- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഓമിക്രോൺ സ്ഥിരീകരിച്ചു; രോഗബാധ ബ്രിട്ടണിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്; ആരോഗ്യനില തൃപ്തികരം; കൊച്ചിയിൽ എത്തിയത് ആറാം തീയതി; സഹയാത്രികരെ വിവരം അറിയിച്ചു; സമ്പർക്കത്തിൽ ഏർപ്പെട്ട ഭാര്യയ്ക്കും ഭാര്യാമാതാവിനും കോവിഡ്; സാംപിൾ പരിശോധനയ്ക്ക്; എല്ലാവിധ ജാഗ്രതയും സ്വീകരിച്ചതായി ആരോഗ്യമന്ത്രി
കൊച്ചി: കേരളത്തിൽ ഓമിക്രോൺ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ നിന്നും കൊച്ചിയിൽ എത്തിയ എറണാകുളം സ്വദേശിയിലാണ് ഓമിക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡൽഹിയിലും സാംപിൾ പരിശോധന നടത്തിയ ശേഷമാണ് കേരളത്തിൽ ഓമിക്രോൺ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ബ്രിട്ടണിൽ നിന്നും അബുദാബിയിൽ എത്തിയ യാത്രക്കാരൻ ആറാം തീയതിയാണ് കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഓമിക്രോൺ പോസിറ്റീവ് സ്ഥിരീകരിച്ചത്.
എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തിൽ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരിൽ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതൽ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ ഡിസംബർ 13 തിങ്കളാഴ്ച കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇതോടൊപ്പം അദ്ദേഹത്തിന്റെ പ്രാദേശിക സമ്പർക്കപ്പട്ടികയിലുള്ള ടാക്സി ഡ്രൈവറേയും ഭാര്യാ മാതാവിനേയും നിരീക്ഷിച്ചു വരുന്നു. ഇതിൽ കൂടെ യാത്ര ചെയ്ത ഭാര്യയും പ്രാദേശിക സമ്പർക്കപ്പട്ടികയിലുള്ള ഭാര്യാ മാതാവും രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമായിരുന്നു. ഇവർ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രത്യേകം ചികിത്സയിലാണ്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
എല്ലാവിധമായ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. എല്ലാ ജാഗ്രതയും മുന്നൊരുക്ക പ്രവർത്തനങ്ങളും സർക്കാർ നേരത്തെ തന്നെ നടത്തിയിട്ടുണ്ട്. ഓമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തുടർ പ്രവർത്തനങ്ങൾ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഇന്ന് മറ്റ് നാല് പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂർ ആന്ധ്രപ്രദേശ്, ചണ്ഡീഗഡ് കർണാടക എന്നിവിടങ്ങളിലാണ് ഇന്ന് ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിൽ വീണ്ടും ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ നാഗ്പൂർ സ്വദേശിയായ 40കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഓമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. നിലവിൽ മഹാരാഷ്ട്രയിൽ മാത്രം 18 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും ഇന്ന് രണ്ടുപേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ആന്ധ്രയിൽ 34കാരനും ചണ്ഡീഗഢിൽ 20കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ആന്ധ്രയിലേയും ചണ്ഡീഗഢിലേയും ആദ്യ കേസുകളാണ്. ആന്ധ്രയിലെത്തിയ 34കാരൻ അയർലൻഡിൽ നിന്നും ചണ്ഡീഗഢിലെത്തിയ 20കാരൻ ഇറ്റലിയിൽ നിന്നുമാണ് വന്നത്.
വിദേശത്ത് നിന്ന് ആന്ധ്രയിൽ എത്തിയ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മുഴുവൻ സാംപിളുകളും ജിനോം സ്വീക്വീൻസിങിനും വേധയമാക്കി. ഇതിൽ പത്ത് പേരുടെ ഫലമാണ് വന്നത്.ഇതിലാണ് ഒരാളുടെ ഫലം പോസിറ്റീവായത്.
ഓമിക്രോൺ സ്ഥിരീകരിച്ച വ്യക്തി അയർലൻഡിൽ നിന്ന് ആദ്യം മുംബൈ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ വച്ച് നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇയാൾക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചത്. പിന്നാലെയാണ് ഇയാൾ വിശാഖപട്ടണത്ത് എത്തിയത്. ഇവിടെ വച്ച് നടത്തിയ ആർടിപിസിആർ ടെസ്റ്റിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെയാണ് ഓമിക്രോൺ ബാധിച്ചതായി കണ്ടെത്തിയത്.
