കോഴിക്കോട്: മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ സംവിധായകന് പ്രേരണയായ കഥയിലെ നായകൻ ഒരിടത്ത് ജീവിക്കുന്ന രക്തസാക്ഷിയായുണ്ട്. ജയേഷ്..നിയമത്തിന്റെ സങ്കീർണതയ്ക്കും മനുഷ്യത്വത്തിന്റെ സ്വാഭാവികതയ്ക്കുമിടയിൽ പെട്ടുപോയ ഈ ചെറുപ്പക്കാരന്റെ കഥ ഒരു കുപ്രസിദ്ധ പയ്യനിലൂടെ മധുപാൽ ലോകത്തിനുമുന്നിൽ കാട്ടിത്തരുകയാണ്.

2012 ജൂലൈ 22ലെ പത്രങ്ങളിൽ പ്രധാനവാർത്തയായിരുന്നു കോഴിക്കോട് നടന്ന സുന്ദരിയമ്മ കൊലക്കേസ്. പലഹാരങ്ങളുണ്ടാക്കി ഹോട്ടലുകളിൽ വിതരണം ചെയ്തു ജീവിക്കുന്ന അറുപത്താറുകാരിയായ സുന്ദരിയമ്മയാണ് കൊല്ലപ്പെട്ടത്. 21ന് പൂലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊല നടന്നിട്ട് ഏറെ നാൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിനായില്ല. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ അരങ്ങേറുകയും ജനകീയ കൂട്ടായ്മകളും സമരങ്ങളും നടക്കുകയും ചെയ്തു. ഒടുവിൽ കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അതോടെ കേസ് അന്വേഷണ ചുമതല കസബ സിഐ പ്രമോദിൽ നിന്ന് ക്രൈംബ്രാഞ്ച് സിഐ ഇ.പി പൃഥ്വിരാജിലേക്ക് മാറി.

കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അധികം വൈകാതെ തന്നെ കുണ്ടായിത്തോട് സ്വദേശിയും ഹോട്ടൽ തൊഴിലാളിയുമായ ജയേഷ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മീഞ്ചന്തയിലെ സിറ്റിലൈറ്റ് എന്ന ഹോട്ടലിൽ തൊഴിലാളിയായിരുന്നു ജയേഷ് എന്ന ഇരുപത്തേഴുകാരൻ. കൊലപാതകം നടന്ന് ഒരു വർഷത്തിനു ശേഷമാണ് ജയേഷ് അറസ്റ്റിലാകുന്നത്. മോഷണശ്രമത്തിനിടെ വെട്ടുകത്തികൊണ്ട് സുന്ദരിയമ്മയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന തരത്തിൽ ഒരു കത്തിയും തൊണ്ടിമുതലുമെല്ലാം പൊലീസ് തന്നെ ഉണ്ടാക്കുകയും ചെയ്തു.

എന്നാൽ നിരപരാധിയായ തന്നെ കേസിൽ കുടുക്കിയതാണെന്ന് ജയേഷ് ആണയിട്ടു പറഞ്ഞുവെങ്കിലും കേസിൽ പ്രതിചേർക്കാൻ പൊലീസിന് വേണ്ടിയിരുന്നത് ഒരു നിരപരാധിയെ ആയിരുന്നു. അനാഥനായ തനിക്ക് സ്വന്തം അമ്മയെപ്പോലെ ആയിരുന്നു സുന്ദരിയമ്മയെന്നും ജയേഷ് ആണയിട്ടു പറഞ്ഞുവെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ജയേഷിനെ അവർ കുടുക്കുകയായിരുന്നു. പൊലീസിന്റെ മൂന്നാം മുറ സഹിക്ക വയ്യാതെ വന്നപ്പോൾ അവസാനം കുറ്റം ഏറ്റെടുക്കാനും ഈ യുവാവ് തയാറായി. ഗോവയിലേക്ക് പോകാനുള്ള പണം കണ്ടെത്താനാണ് സുന്ദരിയമ്മയെ കൊലപ്പെടുത്തിയതെന്ന് ജയേഷ് കുറ്റസമ്മതം നടത്തി ക്രൂരമർദനങ്ങളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

