- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഇതാദ്യമായി പഞ്ചായത്ത് മെമ്പർക്ക് സ്വന്തം ഓഫീസും ജീവനക്കാരനും; എന്താവശ്യത്തിനും റെഡിയായി സൗജന്യ ജനസേവനകേന്ദ്രം; വാർഡിലെ മുഴുവൻ വീടുകളും കയറിയിറങ്ങി 'ഇതാണ് എന്റെ മാട്ടറ' സമ്പൂർണ വിവരശേഖരണ യജ്ഞം; പ്രവാസികൾക്കായി ഓൺലൈൻ ഗ്രാമസഭ; അറിയാം മാട്ടറയിലെ വ്യത്യസ്തനായ സരുൺ തോമസിനെ
കണ്ണൂർ: വാർഡ് മെമ്പർമാർ നന്നല്ലെങ്കിൽ അതിന്റെ ബുദ്ധിമുട്ട് വാർഡിലെ അന്തേവാസികൾക്കറിയാം. പോസ്റ്റിൽ വിളക്ക് തെളിയിക്കുന്നത് മുതൽ കോവിഡ് പ്രതിരോധം വരെ പല കാര്യങ്ങളിലും മെമ്പർക്ക് റോളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുതായി ജയിച്ചുകയറിയവർക്ക് കണ്ടുപഠിക്കാൻ റോൾ മോഡൽ വല്ലതും? ഉണ്ടല്ലോ . സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് കണ്ണൂർ ഇരിട്ടി ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡും മെമ്പർ സരുൺ തോമസും. കേരളത്തിൽ ആദ്യമായി ഒരു ഓഫീസും ജീവനക്കാരനെയും വച്ചാണ് പ്രദേശത്തെ വിഷയങ്ങളിൽ ഈ യുവ മെമ്പർ ഇടപെടുന്നത്.
മാട്ടറ ഗ്രാമത്തിന്റെ സമ്പൂർണ വിവരശേഖരണ യജ്ഞത്തിനാണ് സരുൺ തുടക്കമിട്ടിരിക്കുന്നത്. വാർഡ് മെമ്പർ ഓരോ വീട്ടിലും എത്തി വിവര ശേഖരണം നടത്തുന്നു. ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നു. മാട്ടറയുടെ വിവരങ്ങൾ ഇനി വിരൽതുമ്പിൽ എന്നാണ് സരുൺ തോമസ് പറയുക. ഇതാണ് എന്റെ മാട്ടറ എന്നാണ് പദ്ധതിയുടെ പേര്.
ഓരോ കുടുംബത്തിന്റെയും സമഗ്ര വിവരങ്ങൾക്കായി നൂറോളമുള്ള ചോദ്യവലിയുമായാണ് സരുൺ തോമസിന്റെ ഗൃഹസമ്പർക്ക പരിപാടി. സർവേ പൂർത്തിയാകുന്നതോടെ മാട്ടറ സമ്പൂർണ കിണർ റീചാർജ്ജ് ഗ്രാമമാകും. വാർഡിൽ രക്തദാനസേനയും രൂപീകരിക്കും. 100 ശതമാനം നികുതി അടയ്ക്കുന്നവരുടെ വാർഡായി മാട്ടറയെ മാറ്റും. അഹർതപ്പെട്ടവർ മുഴുവൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടും. ഇതുവരെ സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകാത്തവരർക്ക് അതെത്തിക്കും.
ഫെബ്രുവരി 28 ന് ഗൃഹസന്ദർശനം പൂർത്തിയാക്കും. വാർഡിനെ 16 ക്ലസ്റ്ററുകളാക്കി തിരിച്ചാണ് പ്രവർത്തനം. ഗൃഹസന്ദർശനം പൂർത്തിയാക്കി ക്ലസ്റ്റർ യോഗങ്ങൾ വീടുകളിൽ ചേരും. വാർഡിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ വികസന ക്ഷേമസമിതികൾ രൂപീകരിക്കും. ഇങ്ങനെയാണ് ഇതാണ് എന്റെ മാട്ടറ പദ്ധതി മുന്നോട്ടുപോകുന്നത്.
