മുംബൈ: ഷീന ബോറ കൊലക്കേസിന്റെ ചുരുളഴിയുന്തോറും ഇന്ദ്രാണി മുഖർജിയുടെ ജീവതവും ചർച്ചയാകുന്നു. കുട്ടിയെന്ന നിലയിൽ യാതൊരു പരിഗണനയും ഇന്ദ്രാണിക്ക് ലഭിച്ചിരുന്നില്ല. അതുതന്നെയാണ് മകളെ കൊല്ലുന്ന ക്രിമിനലായി ഇന്ദ്രാണിയെ മാറ്റിയതും. ഇപ്പോഴും ഇന്ദ്രാണിയുടെ ഭൂതകാലത്തെ കുറിച്ച് ഇപ്പോഴും വ്യക്തമായ സൂചനകൾ ആർക്കും അറിയില്ല. എല്ലാം ദുരൂഹമാണ്. ചില സൂചനകൾ മാത്രമാണ് ലഭിക്കുന്നത്. അതാകട്ടെ ഞെട്ടിക്കുന്നതും. ഈ സാഹചര്യം തന്നെയാണ് ഇന്ദ്രാണിയെ ക്രിമിനൽ ആക്കിയതെന്നാണ് നിഗമനം.

ഉപേന്ദ്രകുമാർ ബോറ തന്റെ വളർത്തച്ഛനാണെന്ന് ഇന്ദ്രാണിയും, അല്ല സ്വന്തം പിതാവുതന്നെയെന്നു ബോറയും പറയുന്നതിൽ നിന്നു തന്നെ ബാല്യകാലം മുതലേ അവരുടെ ജീവിതം സങ്കീർണമായിരുന്നുവെന്നു വ്യക്തം. കൂടുതൽ സ്വപ്നങ്ങളുമായി മുംബൈയിലേക്കു ചേക്കേറുന്നതിനു മുൻപ് പോരി ബോറയായിരുന്ന ഇന്ദ്രാണി, കുട്ടിക്കാലത്തു നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അയൽക്കാരും ചില ബന്ധുക്കളും സമൂഹമാദ്ധ്യമങ്ങളിൽ ഇട്ട പോസ്റ്റുകളും ചർച്ചയായിട്ടുണ്ട്. എന്നാൽ ഇവയ്‌ക്കൊന്നും ആധികാരികതയോ സ്ഥിരീകരണമോ ഇല്ല. 'ഉപേന്ദ്രകുമാർ ബോറയും ഭാര്യ ദുർഗയും തമ്മിൽ എന്നും കലഹമായിരുന്നു. വീട്ടിൽ നിന്നു സദാസമയവും ഒച്ചയും ബഹളവും കേൾക്കാം. കുഞ്ഞു പോരിയെ ഉപേന്ദ്ര ബെൽറ്റ് കൊണ്ടു ക്രൂരമായി മർദിക്കുമായിരുന്നു. പലപ്പോഴും അവളെ വീട്ടിൽ മണിക്കൂറുകളോളം പൂട്ടിയിട്ടശേഷം അച്ഛനും അമ്മയും പുറത്തുപോയി. ഏക മകളായിരുന്നെങ്കിലും അതിന്റെ സ്‌നേഹമോ പരിഗണനയോ ഒരിക്കലും ലഭിച്ചതായി തോന്നിയില്ല. അടിയേറ്റ പാടുകൾ അവൾ അയൽവീട്ടുകാരെ പലപ്പോഴും കാണിച്ചിട്ടുണ്ട്.

ഈ ദുരിതത്തിൽ നിന്നു രക്ഷപ്പെടാനായിട്ടാകണം സ്‌കൂളിൽ പഠിക്കുമ്പോൾ വീട്ടിലെ ഡ്രൈവറുമായി ഒളിച്ചോടാൻ തുനിഞ്ഞത്. റയിൽവേ സ്റ്റേഷനിലെത്തിയപ്പോഴേക്കും തിരിച്ചു പിടിച്ചു കൊണ്ടുവരികയായിരുന്നു. പിന്നീടാണു ഷില്ലോങ്ങിലെ ഹോസ്റ്റലിലേക്ക് അയച്ചത്. ഉപേന്ദ്ര തന്നെ ലൈംഗികമായി പലവട്ടം പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇന്ദ്രാണി പറഞ്ഞിട്ടുള്ളതായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വീർ സാങ്‌വി വെളിപ്പെടുത്തിയിരുന്നു.ബോറയും ദുർഗയും ഇന്ദ്രാണിയുടെ മകൻ മിഖൈലും താമസിക്കുന്ന വീട്ടിൽ നിന്ന് ഇപ്പോഴും നിലവിളികൾ കേൾക്കാറുണ്ടെന്നും അയൽക്കാർ പറഞ്ഞു. ഇവയെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ കുട്ടിക്കാലത്തുതന്നെ ഇന്ദ്രാണിയുടെ ഉള്ളിൽ പകയും വിദ്വേഷവും വളരുകയും കുറ്റകൃത്യവാസന രൂപപ്പെടുകയും ചെയ്തിട്ടുണ്ടാകാമെന്ന വിലയിരുത്തലാണ് ഉണ്ടാകുന്നത്. കുടുംബ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാൻ ആൺ സുഹൃത്തുക്കളിലേക്ക് അടുത്തു. ഒന്നിലേറെ വിവാഹം കഴിച്ചു. ഭർത്താക്കന്മാരേയും കാമുകന്മാരേയും ഒരേ സമയം കൈകാര്യം ചെയ്യാനുള്ള മികവും ഉണ്ടായിരുന്നു.

