ന്യൂഡൽഹി: തികഞ്ഞ സൂത്രശാലി.കഥ പറഞ്ഞ് ആളെ പറ്റിക്കും. ഉത്തരം പറയാൻ ഉദ്ദേശിക്കാത്ത ചോദ്യങ്ങളാണെങ്കിൽ തമാശക്കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും. അറേബ്യൻ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ ഒരാൾ ഒരു കിണറിനരികെ ടൈ വിൽക്കുന്നയാളെ കണ്ടുമുട്ടിയപ്പോൾ..എന്ന മട്ടിൽ അനർഗളമായി പറഞ്ഞുകൊണ്ടിരിക്കും. ചോദ്യകർത്താവ് ചോദ്യം മറക്കുന്നത് വരെ. മാധ്യമപ്രവർത്തകരോട് ഐപിഎൽ കേസിന്റെ പറയാവുന്ന വിശേഷങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി ചോദ്യങ്ങൾ ചോദിച്ചാൽ മുംബൈയുടെ സൂപ്പർ കോപ് ഇങ്ങനെ തമാശകൾ പൊട്ടിച്ചുകൊണ്ടിരിക്കും.

ക്രോഫോർഡ് മാർക്കറ്റിലെ മുംബൈ പൊലീസ് ആസ്ഥാനത്ത് എത്തുന്ന മാധ്യമപ്രവർത്തകരൊക്കെ ഇപ്പോഴും ഓർക്കുന്നു ഹിമാൻഷു റോയിയുടെ ആ സൂത്രങ്ങൾ. ആറടിയിലേറെ ഉയരം, വ്യായാമം ചെയ്ത് മിനുക്കിയെടുത്ത ശരീരം, ഓളം വെട്ടുന്ന മസിലുകൾ, കട്ടിമീശ, അമിതാഭ് ബച്ചന്റേത് പോലെ ഗാംഭീര്യമുള്ള സ്വരം,എല്ലാറ്റിലുമുപരി തികഞ്ഞ പാണ്ഡിത്യം...ആരും കണ്ടാൽ ഒന്നുബഹുമാനിച്ചുപോകും ഹിമാൻഷു റോയിയെ ആദ്യകാഴ്ചയിൽ തന്നെ.

1988 ബാച്ച് മഹാരാഷ്ട്ര കേഡറിൽ പെട്ട റോയിയുടെ കരിയർ ഗ്രാഫ് ഏതൊരു പൊലീസ് ഉദ്യോഗസ്ഥനെയും കൊതിപ്പിക്കും.മാലേഗാവിലായിരുന്നു ആദ്യ പോസ്റ്റിങ്. ബാബ്‌റി മസ്ജിദ് തകർന്നതിനെ തുടർന്നുള്ള കലാപവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യലായിരുന്നു ആദ്യ അസൈന്മെന്റ്. 1995 ൽ നാസിക് റൂറലിലെ ഏറ്റവും പ്രായം കുറഞ്ഞ എസ്‌പിയായി തിളങ്ങി തുടങ്ങിയ 2009 ആകുമ്പോഴേക്കും മുംബൈ പൊലീസി ജോയിന്റ് കമ്മീഷണറായി.മുംബൈയിലെ ആദ്യത്തെ സൈബർ ക്രൈം സെൽ, മഹാരാഷ്ട്ര ഗ്രാമങ്ങളിലെ കൊള്ളക്കാരെ പിടിക്കാനുള്ള ഓപ്പറേഷനുകൾ, സ്ത്രീ സുരക്ഷയ്ക്കായുള്ള വനിതാ സെല്ലുകൾ,ഇതെല്ലാം റോയിയുടെ എളിയ സംഭാവനകൾ മാത്രം.

സൂപ്പർ കോപിന്റെ കൂടെ ജോലി ചെയ്ത കീഴുദ്യോഗസ്ഥർ പറയും. സാഹിബ് ഒരു കാര്യം ചെയ്യുമെന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും. ഒരുസ്ഥലത്ത് പോവുകയാണെന്ന് പറഞ്ഞാൽ വാച്ചിൽ നോക്കാം കിറുകൃത്യമായിരിക്കും പോക്കും വരവും.2010 മുതൽ 2014 വരെ ജോയിന്റ് കമ്മീഷണർ(ക്രൈം) ആയി ജോലി നോക്കുമ്പോഴാണ് ഐപിഎൽ വാതുവയ്പ് കേസ്, ലൈല ഖാന്റെയും അഞ്ചുബന്ധുക്കളുടെയും കൊലപാതകക്കേസ് എന്നിവ അന്വേഷിച്ചത്.

