- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയ കേസിൽ കിരണിനെ തുടക്കത്തിലേ പൂട്ടിയത് ശൂരനാട് പൊലീസ് സ്റ്റേഷനിലെ പെൺപുലി; രക്ഷപ്പെടാൻ പഴുതില്ലാത്ത വിധം എഫ്.ഐ.ആർ തയ്യാറാക്കി; പോസ്റ്റുമോർട്ടം മുടങ്ങുമെന്ന് ആയപ്പോൾ ഇടപടൽ; സോഷ്യൽ മീഡിയ ഒന്നടങ്കം കൈയടിക്കുന്നു മഞ്ജു വി നായർക്ക്
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച വിസ്മയകേസിൽ പ്രതി കിരൺകുമാറിന് കോടി ശിക്ഷ വിധിച്ച് ഒരു ദിവസം പിന്നിടുമ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ ഹർഷിത അട്ടല്ലൂരിയും, രാജ് കുമാറും ഉൾപ്പെടെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇവർക്കൊപ്പം ചേർത്തുവയ്ക്കേണ്ട മറ്റൊരുപേരാണ് മഞ്ജു.വി.നായരുടേത്. ശൂരനാട് പൊലീസ് സ്റ്റേഷനിലെ പെൺപുലി. ആത്മഹത്യയിൽ ഒതുങ്ങി പോകുമായിരുന്ന കേസിന്റെ പ്രാധാന്യം മനസിലാക്കി എസ്‌ഐ മഞ്ജു നടത്തിയ ഇടപെടലാണ് കിരണിന് ഊരാക്കുരുക്കായത്. കേസിൽ വിധി വന്നതിന് പിന്നാലെ മഞ്ജുവിനായി കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.
2021 ജൂൺ 21ന് രാവിലെ കൊല്ലം പോരുവഴിയിലെ ഭർത്താവിന്റെ വീട്ടിൽ വിസ്മയ എന്ന 24കാരി തൂങ്ങി മരിച്ചെന്ന വിവരം ലഭിച്ചതോടെ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തുകയും ഇൻക്വസ്റ്റ് ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കി കൃത്യ സ്ഥല മഹസ്സർ തയ്യാറാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത് എസ്‌ഐ മഞ്ജുവാണ്.
കൊല്ലത്ത് നിന്ന് വിസ്മയയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സമയം വൈകിയതിനാൽ അന്ന് പോസ്റ്റുമോർട്ടം നടക്കാനുള്ള സാദ്ധ്യത മങ്ങിയപ്പോൾ മകൾ അകാലത്തിൽ നഷ്ടപ്പെട്ടതിൽ മനസ് മരവിച്ചിരുന്ന വീട്ടുകാർക്ക് വേണ്ടി ഡോക്ടർമാരോട് സംസരിക്കുകയും, അന്ന് തന്നെ പോസ്റ്റമോർട്ടം നടത്തി മൃതദേഹം വിട്ടു നൽകാൻ മുൻകൈയെടുത്തതും മഞ്ജുവാണ്. ഇക്കാര്യം വിസ്മയയുടെ വീട്ടിലെത്തിയ ഐ ജി ഹർഷിത അട്ടല്ലൂരിയോട് വിസ്മയയുടെ സഹോദരൻ പറയുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഐ.ജി നേരിട്ട് വിളിച്ച് മഞ്ജുവിനെ അഭിനന്ദിക്കുകയും ചെയ്തു. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരുടെ പരാതിയിലാണ് മഞ്ജു എഫ്.ഐ.ആറിട്ട് നടപടിയെടുത്തത്. മകൾ നഷ്ടപ്പെട്ട ഒരു അച്ഛന്റെ വേദന മനസിലാക്കി മറ്റൊരു മകളെ പോലെ മഞ്ജു സ്വീകരിച്ച നടപടിയാണ് ഇന്ന് കിരണിനെ കുറ്റക്കാരനായി കണ്ടെത്തുന്നതിന് വഴിതുറന്നത്.
