ന്യൂഡൽഹി: വെള്ളച്ചാട്ടത്തിന് അടിയിൽ സുതാര്യമായ വെള്ളസാരിയും ചുറ്റി നൃത്തമാടുന്ന മന്ദാകിനി. എൺപതുകളിൽ യുവാക്കളെ ഹരം കൊള്ളിച്ച രാജ് കപൂറിന്റെ രാം തേരി ഗംഗൈമൈലിയിലെ പ്രശസ്ത രംഗം. അന്നത്തെയും ഇന്നത്തെയും മന്ദാകിനിയുടെ ചിത്രങ്ങൾ താരമതമ്യപ്പെടുത്തുന്നതൊക്കെ സോഷ്യൽ മീഡിയയക്ക് പലപ്പോഴും കൗതുകമുള്ള കാര്യമാണ്. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് മറ്റൊരു മന്ദാകിനിയിലാണ് താൽപര്യം. മദ്യവിരുദ്ധർക്ക് ഇതത്ര രസമായി തോന്നില്ലെങ്കിലും മദ്യപ്രിയർക്ക് ഇത് ലഹരി പിടിപ്പിക്കുന്ന വാർത്തയാണ്. കാനഡക്കാരെ മലർത്തിയടിച്ച കോതമംഗലം ബുദ്ധി എന്നൊക്കെ ഭംഗിപൂർവം പറയാമെങ്കിലും അതിന് പിന്നിലൊരു കഥയുണ്ട്. മന്ദാകിനി മലബാറി വാറ്റിന്റെ കഥ.

ലണ്ടനിലെ കൊമ്പൻ ബിയറും അയർലണ്ടിലെ മഹാറാണിയും ഹിറ്റായ ശേഷം കരിമ്പ് വാറ്റി എടുക്കുന്ന മന്ദാകിനിയാണ് മലയാളികൾക്ക് പ്രിയം. കരിമ്പിൽ നിന്ന് നിർമ്മിക്കുന്ന മന്ദാകിനിയുടെ പരിപൂർണ്ണ വിവരങ്ങൾ mandakini.ca എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. 750 എംഎല്ലിന്റെ ഒരു മന്ദാകിനി ബോട്ടിലാണ് നിങ്ങളെ സ്വാഗതം ചെയ്യുക. മലയാളത്തിൽ മാത്രമല്ല, ഹിന്ദി, പഞ്ചാബി, തമിഴ്, തെലുങ്ക് ഭാഷകളിൽ മന്ദാകിനി ദേശിദാരുവിനെ കുറിച്ച് എഴുതിയിട്ടുണ്ട്.

മലയാളത്തിൽ നാടൻ വാറ്റ്, ഹിന്ദിയിൽ ദേശി ദാരു, പഞ്ചാബിയിൽ ദേശി ദാരൂ, തമിഴിൽ നാട്ടുചരക്ക്, തെലുങ്കിൽ നാട്ടുസരയും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വാറ്റ് ചരിത്രം ചെറുതായി പറയുന്നുണ്ട്. ചിലയിടത്ത് അത് നിയമപരവും, ചിലയിടത്ത് അത് അനധികൃതവും. കരിമ്പ് വാറ്റി എടുത്ത മദ്യത്തിന്റെ ഇന്ത്യൻ രുചി ആഗോള പ്‌ളാറ്റ്‌ഫോമിലേക്ക് എത്തിക്കുകയാണ് മന്ദാകിനി എന്നാണ് പരിചയപ്പെടുത്തൽ.

എങ്ങനെ കുടിക്കണം?

ഓൺ ദ റോക്‌സ്, അഥവാ വെള്ളം ചേർക്കാതെ തട്ടാം, അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ടപ്പെട്ട കോക്ടെയിലിൽ മിക്‌സ് ചെയ്ത് കഴിക്കാം.

മലബാറി എന്ന പേരോ?

കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻ ട്രിക്ക് വാൻ റീഡാണ് (1636-1691) കേരളത്തിലെ ഔഷധ സസ്യങ്ങളെപറ്റി നാട്ട് ചികിത്സകനായിരുന്ന ഇട്ടി അച്യുതന്റെ സഹായത്തോടെ ലാറ്റിൻ ഭാഷയിൽ 12 വാള്യങ്ങളുള്ള ഹോർത്തൂസ് മലബാറിക്കൂസ് പതിനേഴാം നൂറ്റാണ്ടിൽ (1678-1693) പ്രസിദ്ധീകരിച്ചത്. കേരളത്തിലെ ഔഷധ സസ്യ സമ്പത്തിനെക്കുറിച്ച് എഴുതപ്പെട്ട ആദ്യ ഗ്രന്ഥമാണിത്. ഹോളണ്ടിലെ ആംസ്റ്റർഡാമിൽ 1678 ൽ പുസ്തകത്തിന്റെ ആദ്യ വാല്യം അച്ചടിച്ചു. ചരിത്രത്തിലാദ്യമായി മലയാള അക്ഷരങ്ങൾ മുദ്രണം ചെയ്യപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്. ഈ ഗ്രന്ഥത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മലബാറി എന്ന പേര്.

മലബാർ മേഖലയിലെ നാടൻ വാറ്റിന് സമാനമായ രീതിയിലാണ് നിർമ്മാണം. 39.95 കനേഡിയൻ ഡോളറാണ് മന്ദാകിനിക്ക് വില. 2300 ഓളം ഇന്ത്യ രൂപ വരും ഇത്. മന്ദാകിനിയുടെ ഉത്പാദനം നടക്കുന്നത് കാനഡയിലെ വോൺ ഒന്റാറിയയോയിലെ ഡിസ്റ്ററിയിലാണ്. ഇത്രയൊക്കെ വിവരങ്ങൾ കിട്ടിയാൽ സാധാനം വാങ്ങാൻ ഉള്ള ഓപ്ഷനും സൈറ്റിലുണ്ട്.

മന്ദാകിനിക്ക് പിന്നിലെ മലയാളികൾ

മലബാറി വാറ്റിന് പിന്നിലും, സംശയിക്കേണ്ട മലയാളി ബുദ്ധി തന്നെ. കോതമംഗലത്തെ സഹോദരങ്ങളും ഇവരുടെ മൂവാറ്റുപുഴക്കാരനായ ചങ്ങാതിയുമാണ് മന്ദാകിനിക്ക് വീര്യം നൽകുന്നവർ. കാനഡയിലെ ലണ്ടൻ ഒന്റാരിയോയിലാണ് ഇവർ. വാറ്റിന്റെ രസക്കൂട്ടുമായി അലയുന്നതിനിടെ ചെന്നുകയറിയത് വോണിലെ ലാസ്റ്റ് സ്‌ട്രോ ഡിസ്റ്റിലറിയിലെ ഡോൺ ഡിമോന്റോയുടെ മടയിൽ.

അവിടെ മന്ദാകിനി പിറവിയെടുത്തു. മന്ദാകിനിക്ക് വൻഡിമാൻഡാണ്. കരിമ്പ് ഉപയോഗിച്ചാണ് മദ്യം വാറ്റിയെടുക്കുന്നത്.

നമ്മുടെ നാട്ടിൽ നിർമ്മിക്കുന്ന നാടൻ വാറ്റിന്റെ കൂട്ടുകൾ ഗുണമേന്മ ഉറപ്പാക്കി വാറ്റിയാണ് ഇവർ വിപണനം ചെയ്യുന്നത്. ഒന്റാറിയോ പ്രവിശ്യയിൽ സർക്കാർ അനുമതി മദ്യനിർമ്മാണത്തിന് ലഭിച്ചതോടെ മന്ദാകിനി-മലബാർ വാറ്റ് വിപണിയിലിറക്കി. നാല് വർഷത്തെ പഠനത്തിന് ശേഷമാണ് ഇവർ പദ്ധതി യാഥാർഥ്യമാക്കിയത്. ക്യൂബ, ജമൈക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തദ്ദേശീയ മദ്യങ്ങൾ രാജ്യാന്തര വിപണിയിൽ നേട്ടം കൊയ്യുന്നതുകണ്ടാണ് ഇവരും രംഗത്തെത്തിയത്.

