ഇടുക്കി: ജില്ലാ പൊലിസ് മേധാവിയുടെ ഓഫീസും നിരവധി പൊലിസ് ഓഫീസുകളും സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിൽ പെരുകിവരുന്ന മോഷണത്തെ പ്രതിരോധിക്കാനാകാതെ ഉദ്യോഗസ്ഥരും ജനങ്ങളും വിഷമവൃത്തത്തിൽ.

ബൈക്കുകൾ മുതൽ സിഗരരറ്റ് പായ്ക്കറ്റുകൾ വരെ കിട്ടുന്നതെന്തും മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാരാണ് ഇവിടെ നാട്ടുകാരുടെ സ്വൈര്യം കെടുത്തുന്നത്. മോഷ്ടാക്കളെ പിടികൂടിയിട്ടും പ്രായപൂർത്തിയാകാത്തതിനാൽ വിട്ടയയ്‌ക്കേണ്ടി വരുന്ന നിസഹായവസ്ഥയിൽ കുട്ടിക്കള്ളന്മാരുടെ ഫ്‌ളെക്‌സ് ബോർഡുകൾ ടൗണുകളിലും സമീപമേഖലകളിലും സ്ഥാപിച്ച് മുന്നറിയിപ്പ് നൽകി ജനങ്ങളുടെ പ്രതിരോധ നിര തീർക്കാനുള്ള ശ്രമത്തിലാണ് ഒരുപറ്റം വ്യാപാരികൾ. രക്ഷിതാക്കളാകട്ടെ, കൊള്ളക്കാരായി വളരുന്ന മക്കളെ വരുതിയിലാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് അടിക്കടി പൊലിസ് സ്റ്റേഷനിൽ കയറിയിറങ്ങി നിരാശയിലും.

ജീവിതം അടിച്ചുപൊളിക്കാൻ പത്തോളം വരുന്ന കുട്ടിക്കള്ളന്മാർ രണ്ടര മാസത്തിനിടെ നടത്തിയത് ഇരുപതോളം മോഷണങ്ങളാണ്. പരാതി പൊലിസിൽ എത്തിയതിന്റെയും പിടിക്കപ്പെട്ട മോഷ്ടാക്കളുടെയും കണക്കു മാത്രമാണിത്. കുടുംബശ്രീ വഴി വിതരണം ചെയ്തു വീടുകളിൽ സൂക്ഷിക്കുന്ന സമ്പാദ്യപ്പെട്ടികളും പച്ചക്കുരുമുളകും മറ്റു കാർഷിക വിളകളും മോഷ്ടിക്കപ്പെട്ടതു പലതും പരാതിയായി പൊലിസിൽ എത്താത്തതിനാൽ യാഥാർത്ഥ കണക്കെടുത്താൽ മോഷ്ടാക്കളായി വിലസുന്ന കൗമാരക്കാരുടെ എണ്ണമേറും.

ഇടുക്കി പൊലിസ് സ്റ്റേഷൻ കവാടത്തിന്റെ തൊട്ടുമുമ്പിലെ പലവ്യഞ്ജനക്കട ഉടമയുടെ പക്കൽനിന്നും കളഞ്ഞുപോയ താക്കോൽ ഉപയോഗിച്ച്, രാത്രിയിൽ ഷട്ടർ തുറന്ന് കൂളായി പണവും മറ്റു വസ്തുക്കളും മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിൽ കൗമാരതസ്‌കര സംഘം ചെയ്തത്. സമീപത്തുതന്നെ ഒരു ബേക്കറിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെ, ലഭിച്ച തെളിവുകൾ പലവ്യഞ്ജനക്കടയിലെ മോഷണത്തിനും തുമ്പുണ്ടാക്കി.

ചെറുതോണി ടൗൺ, ഇടുക്കി, മണിയാറൻകുടി, പൈനാവ്, തടിയമ്പാട് മേഖലകളിലാണ് വ്യാപകമായ മോഷണം. ഏഴു ബൈക്കുകളാണ് ഇതിനകം അപഹരിക്കപ്പെട്ടത്. ഇതിൽ മൂന്നെണ്ണം കുട്ടിക്കള്ളന്മാരെ കസ്റ്റഡിയിലെടുത്ത് പൊലിസ് തിരിച്ചുപിടിച്ചു. ബാക്കി നാലെണ്ണം ഇനിയും കണ്ടെടുക്കാനായില്ല. തമിഴ്‌നാട്ടിലെത്തിച്ച് വിറ്റ ബൈക്കുകളെക്കുറിച്ചാണ് വിവരമില്ലാത്തത്. കഴിഞ്ഞ ദിവസം ചെറുതോണി ടൗണിൽനിന്നും ബൈക്ക് മോഷ്ടിച്ച കൗമാരക്കാർ അതുമായി കട്ടപ്പനയിലെത്തി മറ്റൊരു ബൈക്കും മോഷണം നടത്തി.

