കോഴിക്കോട്: വമ്പൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ ഫോറിന് മുംബൈയിൽ തുടക്കമായിരിക്കുകയാണ്. വിവിധ മേഖലകളിൽ നിന്നായി 17 മത്സരാർത്ഥിരൾ. 10 സ്ത്രീകളും ഏഴുപുരുഷന്മാരും. നടൻ മോഹൻലാൽ തന്നെയാണ് ഈവട്ടവും അവതാരകൻ. വനിതാ മത്സരാർത്ഥികളിൽ ഒരാൾ ജിം പരിശീലകയായ ജാസ്മൻ എം മൂസയാണ്.

ജീവിതത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വരുമ്പോൾ, ധീരമായി നേരിടുന്നവരും, തളർന്നു പോകുന്നവരും ഉണ്ട്. ഇതിൽ ആദ്യത്തെ കൂട്ടത്തിൽ പെട്ടയാളാണ് ജാസ്മിൻ എം മൂസ. തീയിൽ കുരുത്തവൾ എന്നാണ് സോഷ്യൽ മീഡിയയിലെ ജാസ്മിന്റെ വിശേഷണം. കോഴിക്കോട് മുക്കം സ്വദേശിനിയും, യാഥാസ്തിക മുസ്ലീ കുടുംബത്തിലെ അംഗവും ആണ് ജാസ്മിൻ. ഇന്ന് ബെംഗളൂരുവിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനർ. രണ്ടുവട്ടം വിവാഹം. ഇഷ്ടത്തിന് വിരുദ്ധമായി 18 ാം വയസിൽ ആദ്യ വിവാഹം. രണ്ടാം വിവാഹത്തിലെ കടുത്ത പീഡനങ്ങളാണ് ഒരർത്ഥത്തിൽ ജാസ്മിനെ ഇന്നത്തെ ബോൾഡ് ജാസ്മിനാക്കി മാറ്റിത്തീർത്തത് എന്നു പറയാം.

കൊച്ചിയിലെ ഒരു പ്രമുഖ ഫിറ്റ്‌നസ് സെന്ററിൽ റിസപ്ഷനിസ്റ്റായി ലഭിച്ച ജോലിയാണ് ജാസ്മിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ബോഡി ബിൽഡിംഗിലേക്ക് മാറി ചിന്തിക്കാൻ തോന്നിയതും അങ്ങനെ തന്നെ. മോണിക്ക ഷമി എന്ന തന്റെ സ്ത്രീസുഹൃത്തുമൊത്ത് ലിവ് ഇൻ റിലേഷൻഷിപ്പിലാണ് ജാസ്മിൻ.

മലബാറിലെ അന്നത്തെ മുസ്ലിം പെൺകുട്ടികൾക്ക് പൊതുവായി സംഭവിച്ച കാര്യം തന്നെയാണ് ജാസ്മിന്റെ ജീവിതത്തിലും സംഭവിച്ചത്. 18 തികയുമ്പോൾ തന്നെ അവളെ വീട്ടുകാർ വിവാഹം ചെയ്തു അയച്ചു. ഈ ജീവിതം നരകതുല്യമായി മാറുകയാണ് പിന്നീടുണ്ടായത്. ആദ്യ വിവാഹം പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാം വിവാഹത്തിൽ കടുത്ത ഗാർഹിക പീഡനങ്ങളും ഈ യുവതിക്ക് നേരിടേണ്ടി വന്നു.

ഒരു യുട്യൂബ് ചാനലിനോട് ജാസ്മിൻ തന്റെ ജീവിതം തുറന്നു പറഞ്ഞതോടെ ജാസ്മിന്റെ അതിജീവന കഥ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വൈറലായി. ഇന്ന് ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് ജാസ്മിൻ.

