- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളന്മാരുടെ സ്വന്തം കരിപ്പൂർ! മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയാത്തത് എന്തേ? വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും മാഫിയയ്ക്ക് ഒപ്പം; കോഴിക്കോട് എയർപോർട്ടിൽ മോഷണം തുടർക്കഥ
മലപ്പുറം: മോഷ്ടാക്കളുടെ താവളമാണോ കോഴിക്കോട് കരിപ്പൂർ വിമാനത്താവളമെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. ദിവസങ്ങൾക്ക് മുമ്പ് അവധിക്കായി നാട്ടിലേക്കെത്തിയ പ്രവാസിക്ക് വിമാനത്താവളത്തിൽ നിന്നും നഷ്ടപ്പെട്ടമായത് ഒരു കോടി രൂപയോളം വിലമതിക്കുന്ന ലഗേജായിരുന്നു. വർഷങ്ങൾ തുടർന്ന പ്രവാസ ജീവിതത്തിന് ശേഷം സ്വന്തം നാട്ട
മലപ്പുറം: മോഷ്ടാക്കളുടെ താവളമാണോ കോഴിക്കോട് കരിപ്പൂർ വിമാനത്താവളമെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. ദിവസങ്ങൾക്ക് മുമ്പ് അവധിക്കായി നാട്ടിലേക്കെത്തിയ പ്രവാസിക്ക് വിമാനത്താവളത്തിൽ നിന്നും നഷ്ടപ്പെട്ടമായത് ഒരു കോടി രൂപയോളം വിലമതിക്കുന്ന ലഗേജായിരുന്നു. വർഷങ്ങൾ തുടർന്ന പ്രവാസ ജീവിതത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് മാടങ്ങുന്ന ഓരോ പ്രവാസിയും ഭീതിയോടെയാണിപ്പോൾ കരിപ്പൂർ വിമാനത്താവളം മുറിച്ചുകടക്കുന്നത്. സമാനമായ പരാതികൾ സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കരിപ്പൂരിലെ കണക്ക് ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
കിരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ലഗേജ് നഷ്ടമാകൽ തുടർക്കഥയായിരിക്കുകയാണിപ്പോൾ. വർഷങ്ങളുടെ അധ്വാനത്തിൽ നിന്നും സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കുമെല്ലാം വാങ്ങികൊണ്ട് വരുന്നതും മറ്റു പലർക്കും നൽകാൻ ഏൽപ്പിച്ചതുമായ നിരവധി വിലപിടിപ്പുള്ള ബാഗുകളും വസ്തുക്കളുമാണ് ഇവർക്ക് ഇവിടെ വച്ച് നഷ്ടമാകുന്നത്. അഞ്ച് മാസത്തിനിടെ കരിപ്പൂർ പൊലീസ്റ്റേഷനിൽ മാത്രം 14 പരാതികളാണ് ലഗേജ് നഷ്ടപ്പെന്ന് കാണിച്ച് ലഭിച്ചത്. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും തുടർ നടപടികളിൽ പ്രവാസികൾ താൽപര്യം കാണിക്കാത്തത് അന്വേഷണം വഴിമുട്ടുകയാണ് പതിവ്.
വർഷങ്ങൾക്ക് ശേഷം നാട്ടിലേക്കെത്തുന്ന അധികം പ്രവാസികൾക്കും കുറഞ്ഞ ദിവസങ്ങൾ മാത്രമായിരിക്കും അവധി. ഈ ദിവസങ്ങൾ കേസിന്റെ പിന്നാലെ കൂടേണ്ടി വരുമെന്നതാണ് ഇവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ബാഗിന്റെ സൈഡ് പോക്കറ്റിൽ സൂക്ഷിക്കുന്ന മൊബൈൽ ഫോണുകളും മറ്റ് വില പിടിപ്പുള്ള സാധനങ്ങളും നഷ്ടമാകുന്നത് നിത്യ സംഭവമാണ്. ദൂരെ നാടുകളിലുള്ള പലരും ഇത് പരാതിപ്പെടുക പോലുമില്ല. ലഭിച്ച പരാതികളെ തുടർന്ന് കരിപ്പൂർ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സിസി ക്യാമറ ദൃശ്യങ്ങളിലുള്ള പരിശോധനയിൽ മോഷ്ടാക്കളെയോ കൃത്യം നടത്തുന്നതായോ ഇല്ല. യാത്രക്കാരാണ് മോഷ്ടാക്കളെങ്കിൽ കാമറയിൽ നിന്ന് മറയാൻ പറ്റില്ല, ഇത് കാമറ എവിടെയെല്ലാം ഉണ്ടെന്ന് എത്രദൂരം പകർത്താൻ കപ്പാസിറ്റിയുണ്ടെന്നുമെല്ലാം അറിയാവുന്ന എയർപോർട്ട് ജീവനക്കാർ തന്നെയാകാം എന്നതാണ് പൊലീസിന്റെ വിലയിരുത്തൽ.