രണ്ടു ബൈക്കുകളുമായി പോകുന്നതിനിടെ പിടിയിലായതിനാൽ തൊണ്ടി മുതൽ ഉടമസ്ഥർക്ക് തിരിച്ചുകിട്ടി. ചെറുതോണിയിൽ പാർക്ക് ചെയ്ത കാർ കുത്തിപ്പൊളിച്ചു മോഷണത്തിന് ശ്രമിക്കുന്നതിനിടെ നാട്ടുകാർ കണ്ടതിനാൽ ശ്രമം ഉപേക്ഷിച്ച് രക്ഷപെട്ടു. ചെറുതോണി ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലുമാണ് കൂടുതൽ മോഷണങ്ങൾ നടന്നത്. പണം, മൊബൈൽ ഫോണുകൾ, ബേക്കറി-സ്‌റ്റേഷനറി സാധനങ്ങൾ തുടങ്ങിയവയും കുരുമുളക്, ഏലക്കാ, ജാതിക്കാ മുതലായ കാർഷികോൽപന്നങ്ങളും ആട്, കോഴി മുതലായവും സ്ഥിരമായി മോഷ്ടിക്കപ്പെടുന്നുണ്ട്.

രണ്ടും മൂന്നും പേർ വീതമുള്ള സംഘങ്ങളായി തിരിഞ്ഞാണ് കുട്ടിക്കള്ളന്മാർ മോഷണത്തിനു പോകുന്നത്. പ്രായപൂർത്തിയാകാത്തതിനാൽ നിയമപരിരക്ഷ ലഭിക്കുമെന്നും പൊലിസ് മൂന്നാം മുറ പ്രയോഗിക്കില്ലെന്നുമുള്ള ഉറപ്പിലാണ് വീണ്ടും മോഷണം തുടരാൻ കുട്ടിക്കുറ്റവാളികളെ പ്രേരിപ്പിക്കുന്നത്. പ്രായപൂർത്തിയാകാത്തവരെ വിലങ്ങണിയിക്കുമ്പോഴുണ്ടാകുന്ന തലവേദനകൾ ഭയന്ന് കേസുകൾ പറഞ്ഞു തീർത്തു താക്കീതും നൽകി മോഷ്ടാക്കളെ വിട്ടയയ്ക്കാൻ പൊലിസും നിർബന്ധിതരാകുന്നു.

കഴിഞ്ഞ ദിവസത്തെ രണ്ടു മോഷണങ്ങളുമായി ബന്ധപ്പെട്ടു ചുരുളിപ്പതാൽ കല്ലുമാരിക്കൽ കണ്ണൻ എന്ന 20-കാരനെയും കൗമാരക്കാരായ അഞ്ചുപേരെയുമാണ് പൊലിസ് പിടികൂടിയത്. ഒരാളെ ഇനിയും പിടികൂടാനുണ്ട്. പിടിയിലായ കൗമാരക്കാരെ സ്റ്റേഷൻ നടപടികൾ പൂർത്തീകരിച്ച് കൂട്ടിക്കൊണ്ടുപോകാൻ അമ്മമാർ മാത്രമാണ് എത്തിയത്. അപമാനഭാരത്താൽ കുട്ടികളുടെ അച്ഛന്മാർ സ്റ്റേഷനിലെത്താറില്ലെന്നു പൊലിസ് പറഞ്ഞു. മോഷ്ടാക്കളെ ഭയന്ന് ചെറുതോണിയിൽ വ്യാപാരികൾ ഗൂർഖയെ നിയമിച്ചിരുന്നു.

എന്നിട്ടും കൗമാരക്കാരുടെ വിളയാട്ടം കുറയാതെ വന്ന സാഹചര്യത്തിലാണ് ഇവരുടെ ചിത്രങ്ങളും പേരുമടങ്ങിയ ഫ്‌ളെക്‌സുകൾ സ്ഥാപിക്കാൻ ആലോചിക്കുന്നത്.