- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശപ്പിന്റെ വിലയറിഞ്ഞ നാളുകളായിരുന്നു...ജോലി അന്വേഷിച്ച് തളർന്ന് വരുന്ന എന്റെ മുന്നിലിരുന്ന് സഹമുറിയനായ മലയാളി മൂക്കുമുട്ടെ ആഹാരം കഴിക്കുന്നതുകൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്; നാട്ടിൽ കടം കയറി വിസിറ്റിങ് വിസയിൽ വിമാനം കയറുമ്പോൾ കൂട്ടുണ്ടായിരുന്നത് അദ്ധ്വാനിക്കാനുള്ള മനസ് മാത്രം; ജയപരാജയങ്ങളിൽ തളരാതെ വീഴാതെ ഇത്രയും കാലം; ദുബായിൽ തൊഴിലാളികൾക്കായി കോടികൾ മുടക്കി പള്ളി പണിതതോടെ യുഎഇ മാധ്യമങ്ങൾ വാഴ്ത്തുന്ന കായംകുളംകാരൻ സജി ചെറിയാന്റെ കഥ ഇങ്ങനെ
ദുബായ്: കടന്ന് വന്ന വഴികളിലെ പ്രതിസന്ധികൾ മറികടന്ന് വിജയപഥത്തിലെത്തിയ കഥയാണ് കായംകുളം സ്വദേശി സജി ചെറിയാന് പറയാനുള്ളത്. ഏതാനും ദിവസങ്ങളായി മുസ്ലിം സഹോദരങ്ങൾക്ക് പള്ളി നിർമ്മിച്ച്് കൊടുത്ത സംഭവത്തിൽ യു.എ.ഇ യിലെ മാധ്യമങ്ങൾ വാനോളം പുകഴ്‌ത്തുകയാണ് കായംകുളം പത്തിയൂർ തലവേലിൽ സജി ചെറിയാൻ എന്ന പ്രവാസി വ്യവസായിയെ.1.3 മില്ല്യൺ ദിർഹം മുടക്കി നിർമ്മിച്ച പള്ളി ഉടൻ തന്നെ വിശ്വാസികൾക്ക് തുറന്നു കൊടുക്കും. ക്രിസ്തീയ വിശ്വാസിയായ ഇദ്ദേഹം കാണിച്ച സദ്പ്രവൃത്തി എത്ര അഭിനന്ദിച്ചാലും മതി വരികയില്ല. ഏറെ കഷ്ടപ്പാടുകളിലൂടെ സഞ്ചരിച്ച് ഒടുവിൽ വിജയത്തിലെത്തിച്ച കരുണാമയനായ ദൈവത്തോടുള്ള ആദരസൂചകമായിട്ടും സഹ ജീവികളോടുള്ള സ്നേഹം മൂലവുമാണ് ഇത്തരത്തിൽ പള്ളി നിർമ്മിച്ചു നൽകാൻ സജി ചെറിയാൻ മുന്നോട്ട് വന്നത്. ഓർമകളിൽ ആ ദുരിതകാലം 2003 ലാണ് സജി ചെറിയാൻ ദുബായിലെത്തുന്നത്.ഐടിഐ ഇലക്ട്രീഷ്യൻ ട്രേഡ് പഠിച്ച ശേഷം ഇലക്ട്രീഷ്യനായി ജോലി നോക്കവേയാണ് റെസ്‌റ്റോറന്റ് നടത്തിപ്പിലേക്ക് മാറുന്നത്. ദുബായിലേക്ക് വിമാനം കയറും വരെ കായംകുളം സർക്കാർ ആ
ദുബായ്: കടന്ന് വന്ന വഴികളിലെ പ്രതിസന്ധികൾ മറികടന്ന് വിജയപഥത്തിലെത്തിയ കഥയാണ് കായംകുളം സ്വദേശി സജി ചെറിയാന് പറയാനുള്ളത്. ഏതാനും ദിവസങ്ങളായി മുസ്ലിം സഹോദരങ്ങൾക്ക് പള്ളി നിർമ്മിച്ച്് കൊടുത്ത സംഭവത്തിൽ യു.എ.ഇ യിലെ മാധ്യമങ്ങൾ വാനോളം പുകഴ്‌ത്തുകയാണ് കായംകുളം പത്തിയൂർ തലവേലിൽ സജി ചെറിയാൻ എന്ന പ്രവാസി വ്യവസായിയെ.1.3 മില്ല്യൺ ദിർഹം മുടക്കി നിർമ്മിച്ച പള്ളി ഉടൻ തന്നെ വിശ്വാസികൾക്ക് തുറന്നു കൊടുക്കും. ക്രിസ്തീയ വിശ്വാസിയായ ഇദ്ദേഹം കാണിച്ച സദ്പ്രവൃത്തി എത്ര അഭിനന്ദിച്ചാലും മതി വരികയില്ല. ഏറെ കഷ്ടപ്പാടുകളിലൂടെ സഞ്ചരിച്ച് ഒടുവിൽ വിജയത്തിലെത്തിച്ച കരുണാമയനായ ദൈവത്തോടുള്ള ആദരസൂചകമായിട്ടും സഹ ജീവികളോടുള്ള സ്നേഹം മൂലവുമാണ് ഇത്തരത്തിൽ പള്ളി നിർമ്മിച്ചു നൽകാൻ സജി ചെറിയാൻ മുന്നോട്ട് വന്നത്.
