കോഴിക്കോട്: സംശയരോഗം മഹാരോഗം തന്നെയെന്ന് ഒരുവട്ടം കൂടി തെളിയിക്കുന്നതാണ് കോഴിക്കോട്ടെ 22 കാരിയായ ഹനാന്റെ ദുരൂഹമരണം. ഭർത്താവിന്റെ സംശയയോഗവും, നിരന്തരപീഡനവുമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഫാറൂഖ് കോളജിലെ എംബിഎ വിദ്യാർത്ഥിനിയായിരുന്ന ഹനാനും ഗൾഫുകാരനായ നബീലും തമ്മിലുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്.

ഭർത്താവിന്റെ പീഡനം കാരണം ആറ് മാസത്തിലധികം ഹനാന് സ്വന്തം വീട്ടിൽ നിൽക്കേണ്ടി വന്നിരുന്നു. അടുത്തിടെയാണ് നബീൽ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം വസ്ത്രധാരണത്തെ ചൊല്ലി ഭർത്താവിന്റെ പീഡനം കാരണം ഹനാൻ സ്വന്തം വീട്ടിലേക്ക് മടങ്ങി. മധ്യസ്ഥരുടെ ഇടപെടലിനെ തുടർന്ന് വീണ്ടും ഭർതൃവീട്ടിലേക്ക് തിരിച്ചുപോയി. എന്നാൽ അതിനുശേഷവും പീഡനം തുടർന്നു. ഹനാൻ വീണ്ടും വീട്ടിലേക്ക് മടങ്ങി. ഇതിനിടെ നബീൽ ഹനാന്റെ ബന്ധുവീട്ടിലെ സൽക്കാര ചടങ്ങിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി. മനംമാറിയ ഹനാൻ നബിലിനൊപ്പം പോവാൻ തയ്യാറായി. എന്നാൽ വീണ്ടും പീഡനം തുടർന്നു.

പെരുന്നാൾ ദിവസം ബന്ധുവീടുകളിൽ ഇരുവരും സന്ദർശനം നടത്തിയിരുന്നു. ഇതിനിടയിൽ വഴിയിൽവെച്ച് നബീൽ ഹനാനെ പരസ്യമായി തല്ലുന്നത് കണ്ടതായി ഒരു സ്ത്രീ ബന്ധുക്കളോട് പറഞ്ഞിരുന്നു. അതേദിവസം രാത്രി ഭർതൃവീട്ടിൽ വെച്ച് അയൽവാസികൾ ശബ്ദം കേട്ടിരുന്നു. ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ ബാത്ത്‌റൂമിന്റെ വാതിൽ ശരിയാക്കിയതാണെന്നാണ് നബീലിന്റെ വീട്ടുകാർ പറഞ്ഞത്. ഈ സമയം ഉച്ചത്തിൽ സ്ത്രീയുടെ നിലവിളികേട്ട് അയൽവാസികൾ നബീലിന്റെ വീട്ടിൽ വന്നിരുന്നു. കുളിമുറിയുടെ വാതിൽ പുറമെനിന്നും കുറ്റിയിട്ടതുകൊണ്ട് നിലവിളിച്ചതാണെന്നാണ് നബീൽ പറഞ്ഞത്.

ജനലിൽ തൂങ്ങിക്കിടന്ന ഹനാനെ ആശുപത്രിയിൽ എത്തിക്കാൻ അയൽവാസികളുടെ സഹായം തേടാൻ നബീലും കുടുംബവും തയ്യാറാകാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഹനാൻ മരിച്ച വിവരം ഹനാന്റെ കുടുംബത്തിന് ഏറെ വൈകിയാണ് അറിയാൻ കഴിഞ്ഞത്. മരിച്ചശേഷം മാത്രമാണ് ഹനാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും ആരോപിക്കുന്നു.

നന്തിബസാർ കാളിയേരി അസീസിന്റെ മകളാണ് ഹനാൻ. യുവതിയുടെ മരണത്തിൽ ഭർത്താവ് നബീലിനെ 14 ദിവസത്തേക്ക് റിമാൻഡ്‌ചെയ്തിരിക്കുകയാണ. പെരുന്നാൾ ദിനത്തിലാണ് മേപ്പയ്യൂർ വിളയാട്ടൂരിലുള്ള ഭർതൃഗൃഹത്തിൽ എം.ബി.എ. വിദ്യാർത്ഥിനിയായ ഹനാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവം നടന്ന ഉടൻ ഒളിവിൽപ്പോയ നബീലിനെ വടകര ഡിവൈഎസ്‌പി കെ. സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടി വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

വടകര ഡിവൈഎസ്‌പി സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഹനാൻ ജീവനൊടുക്കാൻ കാരണം നബീലിന്റെ സംശയരോഗമാണെന്ന് പൊലീസിനു വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. നബീലിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തര പീഡനത്തെ തുടർന്നാണ് ഹനാൻ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. കൂട്ടാലിടയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് നബീൽ പൊലീസിന്റെ പിടിയിലായത്

.