രണ്ട് വാക്സിനുമെടുത്ത 20കാരൻ ഇറ്റലിയിൽ നിന്നെത്തിയതിന് പിന്നാലെ ഈ മാസം ഒന്നിന് കോവിഡ് പോസിറ്റീവായി. ക്വാറന്റൈനിൽ കഴിയുന്ന യുവാവിന്റെ സാംപിൾ ജിനോം സ്വീക്വീൻസിങിനും വേധയമാക്കി. പിന്നാലെയാണ് ഫലം പോസിറ്റീവായത്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഓമിക്രോൺ ബാധിതർ മഹാരാഷ്ട്രയിലാണ്. 18പേരാണ് സംസ്ഥാനത്ത് രോഗികൾ. ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും നിലവിൽ ഓമിക്രോൺ ബാധിതരുണ്ട്.
എന്താണ് ഓമിക്രോൺ?
സാർസ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഓമിക്രോൺ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബർ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഓമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയിൽ കൂടുതൽ പ്രോട്ടീൻ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകർച്ചാശേഷി, പ്രതിരോധ ശക്തിയെ തകർക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയിൽ കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കൺസേൺ ആയി പ്രഖ്യാപിച്ചത്.
പരിശോധന എങ്ങനെ?
സാർസ് കൊറോണ 2 വൈറസിനെ കണ്ടുപിടിക്കുവാൻ സാധാരണയായി ഉപയോഗിക്കുന്നതും കൂടുതൽ സ്വീകാര്യവുമായ മാർഗമാണ് ആർ.റ്റി.പി.സി.ആർ. എങ്കിലും ഓമിക്രോൺ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത് ഓമിക്രോൺ ജനിതക നിർണയ പരിശോധന നടത്തിയാണ്.
എങ്ങനെ സുരക്ഷിതരാകാം?
അതിതീവ്ര വ്യാപനശേഷിയാണ് ഓമിക്രോണെ കൂടുതൽ അപകടകരമാക്കുന്നത്. ഇതുവരെ കൊവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള പ്രതിശോധ നടപടികൾ തുടരണം. മാസ്‌ക് ശരിയായി ധരിക്കുക, രണ്ട് ഡോസ് വാക്‌സിൻ എടുക്കുക, ശാരീരിക അകലം പാലിക്കുക,കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുക, മുറികളിലും മറ്റും കഴിയുന്നത്ര വായു സഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും ചെയ്യണം.
വാക്‌സിനേഷൻ പ്രധാനം
വാക്‌സിനെടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. വാക്‌സിൻ നൽകുന്ന സുരക്ഷ ആന്റിബോഡി, കോശങ്ങളുടെ പ്രതിരോധശേഷി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കൊവിഡിനെതിരെ സുരക്ഷ നൽകുവാൻ വാക്‌സിനുകൾക്ക് കഴിയും. കോവിഡ് രോഗ തീവ്രത കുറയ്ക്കുവാൻ വാക്‌സിനുകൾക്ക് കഴിയും. അതിനാൽ ഇപ്പോൾ ലഭ്യമായിട്ടുള്ള വാക്‌സിനുകൾ രണ്ട് ഡോസ് എടുക്കേണ്ടത് അനിവാര്യമാണ്. കോവിഡ് വാക്‌സിൻ ഇതുവരെയും എടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ സ്വീകരിക്കണം.
വൈറസുകൾക്ക് പകരാനും പെരുകാനും ശേഷി ഉള്ളിടത്തോളം അതിന് വകഭേദങ്ങൾ ഉണ്ടാകും. വകഭേദങ്ങൾ അപകടകാരികൾ അല്ലെങ്കിൽ അതിനെ ശ്രദ്ധിക്കേണ്ടി വരില്ലായിരുന്നു. കൂടുതൽ പകർച്ചാ ശേഷി, ഒരു പ്രാവശ്യം രോഗം ബാധിച്ചവർക്ക് വീണ്ടും രോഗം വരുക എന്നിങ്ങനെ ഉണ്ടാകുമ്പോഴാണ് വകഭേദത്തിനെ കൂടുതൽ ശ്രദ്ധിക്കുക. വകഭേദങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള ഏറ്റവും പ്രധാന നടപടി കോവിഡ് ബാധ കുറയ്ക്കുക എന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