ഓർമകളിൽ ആ ദുരിതകാലം
2003 ലാണ് സജി ചെറിയാൻ ദുബായിലെത്തുന്നത്.ഐടിഐ ഇലക്ട്രീഷ്യൻ ട്രേഡ് പഠിച്ച ശേഷം ഇലക്ട്രീഷ്യനായി ജോലി നോക്കവേയാണ് റെസ്‌റ്റോറന്റ് നടത്തിപ്പിലേക്ക് മാറുന്നത്. ദുബായിലേക്ക് വിമാനം കയറും വരെ കായംകുളം സർക്കാർ ആശുപത്രിക്കടുത്ത് കലവറ എന്ന റെസ്റ്റൊറന്റ് നടത്തുകയായിരുന്നു. ബിസിനസ്സ് മോശമായതോടെ കൈയിലുണ്ടായിരുന്ന സമ്പാദ്യവും ഇരുപത് ലക്ഷം വായ്പയും എടുത്ത് കായംകുളത്ത് തന്നെ ഹൈവേ അരികിലെ സ്ഥലത്ത് കെട്ടിടം പണിത് മറ്റൊരു ബിസിനസ്സ് ആരംഭിക്കാൻ പ്ലാനിട്ടു. അങ്ങനെ കെട്ടിടം പണി ആരംഭിച്ചു. സമ്പാദ്യം ഉൾപ്പെടെ ആകെ മുപ്പത്തിഅഞ്ച് ലക്ഷം രൂപയുണ്ടായിരുന്നു. ഇത് വച്ച് മുഴുവൻ നിർമ്മാണവും പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മ വിശ്വാസമുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ നിർമ്മാണം പൂർത്തിയാകും മുൻപ് പണം മുഴുവൻ തീർന്നു. ഉണ്ടായിരുന്ന പണവും ഈ കെട്ടിടം പണിയിൽ ചെലവാക്കി. കൂടാതെ ലോണെടുത്ത തുകയും.
പണം തിരിച്ചടക്കാൻ ബാങ്കുകൾ സമ്മർദ്ദം ചെലുത്തിയതോടെ എങ്ങനെയും വിദേശത്തേക്ക് കടക്കണമെന്ന് സജി ചെറിയാൻ തീരുമാനിച്ചു. മുൻപ് റെസ്റ്റൊറന്റിൽ വച്ച് പരിചയപ്പെട്ട എൽമെക്സ് ഗ്രൂപ്പ് ഗോപാലകൃഷ്ണൻ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് പറഞ്ഞ് വിസിറ്റിങ് കാർഡ് നൽകിയിരുന്നു. അതിലെ നമ്പരിൽ വിളിച്ച് തന്റെ നാട്ടിലെ പ്രശ്നങ്ങൾ അറിയിക്കുകയും ദുബായിലേക്ക് ഒരു വിസിറ്റിങ് വിസ തരപ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ടു. ഗോപാലകൃഷ്ണന്റെ നിർദ്ദേശ പ്രകാരം പാസ്പോർട്ടിന്റെ കോപ്പിയും ഫോട്ടോയും അയച്ചു കൊടുത്തു. ഏതാനും ദിവസങ്ങൾക്കിടയിൽ തന്നെ വിസ എത്തി. റെസ്റ്റൊറന്റിൽ തന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുമായി മുബൈയിൽ ജോലിക്ക് പോവുകയാണ് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും തിരിച്ചു.