അനധികൃതമായി ആയുധം കൈവശംവച്ച കേസിൽ ഡ്രൈവർ ശ്യാംവർ റായിയെ ചോദ്യം ചെയ്യുന്നതിനിടയിലാണു ഷീന ബോറ കൊലക്കേസിന്റെ വിവരം ലഭിക്കുന്നതെന്നാണു പൊലീസ് അറിയിച്ചത്. അതേസമയം, പൊലീസ് സ്റ്റേഷനിലേക്കു വന്ന അജ്ഞാത ഫോൺകോളിന്റെ ചുവടുപിടിച്ചാണു ശ്യാംവറിനെ അറസ്റ്റ് ചെയ്തതെന്നും ഷീന കൊലക്കേസിന്റെ സൂചന ലഭിച്ചതിനെ തുടർന്നാണിതെന്നുമാണു വിവരം. ഇന്ദ്രാണിയും പീറ്റർ മുഖർജിയും ചേർന്ന് ആരംഭിച്ച ഐഎൻഎക്‌സ് മീഡിയയിലെ മുൻ ജീവനക്കാരനാണെന്നാണത്രേ അജ്ഞാതൻ പരിചയപ്പെടുത്തിയത്. ഷീന ബോറ യുഎസിൽ പഠിക്കുകയല്ലെന്നും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നും അതിനു പിന്നിൽ ഇന്ദ്രാണിയാകുമെന്നും അയാൾ സൂചന നൽകുകയും ചെയ്തത്രേ. തുടർന്നാണു പൊലീസ് ശ്യാംവറിനെ തേടിയെത്തിയത്. ഇന്ദ്രാണിയോടുള്ള ആരുടേയൊ പകയാണ് ഈ വിവരം പുറത്തു പറഞ്ഞതെന്നും സൂചനയുണ്ട്.

ചില പൊലീസുകാരുമായി അടുത്ത ബന്ധം പുലർത്തിവന്ന ഇയാൾക്കു വിവിധ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നാണു വിവരം. ഇയാളുടെ അറസ്റ്റിനുശേഷം ഭാര്യ ശാരദ റായി ചില പൊലീസുകാരെ കണ്ടിരുന്നതായും പറയുന്നു. എന്നാൽ, വാടകവീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ഉടമ പറയുന്നതിനാൽ ആകെ പ്രയാസത്തിലാണെന്നും 10 ദിവസമായി ഭർത്താവിനെക്കുറിച്ചു വിവരമില്ലെന്നുമാണു ശാരദയുടെ നിലപാട്. ഇതിലും ദുരൂഹതയുണ്ട്. രണ്ടു മക്കളുമായി പോകാൻ ഇടമില്ലെന്നും ആകെയുള്ള ബന്ധുക്കളായ അമ്മാവനും അമ്മായിയും അവിടേക്കു കയറ്റില്ലെന്ന് അറിയിച്ചതായും അവർ പറയുന്നു. അതിനിടെ, ഷീനയുടെയും മിഖൈലിന്റെയും പിതാവും ഇന്ദ്രാണിയുടെ ആദ്യഭർത്താവുമായ സിദ്ധാർഥ് ദാസ് ബംഗ്ലാദേശിലേക്കു കടന്നെന്ന റിപ്പോർട്ടുകളും പൊലീസ് അന്വേഷിക്കുന്നു. ഇക്കാര്യത്തിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇന്ദ്രാണിയുമായി 10 കൊല്ലമായി ഇയാൾക്കു ബന്ധമില്ലെന്നു ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും അറസ്റ്റിനു ദിവസങ്ങൾക്കു മുൻപ് ദാസ് മുങ്ങിയതു ദുരൂഹമാണെന്നു പൊലീസ് കരുതുന്നു. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും മകൾ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞിട്ടും ഇയാൾ രംഗത്തുവരാത്തതും സംശയത്തിന് ഇടനൽകുന്നതാണെന്ന് അധികൃതർ പറയുന്നു.അതിനിടെ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഇന്ദ്രാണി മുഖർജി, അവരുടെ രണ്ടാം ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായി എന്നിവരുടെ പൊലീസ് കസ്റ്റഡി ശനിയാഴ്ച വരെ നീട്ടി.അമ്മ തന്നെ മൂന്നുവട്ടം കൊലപ്പെടുത്താൻ ശ്രമിച്ചെന്ന മകൻ മിഖൈൽ ബോറയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൊലപാതക ശ്രമം, വിഷം കൊടുത്ത് അപായപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ കൂടി ഇന്ദ്രാണിക്കെതിരെ അധികമായി ചുമത്തി. ഷീനയെ കൊലപ്പെടുത്താനായി കൊണ്ടുപോയ ദിവസം തനിക്ക് അമ്മ ഉറക്കമരുന്നു കലർത്തിയ പാനീയം കുടിക്കാൻ തന്നെന്നും മിഖൈൽ മൊഴി നൽകിയിരുന്നു.

മകനെ വധിക്കാൻ ഇന്ദ്രാണി ഏർപ്പെടുത്തിയെന്നു കരുതുന്ന വാടകക്കൊലയാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തതു കേസിൽ നിർണായകമാകും. 2014 ഓഗസ്റ്റിൽ മിഖൈലിനെ വധിക്കാൻ രണ്ടര ലക്ഷം രൂപ കൊലയാളിക്കു നൽകിയെങ്കിലും എന്തുകൊണ്ടോ പദ്ധതി നടപ്പായില്ലെന്നാണു നിഗമനമെന്നു പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ ഇന്ദ്രാണി മുഖർജി ശാന്തയായിരുന്നു. രണ്ടാമത്തെ ഭർത്താവും ഷീന കേസിൽ കൂട്ടുപ്രതിയുമായ സഞ്ജീവ് ഖന്നയിൽ തനിക്കുള്ള മകൾ വിധിയെ കാണാൻ അനുവദിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചു. അമ്മയെ കണ്ടതോടെ വിധി നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. മകൾ കെട്ടിപ്പിടിച്ചപ്പോൾ ഇന്ദ്രാണിയും കരഞ്ഞു. അനുവദിച്ച അൽപസമയത്തിനുശേഷം മകൾ തിരികെപ്പോയപ്പോൾ ഇന്ദ്രാണി ബോധംകെട്ടുവീണു. അൽപസമയത്തിനു ശേഷം സാധാരണനിലയിലായി. വിധിയെ കൊലപ്പെടുത്താൻ ഷീനയും മിഖൈലും ചേർന്നു ശ്രമിക്കുന്നുണ്ടെന്ന് ഇന്ദ്രാണി പറഞ്ഞെന്നും അതുകൊണ്ടാണു കൊലപാതകത്തിനു കൂട്ടുനിന്നതെന്നും സഞ്ജീവ് ഖന്ന മൊഴിനൽകിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

2012ലായിരുന്നു ഷീന ബോറ കൊല ചെയ്യപ്പെട്ടത്. സ്റ്റാർ ഇന്ത്യ സി ഇ ഒ ആയിരുന്ന പീറ്റർ മുഖർജിയുടെ ഭാര്യയാണ് 43കാരിയായ ഇന്ദ്രാണി മുഖർജി. 2002ലാണ് പീറ്റർ മുഖർജി ഇന്ദ്രാണിയെ വിവാഹം കഴിക്കുന്നത്. പീറ്ററിന്റെയും ഇന്ദ്രാണിയുടെയും രണ്ടാമത്തെ വിവാഹം ആയിരുന്നു ഇത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുണ്ട്. പീറ്റർ മുഖർജിയുമായി ചേർന്ന് 2007ലാണ് ഇന്ദ്രാണി 9ത മീഡിയ ആരംഭിച്ചത്. പീറ്റർ മുഖർജി ഗ്രൂപ്പിന്റെ ചെയർമാൻ ആയിരുന്നപ്പോൾ ഇന്ദ്രാണി മുഖർജി ആയിരുന്നു സി ഇ ഒ. ആദ്യറിപ്പോർട്ടുകളിൽ ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരി ആണെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ, ഷീന ബോറ ഇന്ദ്രാണിയുടെ മകൾ ആണെന്ന് കഴിഞ്ഞദിവസം ഇന്ദ്രാണിയുടെ ഡ്രൈവറും പിന്നീട് ഇന്ദ്രാണിയുടെ മകൻ മിഖൈൽ ബോറയും സ്ഥിരീകരിച്ചിരുന്നു. ഇന്ദ്രാണി മുഖർജിയുടെ ആദ്യബന്ധത്തിലുള്ള കുട്ടികളാണ് മിഖൈൽ ബോറയും ഷീന ബോറയും.

ഇവർ വിവാഹിതയാകുന്നതിന് മുമ്പ് ഉണ്ടായ കുട്ടികളാണ് ഇവരെന്നും അതിനാൽ മറ്റുള്ളവരുടെ മുമ്പിൽ സഹോദരിയും സഹോദരനും ആയിട്ടായിരുന്നു ഇവരെ ഇന്ദ്രാണി പരിചയപ്പെടുത്തിയിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. പീറ്റർ മുഖർജിയുടെ മകനുമായി ഷീന ബോറ അടുപ്പത്തിലായിരുന്നു. ഈ ബന്ധം ഇവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് ഷീനയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.