തിരുവനന്തപുരം: ദർശനത്തിന് എത്തി മടങ്ങുമ്പോൾ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ശംഖുമായി കടന്ന ഇതര സംസ്ഥാന തീർത്ഥാടകനെ പൊലീസ് പിടികൂടി. ക്ഷേത്രത്തിൽ ദൈനംദിന പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖാണ് മോഷ്ടിക്കപ്പെട്ടത്. മൂന്നര മണിക്കൂർ നേരത്തേ അന്വേഷണത്തിന് ഒടുവിലാണ് ചത്തീസ്ഗഡ് സ്വദേശി പരമാനന്ദ സ്വാമിയെ തമ്പാനൂർ പൊലീസും ക്ഷേത്രത്തിലെ പ്രത്യേക സുരക്ഷാ വിഭാഗവും ചേർന്ന് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയണെന്നും ഉടൻ തന്നെ ഫോർട് പൊലീസിന് കൈമാറുമെന്നും പത്മനാഭസ്വാമി ടെമ്പിൾ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് പോയശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതാണ് പ്രതിയെ പിടികൂടുന്നതിൽ നിർണ്ണായകമായത്. പകൽസമയത്ത് ദർശനത്തിന് എത്തിയ ഒരാൾ ഇത്തരത്തിൽ മോഷണം നടത്തിയത് പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. സഹസ്രകോടികളുടെ നിധിശേഖരമുള്ള ക്ഷേത്രത്തിന് വൻസുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനെ മറികടന്ന് ക്ഷേത്രത്തിലെ ശംഖ് ഭക്തൻ പുറത്തുകടത്തിയത് സുരക്ഷാ പാളിച്ചയാണെന്ന വിമർശനവും ഉയർന്നുകഴിഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരം

രാവിലെ എട്ട് പതിനഞ്ചോടെയാണ് പരമാനന്ദ സ്വാമിയും സഹോദരിയും അവരുടെ ഭർത്താവും ക്ഷേത്രത്തിലേക്ക് തൊഴനെത്തിയത്. പിന്നീട് ക്ഷേത്രം മുഴുവൻകണ്ട് തൊഴുത് മടങ്ങാൻ ആദ്യം പുറത്ത് വന്നത് പരമാനന്ദ സ്വാമിയാണ്. പുറത്ത് ശ്രീകോവിലിന്റെ സമീപത്തായി സഹോദരിയേയും അവരുടെ ഭർത്താവിനേയും കാത്ത് നിൽക്കുമ്പോഴാണ് ശംഖ് കണ്ണിൽപ്പെട്ടത്. ഉടൻ തന്നെ അതിനോട് ഒരു പ്രത്യേക കൗതുകം തോന്നിയ പരമാനന്ദസ്വാമി തക്കം നോക്കി അത് കൈക്കലാക്കുകയായിരുന്നു. പിന്നീട് സഹോദരിയും ഭർത്താവും പുറത്ത് വന്നപ്പോൾ മൂവരും ചേർന്ന് ഓട്ടോറിക്ഷയിൽ കയറിപ്പോവുകയും ചെയ്തു.

പിന്നീട് ക്ഷേത്രത്തിലെ തിരക്കൊഴിഞ്ഞതോടെയാണ് ശംഖ് നഷ്ടമായ വിവരം ക്ഷേത്ര ജീവനക്കാർ അറിയുന്നത്. ഉടൻ തന്നെ ടെമ്പിൾ പൊലീസ് കണ്ട്രോൾ വിഭാഗത്തെ വിവരമറിയിച്ചു. ഉടൻ തന്നെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെയാണ് 8.47ന് പരമാനന്ദസ്വാമി ശംഖുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവർ മൂവരും ചേർന്ന് പുറത്തെത്തി ഓട്ടോറിക്ഷയിൽ കയറി തമ്പാനൂരിലെ ഇവരുടെ താമസ സ്ഥലമായ അരിസ്റ്റോ ഹോട്ടലിലേക്ക് പോവുകയായിരുന്നു.

പരമനന്ദസ്വാമിയും സുഹൃത്തുക്കളും ക്ഷേത്ര നടയിൽ നിന്നും രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ നമ്പർ ട്രെയ്സ് ചെയ്ത പൊലീസ് അതിന്റെ ഡ്രൈവറെ അന്വേഷിച്ച് കണ്ടെത്തി ചോദ്യം ചെയ്തപ്പെഴാണ് തമ്പാനൂരിലെ ഒരു ഹോട്ടലിലേക്കാണ് ഇവരെ കൊണ്ട് വിട്ടതെന്ന് മനസ്സിലാക്കിയത്. ഇതിനിടയിൽ നഷ്ടപ്പെട്ട ശംഖ് തിരികെ കിട്ടുന്നതിനായി നഗരത്തിൽ പൊലീസ് വലിയ തോതിൽ വാഹന പരിശോധന നടത്തുകയും ചെയ്തിരുന്നു. 2 മണിക്കൂറോളം വാഹന പരിശോധന തുടരുന്നതിനിടയിലാണ് ഇവരെ കയറ്റിക്കൊണ്ട് പോയ ഓട്ടോറിക്ഷയുടെ ഡ്രൈവറിൽ നിന്ന് വിവരങ്ങൾ ലഭിച്ചത്.

തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഉടൻ തന്നെ വിവരം കൈമാറുകയും ചെയ്തിരുന്നു. അവിടെ നിന്നും ഹോട്ടൽ റിസപ്ഷനിലേക്ക് പോയി പരമാനന്ദ സ്വാമിയുടെ റൂം നമ്പരും മറ്റും ചോദിച്ച് മനസ്സിലാക്കിയ ശേഷം ഇവർ താമസിച്ച മുറിയിലേക്ക് തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ ഡികെ പൃത്വിരാജ്, എസ്ഐ പ്രകാശ് എന്നിവരുടെ സന്നിധ്യത്തിൽ പരമാനന്ദ സ്വാമിയുടെ ബാഗ് പരിശോധിച്ച് ശംഖ് കണ്ടെടുക്കുകയായിരുന്നു. ക്ഷേത്രത്തിലെത്തി പത്മനാഭനെ തൊഴുത് മടങ്ങുന്നതിനിടയിൽ കൗതുകം തോന്നി എടുത്തതാണെന്നാണ് പരമാനന്ദ സ്വാമി പൊലീസിന് നൽകിയ മൊഴി. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ ഫോർട് പൊലീസിന് കൈമാറും.