മാവേലിക്കര ചാരുംമൂട് വേടരപ്ലാവ് സ്വദേശിയാണ് മഞ്ജു വി നായർ. കോളജ് വിദ്യാഭ്യാസം പന്തളം എൻഎസ്എസ് കോളേജിൽ. തുടർന്ന് എംഎസ്സി- ബിഎഡും നേടി. റെയിൽവേയിലും പിആർഡിയിലും ജോലി നോക്കിയിട്ടുള്ള മഞ്ജുവിന്റെ നാലാമത്തെ സർക്കാർ ജോലിയാണ് പൊലീസിലേത്. റെയിൽവേയിൽ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, പത്തനംതിട്ട കലക്ടറേറ്റിൽ ഐ ആൻഡ് പിആർഡി വിഭാഗം, ചെങ്ങന്നൂർ നഗരസഭയിൽ എൽഡി ക്ലാർക്ക് എന്നീ തസ്തികകളിൽ മഞ്ജു പ്രവർത്തിച്ചിട്ടുണ്ട്.
2018 ലാണ് പൊലീസിലെത്തുന്നത്. കോഴിക്കോട് വളയം സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. പിന്നീട് മാവേലിക്കരയിൽ പ്രൊബേഷൻ എസ്ഐയായി ചുമതല ലഭിച്ചു. തിരുവല്ലയിലും കൊച്ചി സിറ്റിയിലും സബ് ഇൻസ്പെക്ടറായി മികവ് തെളിയിച്ച ശേഷം പന്തളത്തും അവിടെ നിന്നാണ് ശൂരനാട്ടേക്ക് എത്തുന്നത്. ബിസിനസുകാരനായ പണയിൽ ശ്രീശൈലത്തിൽ ജയകുമാണ് ഭർത്താവ്. എട്ടുവയസ്സുകാരി ദേവതീർത്ഥയും മൂന്നു വയസ്സുകാരി ദേവശ്രീയുമാണ് മക്കൾ.
ശൂരനാട് സ്റ്റേഷനിലെ എസ്‌ഐ മഞ്ജു നേരത്തെയും മാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. വാഹനങ്ങൾക്ക് പിറകെ ഓടിത്തളർന്ന വിദ്യാർത്ഥികളെ പൊലീസ് ജീപ്പിൽ പരീക്ഷാ സ്ഥലത്ത് എസ്‌ഐ മഞ്ജു എത്തിച്ച വാർത്ത ഏറെ ശ്രദ്ധേയമായിരുന്നു. സാധാരണ കുടുംബത്തിലാണ് മഞ്ജു ജനിച്ചതും വളർന്നത്. ഒട്ടേറെ കഷ്ടപ്പാടുകൾ സഹിച്ച് പഠിച്ച് സർക്കാർ ജോലി നേടി.
അച്ഛന് പെട്ടിക്കടയായിരുന്നു. അമ്മ കശുവണ്ടി ഓഫീസ് ജോലിക്കാരിയും. അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. മഞ്ജുവും അനിയത്തി അഞ്ജുവും പഠിക്കാൻ മിടുക്കികളായിരുന്നു. പെൺകുട്ടികൾ എന്തിനാണ് ഇത്രയും പഠിക്കുന്നത് എന്ന ചിലരുടെ പറച്ചിലുകൾക്ക് അച്ഛൻ ചെവികൊടുത്തിരുന്നില്ല. മക്കൾ കഴിയുന്നിടത്തോളം പഠിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും മഞ്ജു ഇതിനോടകം പറഞ്ഞിട്ടുണ്ട്.
അതേസമയം വിസ്മയ കേസ് അന്വേഷണ സംഘത്തിന് പാരിതോഷികം നൽകുമെന്ന് എഡിജിപി വിജയ് സാക്കറേ പ്രഖ്യാപിച്ചിട്ടുണ്ട്.ഐജി ഹർഷിത അട്ടല്ലൂരിയുടെ നേത്യത്വത്തിൽ അന്വേഷണ സംഘത്തിനാകും പാരിതോഷികം ലഭിക്കുക. എന്നാൽ കേസിന്റെ തുടക്കം മുതലുള്ള ഉദ്യോഗസ്ഥരെ കൂടി അതിന്റെ ഭാഗമാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. വിവിധ വകുപ്പുകളിലായി 25 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ചായതിനാൽ 10 വർഷം ജയിലിൽ കഴിഞ്ഞാൽ മതി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം.