തിരുവനന്തപുരം: ദേശീയ ഗെയിംസ് കഴിഞ്ഞെങ്കിലും അഴിമതി വിവാദങ്ങൾ കുറയുന്നില്ല. നടത്തിപ്പിലെ പാളിച്ചയ്ക്കും ഗെയിംസ് സ്റ്റേഡിയ നിർമ്മാണത്തിലെ അഴിമതിക്കും പിന്നാലെ മറ്റൊരു വിവാദവും കൂടി. വൻ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് മേനംകുളം ഗെയിംസ് വില്ലേജിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന വസ്തുക്കൾ മോഷണം പോയി. കപ്പലിനുള്ളിൽ തന്നെ കള്ളനുണ്ടെന്നാണ് സൂചന.

പ്രാഥമിക കണക്കെടുപ്പിൽ 32 ഇഞ്ചിന്റെ എൽ.ഇ.ഡി.ടി വി അടക്കം കായികതാരങ്ങളും കോച്ചുമാരും ഉപയോഗിച്ച വിലകൂടിയ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് സൂചന. കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ മോഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്താകും . ബെഡ് ഷീറ്റ്, പാത്രങ്ങൾ, മുറികളിൽ ഉപയോഗിച്ചിരുന്ന ഷെൽഫുകൾ, ബൾബുകൾ, ടാപ്പുകൾ എന്നിവ മോഷണം പോയ സാധനങ്ങളിൽപ്പെടും.

ദേശീയഗെയിംസ് തുടങ്ങിയ കഴിഞ്ഞ മാസം 31 മുതൽ കേന്ദ്രസേനയടക്കം നൂറുക്കിന് സേനാംഗങ്ങളാണ് വില്ലേജിന്റെ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. ഗെയിംസ് കഴിഞ്ഞ് രണ്ടുദിസം കൂടി ഇവർ ഇവിടെയുണ്ടായിരുന്നു. അതിന് ശേഷം കേരളാ പൊലീസിനായി സുരക്ഷാ ചുമതല. എന്നിട്ടും സാധനങ്ങൾ മോഷണം പോയി. ഗെയിംസ് കഴിഞ്ഞതിന്റെ പിറ്റേദിവസം ബെഡ്ഷീറ്റുകൾ മോഷ്ടിച്ച് പുറത്തുകടത്താൻ ശ്രമിക്കവെ ഇവിടെയുള്ള ചില ഉദ്യാഗസ്ഥർ പിടിക്കപ്പെട്ടെങ്കിലും ഒതുക്കി തീർത്തുവെന്നാരോപണമുണ്ട്.

നേരത്തെ ഗെയിംസ് വില്ലേജിന്റെ നിർമ്മാണ വേളയിൽ ബാത്ത് റൂം ഫിറ്റിങ്‌സ് ഉൾപ്പെടുന്ന സാധനങ്ങൾ മോഷണം പോയിരുന്നു. ഇതിന്റെ പ്രതികളെ കണ്ടെത്താനായിട്ടില്ല. ഗെയിംസ് സെക്രട്ടറിയേറ്റിലെ ഉന്നതരുടെ ഒത്താശ മോഷണത്തനുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് ഗെയിംസിന് ശേഷവും കളവിനുള്ള പഴുതുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഇപ്പോൾ മോഷണം പോയത്. അതുകൊണ്ട് തന്നെ ഗൗരവത്തോടെ കാണണമെന്ന അഭിപ്രായവും സജീവമാണ്.