ക്രൈംബ്രാഞ്ചിലെ തിളങ്ങുന്ന കരിയറിന് ശേഷമാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലേക്ക് മാറ്റം കിട്ടിയത്. എടിഎസിലായിരിക്കുമ്പോഴാണ് ബാന്ദ്ര കുർള സമുച്ചയത്തിലെ അമേരിക്കൻ സ്‌കൂൾ ബോംബ് വച്ച് തകർക്കാനുള്ള സോഫ്റ്റ് വെയർ എഞ്ചിനീയർ അനീസ് അൻസാരിയുടെ പദ്ധതി പൊളിച്ചത്. 2013 ലെ ഐപിഎൽ പ്രീമിയർ ലീഗ വാതുവയ്പ് കേസായിരുന്നു റോയിയുടെ അവസാനത്തെ പ്രമുഖ കേസ്. വാതുവയ്പുകാരുമായുള്ള ബന്ധത്തിന്റെ പേരിൽ, വിന്ധുധാരാ സിങ്ങിനെ അറസ്റ്റ് ചെയ്തതും റോയിയാണ്.മുംബൈ ഭീകരാക്രമണം, ജേണലിസ്റ്റ് ജെ ഡേ വധം, ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ഡ്രൈവർ ആരിഫ് ബെയ്‌ലിന്റെ കൊല, വിജയ് പലാന്ദെ ഉൾപെട്ട ഇരട്ട കൊലപാതക കേസ്, നിയമ വിദ്യാർത്ഥി പല്ലവി പുർഖയസ്തയുടെ കൊലപാതകം എന്നിവ അദ്ദേഹമാണ് അന്വേഷിച്ചിരുന്നത്.

ഐപിഎൽ കേസിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ റോയ് പറയും. ' അത് വളരെ എളുപ്പം കണ്ടുപിടിക്കാവുന്ന കേസായിരുന്നു. കടുപ്പമുള്ള കേസുകളിൽ ന്മ്മൾക്ക് കൂടുതൽ കാര്യങ്ങൾ ചുഴിഞ്ഞുകണ്ടെത്തേണ്ടി വരും. ഐപിഎസ് കേസ് ഒരു ഫ്‌ളാറ്റ് കേസാണ്. വസ്തുതകളെ സമർഥിക്കാൻ പോന്ന തെളിവുകൾ ശേഖരിക്കൽ മാത്രമായിരുന്നു പണി'.
മുംബൈ അധോലോകത്തെ കുടിപ്പകയുടേയും ഗ്യാങ് വാറിന്റേയും ഭാഗമായ നിരവധി കൊലപാതക്കേസുകൾ അന്വേഷിച്ചതും തുമ്പുണ്ടാക്കിയതും അദ്ദേഹമാണ്. മുംബൈ പൊലീസിന്റെ നിരവധി സായുധ ഓപ്പറേഷനുകളിലും ഹിമാൻഷു റോയ് പങ്കെടുത്തിട്ടുണ്ട്.

മുംബൈ ക്രൈംബ്രാഞ്ചിന്റെ മേധാവിയായിരിക്കെയാണ് മാധ്യമപ്രവർത്തകനായ ജ്യോതിർമയി ഡേയുടെ കൊലപാതകക്കേസ് അന്വേഷിച്ചത്. രണ്ടാഴ്ച മുമ്പാണ് ഛോട്ടാ രാജനെയും മറ്റു എട്ടുപേരെയും ഈ കേസിൽ ശിക്ഷിച്ചത്.