വാർഡിലെ കുടുംബങ്ങൾക്ക് സഹായത്തിനായി മാട്ടറ ടൗണിൽ സ്‌നേഹ കേന്ദ്രം എന്ന പേരിൽ മെമ്പറുടെ ഓഫീസും ജീവനക്കാരനും പ്രവർത്തിക്കുന്നു. നികുതി അടയ്ക്കാൻ അടക്കം സർക്കാർ സേവനങ്ങൾക്കുള്ള അപേക്ഷകൾ ഇവിടെ സൗജന്യമായി കിട്ടും. ജീവനക്കാരന് ശമ്പളം എങ്ങനെ നൽകും? അതിനുള്ള പണം മെമ്പറുടെ ഓണറേറയത്തിൽ നിന്നും ഓഫീസിൽ വച്ചിട്ടുള്ള സംഭാവന പെട്ടിയിൽ നിന്നും കണ്ടെത്തും.
ജൈവപച്ചക്കറി ഗ്രാമം, ആട് ഗ്രാമം, ശുചിത്വ-സുന്ദര-സുരക്ഷിത മാട്ടറ വാർഡ് എന്നീ പദ്ധതികൾ ഏറ്റെടുത്തതും മാട്ടറക്കാർ തന്നെ.ശുചിത്വ വാരത്തിനു ശേഷം ഡ്രൈ ഡേ കൂടി പൂർത്തിയാക്കിയതോടെ മാട്ടറ വാർഡ് പൂർണമായും ശുചീകരിക്കപ്പെട്ടു. വാർഡിലെ 415 വീടുകളിൽ വാർഡ് തല ജാഗ്രത സമിതിയുടെ വളണ്ടിയർമാർ ലഘുലേഖകൾ എത്തിച്ച് ശുചിത്വ സന്ദേശം നൽകി. തുടർന്ന് ഒരാഴ്ച നീണ്ട ശുചീകരണം. സാധാരണ പൊതുസ്ഥലങ്ങൾ മാത്രം ശുചീകരിക്കുന്നിടത് പൊതുസ്ഥലങ്ങളും മുഴുവൻ വീടിന്റെ പരിസരങ്ങളും ശുചിയാക്കിയാണ് ഒരു ഗ്രാമം കൈകോർത്തത്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് ഹരിതകർമ സേനക്ക് കൈമാറി. ബാക്കിയുള്ള മുഴുവൻ മാലിന്യങ്ങളും വളണ്ടിയർമാർ വീടുകളിലെത്തി ശേഖരിച്ച് ഉപയോഗശൂന്യമായ കിണറുകളിൽ നിക്ഷേപിച്ചു മൂടി.വില്പനയോഗ്യമായ ആക്രി സാധനങ്ങൾ ശേഖരിച്ച് ഒരിടത്തേക്ക് മാറ്റുകയും അത് ജാഗ്രത സമിതി വിൽക്കുകയും ചെയ്യും. ആക്രിയിലൂടെ സമാഹരിക്കുന്ന തുക കൊണ്ട് ഗ്രാമത്തിലെ മുഴുവൻ വീടുകളിലും വേസ്റ്റ് ബിൻ സ്ഥാപിക്കും .ടൺ കണക്കിന് മാലിന്യങ്ങൾ ആണ് ശേഖരിച്ചത്. വർഷം തോറും ഈ പ്രവർത്തനം തുടരുമെന്ന് വാർഡ് മെമ്പർ സരുൺ തോമസ് പറഞ്ഞു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേസ്റ്റ് ബിന്നുകളിൽ വീട്ടുകാർ നിക്ഷേപിക്കുന്നത് എല്ലാ മാസവും ഹരിത കർമ സേന ശേഖരിക്കും. ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വഴിവിളക്കുകൾ സ്ഥാപിക്കലും പൂച്ചെടികൾ പിടിപ്പിക്കലുമൊക്കെ നടക്കും.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സുരക്ഷിത ഗ്രാമം പദ്ധതിയാണ് നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി മുഴുവൻ വീടുകളിലെയും കക്കൂസുകൾ പുനരുദ്ധാരണവും 500 സ്‌ക്വാർ ഫീറ്റിൽ താഴെയുള്ള വീടുകളുടെ ഉൾവശം പ്ലാസ്റ്ററിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കും.വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായി ഓൺലൈൻ ഗ്രാമസഭയും നടപ്പാക്കാൻ പോകുന്നു.ഒരുചെറുഗ്രാമം കേരളത്തിനാകെ മാതൃകയാവുന്നത് ഇങ്ങനെ.
മറുനാടന് മലയാളി ബ്യൂറോ