ജാസ്മിന്റെ വാക്കുകൾ

'18 ആം വയസിൽ വിവാഹിതയായ ആളാണ് ഞാൻ. അന്ന് പഠിച്ചു കൊണ്ടിരിക്കവേയാണ് അവിചാരിതമായി വിവാഹം നടന്നത്. എന്റെ കല്യാണമാണ് നടക്കുന്നതെങ്കിലും എനിക്ക് ഒരു റോളും ഉണ്ടായിരുന്നില്ല. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചു വിവാഹം നടത്തുകായിരുന്നു. അന്ന് വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അറുക്കാൻ കൊണ്ടുപോകുന്ന അവസ്ഥ. ആദ്യരാത്രി അയാൾ റൂമിലേക്ക് കടന്ന് വന്നപ്പോൾ പ്രേതത്തെ കണ്ട അവസ്ഥ ആയിരുന്നു. അന്നായിരുന്നു ഞാ്ൻ ഭർത്താവിനെ ആദ്യമായി കാണുന്നത്. ഭർത്താവിനെ കണ്ട് ഞാൻ ബഹളം വെച്ചു, വീട്ടുകാരെല്ലാം ഓടി വന്നു. ചെറിയ കുട്ടി ആയിരുന്നല്ലൊ ഞാൻ. അത് ആ നാട്ടിലൊക്കെ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികൾക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും'.

എന്റെ ഭർത്താവിന് ഓട്ടിസം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വർഷം എന്റെ വീട്ടിൽ നിന്നു. ഇതിനിടയ്ക്ക് ഒരു ജോലി കിട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. കല്യാണത്തിനും എനിക്ക് വോയിസ് ഉണ്ടായിരുന്നില്ല. ഡിവോഴ്സിനും അങ്ങനെ തന്നെയായിരുന്നു. ആളുകൾ കൂടിയിരുന്ന് മൂന്ന് ത്വലാഖ് വിളിച്ചു. വിവാഹമോചിതയായി. സന്തോഷമായി.

ഞാൻ ഹാപ്പി ആയിരുന്നു. നമ്മുടെ മുകളിലുള്ള ഒരു കയർ പൊട്ടിയപ്പോഴുള്ള അവസ്ഥ. 'കെട്ടിച്ചൊല്ലിയവൾ' എന്ന പേരായിരുന്നു പിന്നെ എനിക്കുണ്ടായിരുന്നത്. 21 വയസായപ്പോൾ രണ്ടാം വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു. വളരെ ഓപ്പണായുള്ള ഒരു ജിമ്മനായിരുന്നു പെണ്ണ് കാണാൻ വന്നത്. അയാളോട് എല്ലാ കാര്യവും ഞാൻ തുറന്നു പറഞ്ഞു. 18 വയസിൽ വിവാഹമോചിതയായെന്നും കന്യകയാണെന്നും അടക്കമുള്ള കാര്യങ്ങൾ പറഞ്ഞു. എല്ലാ കാര്യവും തുറന്നു പറഞ്ഞപ്പോൾ കഴിഞ്ഞത് കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വെണ്ടിയിരുന്ന മറുപടിയും അതായിരുന്നു. അങ്ങനെ രണ്ടാംവിവാഹം കഴിഞ്ഞു.'

ആദ്യരാത്രിയിൽ മോന്തയ്ക്ക് കിട്ടിയ അടി

'സന്തോഷത്തിൽ നിൽക്കുന്ന ആദ്യരാത്രി. റൂമിൽ കയറി വന്നപ്പോൾ അയാൾ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചതായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നിൽപ്പിൽ ഫ്രീസ് ആയി പോയി. രണ്ടാം ചരക്കായ അന്നെ കെട്ടിയത് ഇതൊക്കെ സഹിച്ച് നിക്കാൻ പറ്റുമെങ്കിൽ നിന്നാ മതിയെന്ന് പറഞ്ഞ്. എന്റെ കാലുകൾ കെട്ടിയിട്ട് അയാൾ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പീഡിപ്പിച്ചു. ആ ഒരു നിമിഷത്തിൽ തന്നെ ഞാൻ മരിച്ചു. കല്യാണം കഴിഞ്ഞാൽ ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഞാൻ എന്നെ തന്നെ പഠിപ്പിക്കാൻ ശ്രമിച്ചു. കൊക്കെയ്ൻ ഉപയോഗിക്കുന്ന ആളായിരുന്നു പുള്ളി. മടുത്ത സമയമായിരുന്നു. പുറത്തുള്ളവർക്ക് മുന്നിൽ പെർഫക്ട് കപ്പിൾ ആയിരുന്നു ഞങ്ങൾ. എന്റെ വീട്ടുകാരെല്ലാം ഹാപ്പി ആയിരുന്നു.'

രണ്ട് മാസത്തോളം ഇങ്ങനെ തന്നെ ആയിരുന്നു. അപ്പോഴാണ് ഗർഭിണി ആണെന്ന് അറിഞ്ഞത്. അതുവരെ ഇല്ലാതിരുന്ന ഹാപ്പിനെസ് എനിക്ക് ഉണ്ടായി. ഗർഭിണി ആണെന്ന് പറഞ്ഞതേ ഓർമയുള്ളു, അയാളെന്റെ വയറ്റിൽ ആഞ്ഞ് ചവിട്ടി. ഉമ്മയെ വിളിച്ച് വരുത്തി വീട്ടിലേക്ക് പോയി. അപ്പോഴും ആരും ഒന്നും അറിഞ്ഞിരുന്നില്ല. അങ്ങനെ ആശുപത്രിയിൽ പോയി. സർജറി ചെയ്യാൻ ഡോക്ടർ പറഞ്ഞു. സർജറി ചെയ്തില്ലെങ്കിൽ മരിച്ച് പോകുമെന്ന് ഡോക്ടർ പറഞ്ഞു. ഇതോടെ സർജറി താമസിപ്പിക്കാൻ അയാൾ ശ്രമിച്ചു. അപ്പോഴാണ് എന്റെ ഉമ്മയ്ക്ക് എന്തൊക്കെയോ മനസിലാകുന്നത്. സർജറി കഴിഞ്ഞപ്പോൾ അയാൾ വിളിച്ച് മൊഴി ചൊല്ലണമെന്ന് പറഞ്ഞു.'

കുഞ്ഞ് മരിച്ചു. ഡിപ്രഷനിൽ ആയി. എന്റെ ജീവിതം നശിപ്പിച്ച അയാളെ വെറുതേ വിടാൻ ഞാനുദ്ദേശിച്ചില്ല. പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഉമ്മയേയും അയാൾ കൈവെച്ചു. അതോടെ അത് ക്രിമിനൽ കേസ് ആയി മാറി. അയാളെ റിമാൻഡ് ചെയ്തു. ജയിലിലിട്ടു. എന്റെ കേസിലും റിമാൻഡ് ചെയ്തു, പിന്നെ പുറത്തിറങ്ങി. അതുവരെ വീട്ടുകാർക്ക് മത്രം വേണ്ടി ജീവിച്ച ഞാൻ, പിന്നെ എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. എന്റെ ടൈം വേസ്റ്റ് ആകാൻ പാടില്ല അതോണ്ട് കേസ് ഒത്തുതീർപ്പാക്കി. ഞാൻ വീട് വിട്ടിറങ്ങി. വീട്ടുകാരെ കുറിച്ചുള്ള ചിന്തകൾ മറന്ന് എനിക്ക് വേണ്ടി മത്രം ജീവിക്കാൻ തീരുമാനം കൈക്കൊള്ളുകയായിരുന്നു.

കൊച്ചിയിലെ ജിമ്മിൽ പുതുജീവിതം

കൊച്ചിയിലെത്തി. ജിമ്മിൽ ജോലി കിട്ടി. താമസിക്കുന്ന സ്ഥലത്തെ ആന്റി അവരുടെ മകളെ പോലെ തന്നെ കെയർ ചെയ്തു. തുടർന്ന് ബാംഗ്ലൂർ പോയി, ഫിറ്റ്‌നസ് ട്രെയിനർ ആകാൻ പരിശീലനം നടത്തി. അങ്ങനെ ട്രെയിനർ ആയി, ഇപ്പോൾ ഞാനൊരു ട്രെയിനർ. ഇപ്പോൾ ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നു. നമ്മുടെ ജീവിതം രക്ഷപെടണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം' - ജാസ്മിൻ ജോഷ് ടോക്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ് ഇന്നവർ. ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്ന എല്ലാവർക്കും പ്രചോദനമാണ് ജാസ്മിൻ. സോഷ്യൽ മീഡിയയിൽ സജീവമായ ജാസ്മിൻ ടിക് ടോക് വീഡിയോകൾ വഴിയും ശ്രദ്ധേയയാണ്.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനോടെയാണ് പുതിയസീസൺ ആരംഭിക്കുന്നത്. അതേസമയം, മുൻപത്തെ സീസണുകളെ പോലെയല്ല ഇത്തവണത്തെ ബിഗ് ബോസെന്നും ഏറെ പ്രത്യേകതകൾ ഉണ്ടായിരിക്കുമെന്നും മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.