മോഷ്ടാക്കളുടെ ദൃശ്യം സിസി ടിവിയിൽ പതിയാത്തത് സ്‌ക്രീനിംങ് ഉദ്യോഗസ്ഥരാകാം കൃത്യത്തിനു പിന്നിലെന്ന് ബലപ്പെടുത്തുന്നതാണ്. എയർപോർട്ടിനുള്ളിൽ പലയിടങ്ങളിലും സിസി ക്യാമറകൾ എത്താത്തയിടങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം പുതിയ ക്യാമറകൾ സ്ഥാപിക്കാനും നിലവിലുള്ള മങ്ങിയ ക്യാമറകൾക്കു പകരം കൂടുതൽ പവറുള്ളത് സ്ഥാപിക്കുകയും ചെയ്താൽ മാത്രമെ മോഷ്ടാക്കളെ പിടികൂടാൻ സാധിക്കൂവെന്ന് കരിപ്പൂർ എസ്.ഐ പറഞ്ഞു. വരും ദിവസങ്ങളിൽ മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി ഊർജ്ജിത നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. വിദേശത്തും നാട്ടിലുമുള്ള വിമാനത്താവളങ്ങളിലെ ലാഡർപോയിന്റുകളിൽ മോഷണത്തിനായി അന്താരാഷ്ട്ര മാഫിയകൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നതായി എസ്.ഐ എൻ.വി അലവിക്കുട്ടി മറുനാടൻ മലയാളിയോട് പറഞ്ഞു.
വിദേശ നാടുകളിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസികളുടെ ലഗേജുകൾക്കോ വിലപിടിപ്പുള്ള വസ്തുക്കൾക്കോ യാതൊരു സുരക്ഷയുമില്ലെന്ന് തെളിയിക്കുന്നതാണ് ഓരോ സംഭവങ്ങളും. 95 ലക്ഷം വിലമതിക്കുന്ന ലഗേജ് നഷ്ടപ്പെട്ട മലപ്പുറം കരിങ്കപ്പാറ സ്വദേശി അബ്ദുൽ അസീസാണ് മോഷണത്തിന് ഇരയായ ഒടുവിലത്തെയാൾ. സ്വർണ്ണാഭരണങ്ങളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും വിലപിടിപ്പുള്ള രേഖകളും അടങ്ങുന്ന ലഗേജായിരുന്നു വിമാനത്താവളത്തിൽ നിന്നും അസീസിന് നഷ്ടമായത്.
