഹൈക്കമ്മിഷണർ പദവിയിലിരുന്ന ഗുട്ടെറസ് അഭയാർഥികളുടെ അവകാശങ്ങൾക്കായി പൊരുതി. അഫ്ഗാനിസ്ഥാൻ, സിറിയ, ലിബിയ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികളെ പുനരധിവസിപ്പിക്കാൻ തുർക്കിയെയും ജോർദാനെയും സഹായിച്ച അദ്ദേഹം, അഭയാർഥികൾ യൂറോപ്പിലേക്ക് ഒഴുകുമെന്നു പലവട്ടം മുന്നറിയിപ്പു നൽകി. സമ്പന്നരാജ്യങ്ങൾ കൂടുതൽ പേർക്ക് അഭയം നൽകണമെന്നും അദ്ദേഹം വാദിച്ചു. അതുകൊണ്ട് തന്നെ അഭയാർത്ഥികളുടെ കൺകണ്ട ദൈവമാണ് അദ്ദേഹം. തീവ്രവാദത്തിന്റേയും ദാരിദ്രത്തിന്റേയും പിടിയിലമർന്ന രാജ്യങ്ങളിലെ പട്ടിണി പാവങ്ങൾക്കൊപ്പമായി ആ മനസ്സ്.

നീണ്ടകാലത്തെ സ്വേച്ഛാധിപത്യത്തിനുശേഷം 1976ൽ പോർച്ചുഗലിൽ ജനാധിപത്യ മാർഗത്തിൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മൽസരിച്ചു ജയിച്ചാണു ഗുട്ടെറസ് ശ്രദ്ധ നേടിയത്. 1992 ൽ പോർച്ചുഗൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി. 1995ലെ പൊതുതിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി അധികാരത്തിലെത്തി. 1995 മുതൽ 2002 വരെ പ്രധാനമന്ത്രിയായി. അലങ്കാരപദവിയായ പോർച്ചുഗൽ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ വേണ്ടെന്നു വച്ചു. 'എനിക്കു റഫറിയാകേണ്ട, കളിക്കാരനായാൽ മതി. എനിക്ക് മണ്ണിൽ നിൽക്കാനാണ് ഇഷ്ടം'.-ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

പിന്നീട് പോർച്ചുഗലിലെ രാഷ്ട്രീയജീവിതം മതിയാക്കി യുഎൻ അഭയാർഥി വിഭാഗം ഹൈക്കമ്മിഷണറായി 2005 ജൂണിൽ ചുമതലയേറ്റത്. യൂറോപ്യൻ യൂണിയന്റെ ശക്തനായ വക്താവാണ് ഗുട്ടെറസ്. എൻജിനീയറിങ് ബിരുദധാരി; മികച്ച പ്രാസംഗികനും. 1999ൽ യൂറോ കറൻസി നിലവിൽവന്നപ്പോൾ ആദ്യം അംഗീകരിച്ച 11 രാജ്യങ്ങളിലൊന്നു പോർച്ചുഗലാണ്. പോർച്ചുഗീസിനു പുറമേ ഫ്രഞ്ചും ഇംഗ്ലിഷും നന്നായി അറിയാവുന്ന നേതാവാണ് അദ്ദേഹം.