കൊലപാതകത്തിനായി ജയേഷ് ഉപയോഗിച്ചുവെന്നു പറയപ്പെടുന്ന കത്തിയും രാസപരിശോധനാ ഫലവും കൊലപാതകം നടന്ന സമയത്ത് ജയേഷ് തന്റെ അടുത്ത് ഉണ്ടായിരുന്നുവെന്ന ഹോട്ടൽ ഉടമയുടെ മൊഴിയും വിചാരണ വേളയിൽ ഏറെ നിർണായകമായി. 39 സാക്ഷികളെയാണ് ഈ കേസിൽ വിസ്തരിച്ചത്. കൂടാതെ ജയേഷിനായി നിയോഗിക്കപ്പെട്ട അഭിഭാഷകൻ എം അനിൽകുമാറിന്റെ ശക്തമായ ഇടപെടലുകളും സ്പെഷ്യൽ അഡീഷണൽ സെഷൻസ് ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ വിധിന്യായവുമെല്ലാം ജയേഷിന് നീതി ഉറപ്പാക്കി. നിരപരാധിയെന്ന് തെളിഞ്ഞതോടെ കോടതി ജയേഷിനെ വെറുതെ വിടുക മാത്രമല്ല, വ്യാജ തെളിവുകൾ നിർമ്മിച്ച അന്വേഷണ ഉദ്യോഗസ്ഥർ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ജയേഷിന് നൽകണമെന്നും വിധിച്ചിരുന്നു.

'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന ചിത്രം തന്റെ ജീവിത കഥയാണെന്നോ ചിത്രം കേരളത്തിൽ ചർച്ചാ വിഷയമായെന്നോ ഈ പാവത്തിന് അറിയില്ല. എന്നാൽ ഒരിക്കൽ കുറ്റവാളിയായി മുദ്രകുത്തപ്പെട്ട വ്യക്തിക്ക് ജീവിത കാലം മുഴുവൻ അതു ചാർത്തിക്കൊടുക്കുന്ന കരിനിഴൽ ജീവിതത്തിൽ ഉടനീളം പിന്തുടരുമെന്നതാണ്. കൊലപാതകിയെന്ന പേര് ഒരിക്കലും മാഞ്ഞുപോകുന്നില്ല എന്ന് ജയേഷ് തന്നെ വ്യക്തമാക്കുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രമായ അജയന് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിച്ചുവെങ്കിലും യഥാർഥ ജീവിതത്തിൽ ജയേഷിന് നേരിടേണ്ടി വന്നത് ക്രൂരമായ അനുഭവങ്ങളായിരുന്നു. എല്ലാവരിൽ നിന്നും ജയേഷ് അകറ്റപ്പെട്ടു.

സഹപ്രവർത്തകരിൽ നിന്നും നാട്ടുകാരിൽ നിന്നും മാത്രമല്ല, പൊലീസിൽ നിന്നും മോശം അനുഭവം മാത്രമാണ് ജയേഷിന് നേരിടേണ്ടി വന്നത്. നഗരത്തിൽ എവിടെയെങ്കിലും മോഷണമോ കൊലപാതകമോ നടന്നാൽ പൊലീസ് ആദ്യം തേടിയെത്തുക ജയേഷിനെ ആണ്. പൊലീസിന്റെ ഈ വേട്ടയാടൽ മൂലം ഈ ചെറുപ്പക്കാരന് സ്ഥിരമായി ഒരിടത്തും ജോലി ചെയ്യാൻ പറ്റില്ല എന്ന അവസ്ഥ വരെയുണ്ടായി. കുറച്ചു നാൾ മുമ്പും ഒരു മോഷണകേസിൽ ജയേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഈ കേസിലും ജയേഷിനെ കോടതി വെറുതെ വിടുകയായിരുന്നു.

ജയേഷിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാതിരിക്കാനായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പുനഃപരിശോധനാ ഹർജി കോടതിയിൽ പരിഗണനയിലിരിക്കെയാണ് മോഷണക്കുറ്റം ചാർത്തി ജയേഷിനെ അറസ്റ്റ് ചെയ്തതും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ്. സുന്ദരിയമ്മ കൊലക്കുറ്റം ഏറ്റെടുക്കുന്നതിനായി പൊലീസ് ഏൽപ്പിച്ച മർദനമുറകളുടെ ആഘാതവും വർഷങ്ങൾ കഴിഞ്ഞിട്ടും ജയേഷിനെ വിട്ടുമാറിയിട്ടില്ല. ഇപ്പോൾ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഒരു ഹോട്ടലിൽ ശുചീകരണ തൊഴിലാളിയാണ് ജയേഷ്. എങ്കിലും ആരോടും പരിഭവവും പരാതിയുമില്ലാതെ ഏകാന്തനായി ജയേഷ് ജീവിക്കുന്നു...അന്നന്നത്തെ അപ്പത്തിനുള്ള വക നേടാനുള്ള ശ്രമവുമായി. സുന്ദരിയമ്മ കൊലക്കേസ് ആകട്ടെ ഇന്നും പ്രഹേളികയായും തുടരുന്നു. കേസിന് ഇനിയും തുമ്പായിട്ടില്ല.