ഇവരുടെ റെസിപ്പി അനുസരിച്ച് ഡിസ്റ്റലറിയാണ് മദ്യം നിർമ്മിച്ചു നൽകുന്നത്. കാനഡക്ക് പുറമെ യുഎസിലും യുകെയിലും മന്ദാകിനിക്ക് ആരാധകരുണ്ട്.

കൊമ്പൻ ബിയറും മഹാറാണിയും

മലയാളി സംരംഭകരുടെ കൊമ്പൻ ബിയറും മഹാറാണി ജിന്നും സോഷ്യൽ മീഡിയയിൽ ഹിറ്റായ ഇനങ്ങളാണ്. അയർലണ്ടിലെ പ്രധാന നഗരങ്ങളിലൊന്നായ കോർക്കിൽ ആരംഭിച്ച മദ്യശാലയിൽ നിന്നാണ് മഹാറാണി ജിൻ പുറത്തിറങ്ങിയത്. കേരളത്തിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചായിരുന്നു നിർമ്മാണം. റോബർട്ട് ബാരറ്റും മലയാളിയായ ഭാര്യ ഭാഗ്യയും ചേർന്നാണ് 2020 ൽ പുതിയ ഡിസ്റ്റിലറി സ്ഥാപിച്ചത്്. മഹാറാണി ജിൻ എന്ന് പേരിട്ട ഉത്പന്നം കോർക്ക്, കേരള സംസ്‌കാരങ്ങളുടെ സംയോജനമാണ്. പ്രീമിയം ജിൻ പോമെലോ ഫ്രൂട്ട് ഉപയോഗിച്ചാണ് കാസിയ, ജാതിക്ക-മാസ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ളത്. എല്ലാം ഭാഗ്യയുടെ ജന്മനാടായ കേരളത്തിലെ ഒരു സ്ത്രീയുടെ ജൈവകൃഷി സഹകരണ സംഘത്തിൽ നിന്നാണ്. വിപ്ലവ സ്പിരിറ്റ് എന്നാണ് ഇവർ തങ്ങളുടെ ഉത്പന്നത്തെ വിശേഷിപ്പിച്ചത്.

പാലക്കാടൻ മട്ട അരിയിൽ നിന്നുണ്ടാക്കുന്ന കൊമ്പൻ ബിയറിന്റെ സ്ഥാപകൻ വിവേക് പിള്ള (ലണ്ടൻ)യാണ്.'കൊമ്പൻ ബിയർ' ഇന്ന് ലണ്ടനിലെ പ്രമുഖ ഭക്ഷണശാലകളിലെല്ലാം ബ്രിട്ടീഷുകാരെ മയക്കിവീഴ്‌ത്തുന്ന പ്രിയപ്പെട്ട ബിയറെന്ന ഖ്യാതി നേടിക്കഴിഞ്ഞു. മലയാളികളുടെ സ്വന്തം പാലക്കാടൻ മട്ട അരിയിൽ നിന്നുണ്ടാക്കുന്ന 'കൊമ്പൻ' ബിയറിന് ബ്രിട്ടീഷ് ജനതയ്ക്കിടയിൽ സ്വീകാര്യത വരുത്തുവാൻ കഴിഞ്ഞുവെന്നുള്ളത് ഒരു സംരംഭകൻ എന്ന നിലയിൽ വിവേക് പിള്ളയുടെ വിജയമാണ്. കൊച്ചിക്കാരനായ വിവേക് പിള്ളയെന്ന ബിസിനസുകാരന്റെ ബുദ്ധിയിൽ വിരിഞ്ഞതാണ് മട്ട അരിയിൽ നിന്നും ഉല്പാദിപ്പിക്കുന്ന കൊമ്പൻ കേവലം നാല് വർഷംകൊണ്ടാണ് ജനപ്രീതി ആർജിച്ചത്.