പഠനകാലം

കൊളാബയിലെ അറിയപ്പെടുന്ന ഡോക്ടറുടെ ഒറ്റമകൻ. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിൽ പഠനം.പ്ലസ്ടു കഴിഞ്ഞ് മെഡിസിൻ പഠനത്തിന് പോയെങ്കിലും വൈകാതെ അതുപേക്ഷിച്ച് സിഎയ്ക്ക് ചേർന്നു.എന്നാൽ, പിന്നീട് ജീവിതത്തിൽ എന്തെങ്കിലും മാറ്റം വേണമെന്ന തോന്നൽ വന്നപ്പോൾ, അതുപേക്ഷിച്ച് ഐപിഎസ് പരീക്ഷ എഴുതാൻ പോയി. പരീക്ഷാഹാളിൽ വച്ചാണ് എഴുത്തുകാരൻ അമീഷ് ത്രിപാഠിയുടെ സഹോദരിയും പിൽകാലത്ത് തന്റെ ജീവിതസഖിയുമായ ഭാവ്‌നയെ റോയ് കണ്ടുമുട്ടിയത്.ഐഎഎസ് പരീക്ഷ എഴുതാൻ വന്നപ്പോൾ പരിചയപ്പെട്ട ഭാവ്‌നയുമായി രണ്ടുവർഷത്തിന് ശേഷം വിവാഹം. ഭാവന് പിന്നീട് ഐഎഎസ് വിട്ട് സാമുഹിക പ്രവർത്തനത്തിലേക്ക് തിരിഞ്ഞു.

സ്വാഭാവം

മദ്യം കൈകൊണ്ട് പോലും തൊടില്ല. ഹിന്ദുസ്ഥാനി സംഗീതത്തിൽ അതീവതൽപരൻ. എതിരാളികൾ പറയുന്നത് വിശ്വസിച്ചാൽ അൽപം ഞാനെന്ന ഭാവവും. ബോളിവുഡ്,മീഡിയ, രാഷ്ട്രീയ സർ്ക്കിളുകളിൽ എല്ലാം പോപ്പുലർ.ഫിറ്റ്‌നസ് പ്രേമികളുടെ വിഗ്രഹം കൂടിയിയായിരുന്നു ഹിമാൻഷു റോയ്. 2012 ൽ നടൻ അർബാസ് ഖാനൊപ്പം ജിം ഉദ്ഘാടനത്തിന് പോയ് റോയിയെ പലരും ഓർക്കുന്നു.മർദ്ദാനി എന്ന ചിത്രത്തിൽ െൈക്രബ്രാഞ്ച് ഓഫീസറുടെ റോൾ അഭിനയിക്കാൻ റാണി മുഖർജി ഹിമാൻഷു റോയിയുടെ ഉപദേശം തേടിയതും വാർത്തായിരുന്നു.

ഒടുവിൽ മഹാരാഷ്ട്ര സർക്കാരിന്റെ അവഗണന

2015 ൽ സ്ഥലംമാറ്റങ്ങളിൽ സ്വജനപക്ഷപാതവും, മുതിർന്ന ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ആരോപിച്ച് റോയിയും ചില ഉദ്യോഗസ്ഥരും മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന് കത്തെഴുതിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഇവരെ തഴയുന്ന സമീപനം സ്വീകരിച്ചത്.ആ സമയത്താണ് എടിഎസ് മേധാവി സ്ഥാനത്ത് നിന്ന് ഹിമാൻഷു റോയിയെ നീക്കുന്നത്. പൊലീസ് ഹൗസിങ്ങിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ എന്ന അപ്രധാന ചുമതയിലേക്ക് അദ്ദേഹത്തെ തരംതാഴ്‌ത്തി.

വില്ലനായി അർബുദം

അർബുദം കാർന്നുതിന്നാൻ തുടങ്ങിയതോടെ ഒരുവർഷമായി അവധിയിലായിരുന്നു ഹിമാൻഷു റോയ്. ചികിൽസയ്ക്കായി വിദേശത്ത് പോയപ്പോൾ അൽപം ഭേദപ്പെട്ടുവെങ്കിലും പിന്നീട് രോഗം മൂർച്ഛിച്ചു. ഇതോടെ കടുത്ത വിഷാദത്തിലേക്ക് അദ്ദേഹം വഴുതി വീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുമ്പോൾ റോയ് മനസ്സിൽ പറഞ്ഞിട്ടുണ്ടാവണം...ഈ നരകം എനിക്ക് മടുത്തുവെന്ന്. ധീരനായ,ശാരീരിക ക്ഷമതയിൽ ഏറെ ശ്രദ്ധിച്ചിരുന്ന അത് പരിപാലിച്ചിരുന്ന ഒരു പൊലീസ് ഉദ്യോഗസഥന് താങ്ങാൻ കഴിയുന്നതായിരുന്നില്ല, രോഗത്തിന്റെ ഈ ആധിപത്യം.