കഴിഞ്ഞമാസം 20ന് ദോഹയിൽ നിന്നും ദുബായ് വഴി കോഴിക്കോട്ടേക്ക് എമിറേറ്റ്‌സ് വിമാനത്തിലായിരുന്നു അസീസ് യാത്ര പുറപ്പെട്ടത്. ദോഹ എയർപോർട്ടിൽ വച്ച് വിമാന ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം യാത്രക്കാർ കയ്യിലുണ്ടായിരുന്ന ചെറു ബാഗുകളും ഏൽപ്പിച്ചു. ദുബായിൽ വച്ച് അസീസിന്റെ കയ്യിലുണ്ടായിരുന്ന ഹാന്റ് ബാഗ് ലഗേജിൽ വെയ്ക്കാൻ എയർ ഹോസ്റ്റസ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ വിസമ്മതിച്ചിരുന്നു. എന്നാൽ കോഴിക്കോട്ട് നിന്നും നഷ്ടപ്പെടാതെ തിരിക ഏൽപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചപ്പോൾ ബാഗ് ഏൽപ്പിക്കുകയായിരുന്നു. എന്നാൽ കരിപ്പൂർ വിമാനത്താവളത്തിലെ സ്‌ക്രീനിംങിനു ശേഷം മുഴുവൻ യാത്രക്കാരും ലഗേജുകൾ കൈപറ്റിയെങ്കിലും അസീസിന്റെ ബാഗ് നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
വിവരം വിമാന കമ്പനിയുടെ കൗണ്ടറിൽ പരാതിപ്പെട്ടപ്പോൾ ലഗേജ് നഷ്ടപ്പെടില്ലെന്നും അടുത്ത ദിവസം വന്നാൽ കൊണ്ടു പോകാമെന്നുമായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ തൊട്ടടുത്ത ദിവസം ബന്ധപ്പെട്ടെങ്കിലും ബാഗ് കണ്ടെത്താനായില്ല. പിന്നീട് എമിറേറ്റ്‌സ് കമ്പനിയിൽ നിന്നും തൃപ്തകരമായ മറുപടി ലഭിച്ചില്ലെന്നും അസീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ബാഗ് നഷ്ടമായിരിക്കുന്നത് എയർപോർട്ടിൽ വച്ച് തന്നെയാകാമെന്ന് അസീസ് ഉറപ്പിച്ച് പറയുന്നു. യാത്രക്കാരുടെ ലഗേജുകളുടെ ഉത്തരവാദിത്തം എമിറേറ്റ്‌സ് കമ്പനി വഹിക്കേണ്ടതാണ് എന്നാൽ അവരും കൈമലർത്തിയതോടെ നഷ്ടപരിഹാരത്തിനായി എമിറേറ്റ്‌സിനെതിരെ മഞ്ചേരി കോടതിയിൽ കേസ് ഫയൽചെയ്ത് നിയമ നടപടിക്കൊരുങ്ങുകയാണ് അബ്ദുൽ അസീസ്. സംഭവം ചൂണ്ടിക്കാട്ടി എയർപോർട്ട് അധികൃതർക്കും പൊലീസിലും പരാതി നൽകിയിട്ടുമുണ്ട്.
ലഗേജ് നഷ്ടമാകലിലൂടെ അബ്ദുൽ അസീസിന് സംഭവിച്ച നഷ്ടങ്ങൾ ഏറെയാണ്. ബിസിനസ് പങ്കാളികൾ വിശ്വസിച്ചേൽപ്പിച്ച ലക്ഷങ്ങളുടെ രേഖകളാണ് അസീസിന്റെ മനസിനെ ഏറെ അലട്ടുന്നത്. 85 ലക്ഷം വിലമതിക്കുന്ന പുതുതായി ആരംഭിക്കാനിരുന്ന ബിസിനസ് സംബന്ധിച്ച രേഖകളും ഏഴ് ലക്ഷത്തോളം രൂപയുടെ നാല് മൊബൈൽ ഫോൺ, രണ്ടര പവൻ സ്വർണാഭരണങ്ങൾ,എ.ടി.എം, കാർഡ്, ചെക്ക് ബൂക്ക്, 12 വാച്ച്, ടാബ്‌ലറ്റ് , വിലപിടിപ്പുള്ള ചോക്ലേറ്റുകൾ,വസ്ത്രങ്ങൾ തുടങ്ങിയ വസ്തുക്കളാണ് ബാഗിലുണ്ടായിരുന്നത്.
ഖത്തറിൽ കഴിഞ്ഞ പതിനേഴ് വർഷമായി ബിസിനസ് നടത്തുന്ന അബ്ദുൽ അസീസിന് ആദ്യത്തെ അനുഭവമാണിത്. ഇത്തരത്തിലുള്ള അനുഭവം ഒരു യാത്രക്കാരനും പ്രവാസിക്കും ഇനി ഉണ്ടാകാൻ പാടില്ല. അതിനായി വിമാന കമ്പനിക്കെതിരിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിച്ച് മുന്നോട്ടു പോകാനാണ് അസീസിന്റെ തീരുമാനം.