കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആരാണ് കുപ്രസിദ്ധനായ വിഐപി എന്ന കാര്യത്തിൽ ഏറെ ഊഹാപോഹങ്ങൾ പരന്നിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും, വ്യവസായിയുമായ ശരത്.ജി.നായർ ആണ് വിഐപി എന്നായിരുന്നു വാർത്തകൾ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് എത്തിച്ചു നൽകിയ വിഐപി ആലുവ സ്വദേശിയായ ശരത് തന്നെയാണെന്ന് അന്വേഷണസംഘം പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങൾ കാണിച്ചതോടെ സംവിധായകൻ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.

ശരതിന്റെ കയറ്റം ദിലീപിനെ പരിചയപ്പെട്ടതോടെ

മുൻപ് ദിലീപ് അറസ്റ്റിലായപ്പോഴും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിക്കുമ്പോൾ വാഹനത്തിൽ ശരത്തും ഉണ്ടായിരുന്നു. ഒരു ശരാശരി കുടുംബത്തിൽ ജനിച്ച ശരത് വളരെപെട്ടെന്ന് വളർന്ന് കോടീശ്വരൻ ആവുകയായിരുന്നു. ഈ അസാധാരണ വളർച്ചയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഒരു ചെറുകിട ഹോട്ടലിൽ നിന്നാണ് ശരതിന്റെ തുടക്കമെന്നാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി. ഏതാണ്ട്, 22 വർഷം മുമ്പാണ് ശരത്തിന്റെ കുടുംബം ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. പിതാവ് വിജയൻ ആലുവയിലെ 'നാന' ഹോട്ടൽ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് 'സൂര്യ' എന്നാക്കി. ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു. വീട്ടുകാർ എതിർത്തതോടെ ഏറെക്കാലം നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വന്നു. സുഹൃത്തുക്കൾ ഇടപെട്ടാണ് തിരികെയെത്തിച്ചത്. നടൻ ദിലീപുമായി പരിചയപ്പെട്ടതോടെയാണ് ശരതിന്റെ ജാതകം മാറിമറിയുന്നത്. ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു സി കോളേജിലെ സഹപാഠി ശരതിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് ദിലീപുമായി പരിചയപ്പെടുന്നത്.

ഈ ബന്ധം ആത്മസൗഹൃദമായി വളരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ആർക്കും മതിപ്പ് തോന്നിക്കുന്ന രീതിയിൽ സംസാരിക്കാൻ ഇയാൾക്ക് അറിയാം. ക്രമേണ ദിലീപിന്റെ ബിസിനസ് സംരഭങ്ങളിൽ ശരതും പങ്കാളിയായെന്നാണ് ഇരുവരുടെയും പൊതു സുഹൃത്തുക്കൾ പറയുന്നത്. പത്ത് വർഷം മുമ്പ് പുളിഞ്ചോട് കവലയിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അങ്ങനെ ശരത് സൂര്യ ശരത് ആയി. അതിന് ശേഷം ഊട്ടിയിലും ഹോട്ടൽ തുറന്നു. ട്രാവൽസും ശരത് തുടങ്ങി. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി. ഇന്ന് 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ സ്വന്തമായി റിസോർട്ടും ആലുവയിൽ ഹോട്ടലും ഇയാൾക്ക് സ്വന്തമായുണ്ട്. ഇപ്പോൾ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കൽ ലെയിനിലെ സൂര്യ എന്ന മാളികയിലാണ്.

ദിലീപിന്റെ 'ദേ പുട്ട്'പോലുള്ള ഒരു സെലിബ്രിറ്റി ഹോട്ടൽ ആണ് ഇന്ന് സൂര്യയും. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദർശകരാണ്. ചില ദിവസങ്ങളിൽ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലിൽ നിന്നാണ് എത്തിച്ചിരുന്നത്. ദിലീപ് അറസ്റ്റിലായപ്പോഴും വലകൈയായി ശരത് ഒപ്പമുണ്ടായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ബാലചന്ദ്രകുമാർ നൽകിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണോയെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ 'വിഐപി' ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ് എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇയാളെ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയിൽ ശരത്തും പങ്കാളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കേസിൽ ആറാം പ്രതിയാണ് ആലുവയിലെ വ്യവസായിയായ ശരത്.

ശബ്ദ സാംപിൾ പരിശോധിച്ചാണ് ശരത്താണ് ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയത്. അന്വേഷണം തന്നിലേക്കു നീളുന്നതു തിരിച്ചറിഞ്ഞ ശരത് മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയിരുന്നു. പിന്നീട് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.