റിയാദ്: അൽവലീദ് ബിൻ തലാൽ....ഏതാനും ദിവസങ്ങൾക്കുമുമ്പുവരെ പശ്ചിമേഷ്യയിലെ ഏറ്റവും ധനാഢ്യനായ രാജകുമാരനായിരുന്നു അയാൾ. ഇപ്പോൾ, നിലത്ത് കമ്പിളിപ്പുതപ്പ് വിരിച്ച് പരമ ദരിദ്രനായി, സ്വാതന്ത്ര്യം പോലുമില്ലാതെ കിടക്കുന്നു. അഴിമതിക്കാരെയും സ്വജനപക്ഷപാതികളെയും പിടികൂടാൻ സൗദി സർക്കാർ തീരുമാനിച്ചതോടെയാണ് അൽവലീദ് മാളികപ്പുറത്തുനിന്ന് താഴേക്കിറങ്ങിയത്. അൽവലീദിന്റെ പേരിലുള്ള കുറ്റങ്ങളെന്തൊക്കെയെന്ന് വ്യക്തമല്ലെങ്കിലും, അദ്ദേഹം ഇപ്പോൾ വീട്ടുതടങ്കലിലാണ്.

അമേരിക്കയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകനായിരുന്നു അൽവലീദ്. കുമിഞ്ഞുകൂടിയ പണത്തിന് നടുവിലായിരുന്നു ജീവിതം. കടലിൽ യാത്ര ചെയ്യാൻ സൂപ്പർ യാട്ടുകളും ആകാശത്തുകൂടി പറക്കാൻ മണിമന്ദിരങ്ങൾ പോലുള്ള വിമാനങ്ങളും. ലോകത്തെമ്പാടും സ്വകാര്യസ്വത്തുക്കൾ, പരിചാരകർ. ആഡംബരപൂർണമായ ജീവിതമായിരുന്നു ഈ 62-കാരന്റേത്. എന്നാൽ, എല്ലാം ഒരുനിമിഷംകൊണ്ട് അവസാനിച്ചുവെന്നുമാത്രം.

സൗദി അറേബ്യ സ്ഥാപകനായ അബ്ദുളസീസ് ഇബ്ൻ സൗദിന്റെ പേരക്കുട്ടിയാണ് അൽവലീദ്. ഒരുഘട്ടത്തിൽ സൗദിയിലെ അടുത്ത രാജാവാകുമോ എന്നുപോലും ലോകം കരുതിയിരുന്നത്ര കരുത്തുറ്റ വ്യക്തിത്വത്തിനുടമ. എന്നാൽ, കൊട്ടാരരാഷ്ട്രീയത്തിനപ്പുറത്ത് സമ്പത്തിന്റെ മേഖലയിലായിരുന്നു അൽവലീദിന് താത്പര്യം. ലോകത്തെ മുൻനിരക്കമ്പനികളിലൊക്കെ വൻതോതിലുള്ള നിക്ഷേപമാണ് അൽവലീദിനുണ്ടായിരുന്നത്. ട്വിറ്ററിലും ആപ്പിളിലും തുടങ്ങി വലിയ വലിയ കമ്പനികളിൽ അൽവലീദിന് നിക്ഷേപമുണ്ടായിരുന്നു. മർഡോക്ക് കുടുംബം കഴിഞ്ഞാൽ അത്തരത്തിലുള്ള നിക്ഷേപകനും അൽവലീദായിരുന്നു.

റിയാദിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ വീട്ടുതടങ്കലിലാണ് അൽവലീദിപ്പോൾ. ഞായറാഴ്ച രാത്രി അപ്രതീക്ഷിതമായാണ് അറസ്റ്റുണ്ടായത്. മുന്മന്ത്രിമാരും രാജകുടുംബാംഗങ്ങളുമുൾപ്പെടെ വൻതോക്കുകൾ പിടിയിലായപ്പോൾ ലോകം മുഴുവൻ ഉറ്റുനോക്കിയത് അൽവലീദിന്റെ അറസ്റ്റിലേക്കായിരുന്നു. കാരണം, അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഓരോ രാജ്യത്തും സുപരിചിതനായിരുന്ന വ്യക്തിത്വം അദ്ദേഹത്തിന്റേതായിരുന്നു. സൗദി ഭരണകൂടവുമായി ഉടക്കിപ്പിരിഞ്ഞയാളാണ് അൽവലീദിന്റെ പിതാവ് തലാൽ ബിൻ അബ്ദുലസീസ്. ഭരണപരിഷ്‌കാരങ്ങളും പുരോഗമനചിന്താഗതിയും വേണമെന്ന് ശാഠ്യം പിടിച്ച തലാലിന് ഒടുവിൽ സൗദി വിട്ടുപോകേണ്ടിവന്നു. എന്നാൽ, ഫ്രീ പ്രിൻസസ് മൂവ്‌മെന്റ് എന്ന സംഘടനയ്ക്ക് രൂപം കൊടുത്ത അലാൽ, പിന്നീട് ഭരണകൂടവുമായി രമ്യതയിലെത്തുകയും നാട്ടിലേക്ക് തിരിച്ചുവരികയും ചെയ്തു. എന്നാൽ, സൗദി ഭരണകൂടവുമായി ഇടയാതെ തന്റെ വ്യവസായ സാമ്രാജ്യം വലുതാക്കുകയായിരുന്നു അൽവലീദ് ചെയ്തത്.

കാലിഫോർണിയയിലെ മൻലോ കോളേജിൽനിന്ന് ബിരുദം നേടിയശേഷം 30-ാം വയസ്സിൽ അദ്ദേഹം വ്യവസായലോകത്തേക്കിറങ്ങി. പിതാവ് നൽകിയ 30,000 ഡോളറായിരുന്നു മൂലധനം. അതൊരുവർഷംകൊണ്ട് നഷ്ടമായെങ്കിലും അൽവലീദ് പിന്മാറിയില്ല. പിന്നീട് ലഭിച്ച വീട് ഈട് നൽകി വായ്പയെടുത്താണ് അൽവലീദ് ബിസിനസ് തുടങ്ങുന്നത്. ആ വളർച്ച ലോകം കീഴടക്കുന്ന നിലയിലേക്ക് കുതിച്ചു. ഫോബ്‌സിന്റെ കണക്കനുസരിച്ച് അൽവലീദിന്റെ ആസസ്തി 1600 കോടി ഡോളറാണ്.



അൽവലീദിന്റെ ഉടമസ്ഥതയിലുള്ള കിങ്ഡം ഹോൾഡിങ് കമ്പനിക്ക് നിക്ഷേപമില്ലാത്ത വൻകിട സംരംഭങ്ങൾ ലോകത്ത് ചുരുക്കമാണ്. ലിഫ്റ്റ്, ട്വിറ്റർ, സിറ്റിഗ്രൂപ്പ് ആൻഡ് ഫോർ സീസൺസ് ഹോട്ടൽസ് തുടങ്ങി എണ്ണമറ്റ സ്ഥാപനങ്ങൾ. സൗദിക്ക് പുറത്തും ഒട്ടേറെ റിയൽ എസ്റ്റേറ്റ് സംരംഭങ്ങൾ കിങ്ഡം ഹോൾഡിങ്ങിനുണ്ട്. 2008-ൽ ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിലകടപ്പെട്ടപ്പോൽ, ജിദ്ദയിൽ ലോകത്തേറ്റവും ഉയരമുള്ള കെട്ടിടം നിർമ്മിച്ചുനൽകാമെന്ന വാഗ്ദാനമാണ് അന്നത്തെ രാജാവ് അബ്ദുള്ളയ്ക്ക് അൽവലീദ് നൽകിയത്. അത്രയ്ക്കും തകരാത്ത സമ്പദ്‌സമൃദ്ധിയായിരുന്നു അദ്ദേഹത്തിന്റേത്.

അറേബ്യയിലെ വാരൻ ബുഫെയെന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അദ്ദേഹത്തിന് അത്ര സുഖകരമായ ബന്ധമായിരുന്നില്ല. 1991-ൽ ഒരു സൂപ്പർയാട്ട് വാങ്ങുന്നതുമുതൽ തുടങ്ങുന്ന ബന്ധം പിന്നീട് പലതവണ അടുക്കുകയും അകലുകയും ചെയ്തു. ട്രംപിൽനിന്ന് 20 ദശലക്ഷം ഡോളർ നൽകിയാണ് അൽവലീദ് സൂപ്പർയാട്ട് വാങ്ങിയത്. ട്രംപുമായി ട്വിറ്ററിലൂടെ വാദപ്രതിവാദം നടത്തിയതിലൂടെയും അൽവലീദ് ശ്രദ്ധ നേടിയിരുന്നു.'