വിശപ്പിന്റെ വില അറിഞ്ഞ നാളുകൾ
മുംബൈയിൽ എത്തി സുഹൃത്തുക്കൾക്ക് ജോലി സംഘടിപ്പിച്ച് നൽകിയശേഷം ദുബായിലേക്ക് ഫ്ളൈറ്റ് കേറി. ദുബായിൽ ഇറങ്ങിയ സജി ചെറിയാൻ വിമാനത്താവളം കണ്ട് അന്തം വിട്ടു നിന്നു. പരിചയമുള്ള ആരും ദുബായിൽ ഇല്ല. എൽമെക്സ് ഗോപാലകൃഷ്ണനെ വീണ്ടും വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടെന്ന കരുതി ആ വഴി നോക്കിയില്ല. അങ്ങനെ വിമാനത്താവളത്തിന് പുറത്തിറങ്ങി അലഞ്ഞു തിരിഞ്ഞു. കൈയിൽ ആകെ പതിനായിരം ഇന്ത്യൻ രൂപ മാത്രമേയുള്ളൂ. അത് ദിർഹം ആയി മാറ്റി എടുത്തു. രണ്ടുപേർ തമ്മിലുള്ള സംസാരത്തിൽ നിന്നും ഫുജൈറ എന്ന സ്ഥലത്തെ പറ്റി അറിഞ്ഞു. അങ്ങനെ ഒരു ബസിൽ കയറി ഫുജൈറയിൽ എത്തി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോൾ ഒരു മലയാളിയെ കണ്ടുമുട്ടി. ഒരു താമസ സ്ഥലം നോക്കി നടക്കുകയാണ് സഹായിക്കണമെന്ന് പറഞ്ഞു. അയാളുടെ സഹായത്തോടെ മാസം നൂറ് ദിർഹം വാടകയിൽ ഒരു മുറി കണ്ടെത്തി. അവിടെ മറ്റൊരു മലയാളിക്കൊപ്പം താമസം തുടങ്ങി. ജോലി അന്വേഷിച്ചു പോകുന്നതല്ലാതെ ഒന്നും ശരിയായില്ല. അതിനെ പറ്റി സജി ചെറിയാൻ പറയുന്നതിങ്ങനെ. ' സത്യം പറഞ്ഞാൽ വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വിലയറിഞ്ഞ നാളുകളായിരുന്നു അവിടെ. ഒപ്പമുണ്ടായിരുന്ന ആൾ ഒരു മദ്യപാനിയായിരുന്നു. ജോലി അന്വേഷിച്ച് തളർന്ന് വരുന്ന എന്റെ മുന്നിലിരുന്നു അയാൾ മൂക്കുമുട്ടെ ആഹാരം കഴിക്കുന്നതുകൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്. അതിൽ നിന്ന് ഒരു പങ്ക് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്.'
പടവുകൾ കയറുമ്പോൾ
മൂന്ന് മാസം പിന്നിട്ടിട്ടും ജോലി ശരിയാകാതിരുന്നതോടെ തിരികെ നാട്ടിലെത്തി. വീണ്ടും അവിടേക്ക് തന്നെ പോകാനുള്ള ശ്രമമായി. പതിനയ്യായിരം രൂപ നൽകി വിസ എടുത്തു. അങ്ങനെ ഫുജൈറയിൽ വീണ്ടുമെത്തി. ഒരു അറബിയെ കണ്ട് വിസയ്ക്കായി ശ്രമിച്ചു. അയാൾ കൺസ്ട്രക്ഷൻ കമ്പനിക്കായുള്ള വിസ നൽകി. അങ്ങനെ ആദ്യമായി രണ്ട് പേരെ ജോലിക്ക് നിർത്തി ചെറിയ വർക്കുകൾ ചെയ്യാൻ തുടങ്ങി. മൂന്ന് വർഷം കൊണ്ട് രണ്ട് ജോലിക്കാരുമായി തുടങ്ങിയ സ്ഥാപനം 140 പേരുള്ള കമ്പനിയായി വളർന്നു. വലിയ വർക്കുകൾ കിട്ടി വലിയ കുഴപ്പമില്ലാതെ പോകുകയായിരുന്നു. അപ്പോഴാണ് സ്പോൺസർ കമ്പനി അക്കൗണ്ടിൽ 3 മില്ല്യൺ ദിർഹം കിടക്കുന്നത് അറിയുന്നത്. സജിയോട് തനിക്ക് വളരെ അത്യാവശ്യമായി 2 മില്ല്യൺ ദിർഹം വേണമെന്നും ഒരാൾ തന്റെ കൈയാൽ കൊല്ലപ്പെട്ടുവെന്നും പണം നൽകിയില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നും പറഞ്ഞു. തന്റെ കൈയിൽ അത്രയും പണമില്ലെന്നും പലരും നിർമ്മാണപ്രവർത്തകൾക്കായി തന്നിരിക്കുന്ന താണ് അക്കൗണ്ടിലുള്ളത് അത് തന്നാൽ കമ്പനിക്ക് മുന്നോട്ട് പോകാനാവില്ല എന്നും അറിയിച്ചു. മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കി പറയാമെന്ന് അറിയിച്ചിട്ട് സജി ചെറിയാൻ തന്റെ മറ്റൊരു സ്ഥാപനത്തിന്റെ സ്പോൺസറുമായി ഇക്കാര്യം സംസാരിച്ചു. ആദ്യ സ്പോൺസർക്ക് എന്തെങ്കിലും കേസ് ഉണ്ടോ എന്ന് അയാൾ വഴി അന്വേഷിച്ചപ്പോൾ ഇല്ല എന്ന് ബോധ്യമായി. അങ്ങനെ പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ കമ്പനി തന്റെയാണെന്നും വേഗം ഒഴിഞ്ഞു പോകണമെന്നും അറിയിച്ചു. അത് ഒടുവിൽ പൊലീസ് സ്റ്റേഷനിൽ വച്ച് ഒത്ത് തീർപ്പാക്കി. കമ്പനി തിരിച്ചയാൾക്ക് നൽകി. സജിയുടെ ഷെയർ മാസം അൻപതിനായിരം വച്ച് മാസങ്ങൾക്കകം തന്ന് തീർക്കാമെന്നുറപ്പിലാണ് ഒത്തു തീർപ്പിലാക്കിയത്. എന്നാൽ ഇതു വരെയും അയാൾ നൽകിയ ചെക്ക് മാറിയെടുക്കാൻ പറ്റിയിട്ടില്ല. അത് സംബന്ധിച്ച് കേസ് നടന്നു വരികയാണ്.
കൺസ്ട്രക്ഷൻ കമ്പനി നടത്തുമ്പോൾ തന്നെ ഒരു ബിൽഡിങ്ങ് മെറ്റീരിയൽസ് ബിസിനസ്സ് സ്ഥാപനത്തിൽ ഷെയർ നൽകിയിട്ടുണ്ടായിരുന്നു. പിന്നെ അവിടെ മാത്രമായി ശ്രദ്ധ. മറ്റു രണ്ട് സുഹൃത്തുക്കളും സ്പോൺസറും ചേർന്നുള്ള ബിസിനസ്സായിരുന്നു ഇത്. കുറച്ചു നാളായപ്പോഴേക്കും സുഹൃത്തുക്കൾ ഇവിടെക്ക് വരാതാകുകയും അവർ നൽകിയ ഷെയർ തിരികെ വാങ്ങിക്കുകയും ചെയ്തു. പിന്നീട് സ്പോൺസറും ഇവിടേക്ക് തിരിഞ്ഞു നോക്കാതെ ആയപ്പോഴേക്കും അയാൾക്കും പണം നൽകി സ്ഥാപനത്തിന്റെ മുഴുവൻ ചുമതലയും സജി ഏറ്റെടുക്കുകയായിരുന്നു. ബിസിനസ്സ് നല്ല രീതിയിൽ പോകുകയായിരുന്നു. പണം ക്രയവിക്രയം നടത്തുന്നതിനിടയിൽ തിരികെ കിട്ടാനുള്ള പണത്തിന്റെ കാര്യങ്ങൾ മറന്നുപോയി. അങ്ങനെ 2013ൽ 16 മില്ല്യൺ ദിർഹം കടത്തിലേക്ക് കൂപ്പു കുത്തി.
പണം കൊടുക്കാനുള്ളവരെ നേരിൽ കണ്ട് വീണ്ടും അവധി വാങ്ങി.അങ്ങനെയിരിക്കുമ്പോഴാണ് ഒരു അറബി കുറച്ച് സ്ഥലമുണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിക്കുന്നത്. കടത്തിൽ മുങ്ങി നിന്നിട്ടും മനസ്സ് സജിയോട് പറഞ്ഞു ഏറ്റെടുക്ക് എന്തെങ്കിലും ചെയ്യ് എന്ന്. അങ്ങനെ അവിടെ നൂറ് മുറികളുള്ള ലേബർ ക്യാമ്പിന്റെ നിർമ്മാണം നടത്തി. സാധമ സാമഗ്രികളൊക്കെ കടം വാങ്ങിയായിരുന്നു നിർമ്മാണം. ഏതോ ഭാഗ്യത്തിന് ഒരു കമ്പനി വേഗം തന്നെ എത്തി നൂറു മുറികളും എടുത്തു. ആ ബിസിനസ്സിൽ ഒന്നിച്ച് 1.1 മില്ല്യൺ ദിർഹം ഒന്നിച്ചു കിട്ടി. അതിൽ നിന്നും കുറേശ്ശേ എടുത്ത് കടങ്ങൾ വീട്ടി. അപ്പോഴാണ് ഒരു അറബി അയാളുടെ ട്രെയിലർ വിൽക്കുവാനുണ്ടെന്ന് പറയുന്നത്. ഒന്നിച്ച് നൽകാൻ പണമില്ലെന്നും കുറേശ്ശേ തന്ന് തീർക്കാം എന്ന വ്യവസ്ഥയിൽ അത് സ്വന്തമാക്കി. പിന്നീട് മൂന്നെണ്ണം കൂടി ഇതേ വ്യവസ്ഥയിൽ മറ്റൊരാളുടെ പക്കൽ നിന്നും വാങ്ങി. ഇപ്പോൾ 98 വാഹനങ്ങളുടെ ഉടമയായി മാറി സജി ചെറിയാൻ. നൂറ് റൂമുകളുള്ള ലേബർ ക്യാമ്പ് ഇപ്പോൾ 800 മുറികളായി മാറി. ഇവിടെ താമസിക്കുന്ന തൊഴിലാളികൾക്കായി സൂപ്പർ മാർക്കറ്റുകളും മറ്റത്യാവശ്യക്കാര്യങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. ഇവിടെ താമസിക്കുന്ന തൊഴിലാളികൾക്കായാണ് സജി ചെറിയാൻ പള്ളി പണിത് നൽകിയത്.
കഠിനാദ്ധ്വാനത്തെ പകരം വയ്ക്കാൻ എന്തുണ്ട്?
സജി ചെറിയാന്റെ ഭാര്യ എൽസി സജി ടീച്ചറായിരുന്നു. ഇപ്പോൾ സജിക്കൊപ്പം ബിസിനസ്സിലേക്ക് വന്നു. കമ്പനി അക്കൗണ്ട്സ് ഭാര്യയുടെ കൈകളിലാണ്. രണ്ട് ആൺ മക്കളാണ് ഇവർക്ക്. സച്ചിൻ സജി ചെറിയാൻ, എൽവിൻ സജി ചെറിയാൻ. സച്ചിൻ ബി.ബി.എ പഠിക്കുന്നു. എൽവിൻ ദുബായിൽ പ്ലസ്ടു കഴിഞ്ഞു നാട്ടിൽ ബികോമിന് ചേരാൻ തയ്യാറെടുക്കുന്നു. അഞ്ച് വർഷം മുൻപ് ഫുജൈറയിൽ തന്നെ ഒരു ക്രിസ്ത്യൻ പള്ളിയും നിർമ്മിച്ചു നൽകിയിരുന്നു.
ഇത്രയൊക്കെ ചെയത്ിട്ടും സ്വന്തം വീടിന്റെ നിർമ്മാണം ആറു വർഷമായിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല സജി ചെറിയാന്. പരസ്പരം ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ കലഹിക്കാതെ മനുഷ്യർ അന്യോന്യം സ്നേഹത്തോടെ ജീവിക്കണമെന്നാണ് സജി ചെറിയാൻ പറയുന്നത്. കൂടാതെ യുവാക്കൾക്കായി അദ്ദഹത്തിന് പറയാൻ ഒന്നുമാത്രം. 'ഒരു ബിസിനസ്സ് തുടങ്ങാൻ കോടികളൊന്നും വേണ്ട, പതിനായിരം രൂപ കൊണ്ടു വേണമെങ്കിലും തുടങ്ങാം. അതിന് ഞാൻ തന്നെയാണ് ഉദാഹരണം. രൂപ മുടക്കുക മാത്രമല്ല കഠിനാധ്വാനം ചെയ്യാനും കൂടി തയ്യാറാവണം, അദ്ദേഹം പറഞ്ഞുനിർത്തി.